*കാലിനു ദീപം പാതയ്ക്കു പ്രകാശം*
എപ്പോഴും ഒരുങ്ങിയിരിക്കുക (ലൂക്കോ.17:20 – 33)
“നോഹയുടെ കാലത്ത് സംഭവിച്ചതു പോലെ, മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും”
(വാ. 26).
ദൈവരാജ്യം എപ്പോൾ വരുന്നു എന്ന പരീശരുടെ ചോദ്യത്തിന് (വാ .20) യേശു നൽകുന്ന മറുപടിയാണ് നമ്മുടെ ധ്യാനഭാഗം. ഒരിക്കൽ ജോൺ വെസ്ലിയോട് ഒരാൾ ചോദിച്ചു:
“ഇന്നു രാത്രി കർത്താവ് വരുമെന്ന് അറിയുകയാണെങ്കിൽ, താങ്കൾ ഇന്ന് പകൽ എന്തു ചെയ്യും?”
അതിന് അദ്ദേഹം നൽകിയ മറുപടി: “ഇന്ന് ഞാൻ എന്തൊക്കെ ചെയ്യാൻ നേരത്തേ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ, അതൊക്കെ ഞാൻ ചെയ്യും. ഒരു രീതിയിലും എന്റെ ദിനചര്യകൾക്ക് മാറ്റം വരുത്തുകയില്ല” എന്നായിരുന്നു! കർത്തൃ പ്രത്യക്ഷത നിശ്ചയമാണ് എന്നതിനാലും, സമയം അനിശ്ചിതം ആയതിനാലും, എപ്പോഴും അതിനായി തയ്യാറായി വേണം വിശ്വാസികൾ ജീവിക്കുവാൻ.
ദൈവരാജ്യ പ്രത്യക്ഷത എപ്പോൾ സംഭവിക്കും എന്ന് കണക്കുകൂട്ടി, അതനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയുംവിധം അല്ല (കാണത്തക്കവണ്ണമല്ല) ദൈവരാജ്യം വരുന്നത് എന്നാണ് (വാ. 20) എന്നാണ് യേശു ശാസ്ത്രിമാരുടെ ചോദ്യത്തിനു നൽകിയ മറുപടി!
“ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടല്ലോ” എന്നും യേശു അവരോടു പറഞ്ഞു! തന്റെ വരവിന് ഒരു അടയാളവും ഇല്ല എന്നല്ല യേശു സൂചിപ്പിച്ചത്! “നോഹയുടെ കാലത്ത് സംഭവിച്ചതു പോലെ മനുഷ്യ പുത്രന്റെ നാളിലും സംഭവിക്കും” (വാ. 26) എന്നും, തുടർന്ന് “ലോത്തിന്റെ കാലത്തു സംഭവിച്ചതു പോലെ മനുഷ്യ പുത്രന്റെ നാളിലുംസംഭവിക്കും”
(വാ. 28) എന്നും താൻ പറഞ്ഞു!
നോഹയുടെയും ലോത്തിന്റെ കാലത്തും സംഭവിച്ചത് “തിന്നുക, കുടിക്കു
ക, വിവാഹം കഴിക്കുക, വിവാഹത്തിന് കൊടുക്കുക” എന്നിങ്ങനെ ദൈനം ദിനം മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ആയിരുന്നു! മനുഷ്യർ കേവലം ശരീരസംബന്ധമായും ലോക സംബന്ധമായും മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയുo ചെയ്യുന്ന കാലം. ഒരളവിൽ, എക്കാലത്തെയും പോലുള്ള കാലം ആയിരിക്കും മനുഷ്യ പുത്രൻ വരുന്ന കാലം എന്നാണ് കർത്താവ് പറഞ്ഞത്! ഇതിന്റെ മദ്ധ്യത്തിൽ നോഹയ്ക്ക് ദൈവത്തോടൊപ്പം നടക്കുവാൻ സാധിച്ചു! തന്റെ ഭാര്യ പോലും സ്വയം നഷ്ടപ്പെടു
ത്തിക്കളഞ്ഞുവെങ്കിലും,ലോത്തിന് സോദോമിൽ നിന്നും രക്ഷപെടുവാനായി! കർത്താവ് എപ്പോൾ വന്നാലും, തന്നെ സ്വീകരിക്കുവാൻ തയ്യാറായി ജീവിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം! ദൈവം അതിന് നമ്മെ സഹായിക്കട്ടെ?
ചിന്തയ്ക്ക്: എപ്പോഴും ഒരുങ്ങിയിരിക്കുന്നവർക്ക് മാത്രമേ, കർത്താവിനോടു ചേരുവാനാകൂ!



