പ്രവാസി മലയാളികൾക്കും ഉംറ തീർത്ഥാടകർക്കും ആശ്വാസമേകി പ്രമുഖ സൗദി എയർലൈനായ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. നവംബർ മൂന്ന് മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇരുറൂട്ടുകളിലേക്കുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദയിൽ നിന്ന് പുലർച്ചെ 2.20-ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10-ന് കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട്ടുനിന്ന് രാവിലെ 11-ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 2.50-ഓടെ ജിദ്ദയിൽ എത്തിച്ചേരും. 186 സീറ്റുകളുള്ള എയർബസ് A320 വിമാനമാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്.
യാത്രക്കാർക്ക് 30 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും ഏഴ് കിലോഗ്രാം ഹാൻഡ് ബാഗേജും കൊണ്ടുപോകാൻ അനുവാദമുണ്ട്. ജിദ്ദയിൽ നിന്നുള്ള വൺവേ ടിക്കറ്റ് നിരക്ക് 1,100 സൗദി റിയാൽ മുതലാണ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ ഫ്ലൈനാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. പുതിയ സർവീസുകൾ എത്തുന്നത് സീറ്റ് ലഭ്യത വർദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്കുകൾ നിയന്ത്രിച്ചു നിർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



