തലസ്ഥാന നഗരിയിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. തിരുവനന്തപുരം അമ്പലത്തറയിൽ കഴിഞ്ഞ ദിവസം മാത്രം ഏഴ് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആളുകളെ ആക്രമിച്ച നായ പിന്നീട് ചത്തതോടെ പേവിഷബാധ സംശയത്തിൽ പരിഭ്രാന്തിയിലാണ് നാട്ടുകാർ.
തലസ്ഥാനവാസികളുടെ ഉറക്കം കെടുത്തുകയാണ് തെരുവുനായ്ക്കൾ.
അമ്പലത്തറ പ്രദേശത്താണ് കഴിഞ്ഞ ദിവസം ഭീതി പരത്തി തെരുവുനായയുടെ ആക്രമണമുണ്ടായത്. വഴിയാത്രക്കാരും പ്രദേശവാസികളും അടക്കം 7 പേർക്കാണ് കടിയേറ്റത്.പെയിന്റിങ് തൊഴിലാളികളായ വിജയകുമാർ, പ്രവീൺ എന്നിവർക്കും കടയിൽ ചപ്പാത്തി വാങ്ങാനെത്തിയ നാല് അന്യദേശക്കാർക്കും നായയുടെ കടിയേറ്റു. ആക്രമണത്തിനു പിന്നാലെ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതാണ് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്.
ചത്ത നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, ആദ്യം പരാതിപ്പെട്ടിട്ടും നായയെ പോസ്റ്റ്മോർട്ടം ചെയ്യാതെ കുഴിച്ചിടാൻ ശ്രമിച്ചതായി ആരോപണമുയർന്നു.പിന്നീട് കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജറിനെ പരാതി അറിയിച്ചപ്പോൾ ജഡം പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.



