ബെംഗളൂരു: ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് നവംബർ 1ന് ആദ്യ യാത്ര നടത്തുമെന്ന് റിപ്പോർട്ട്. കർണാടക രാജ്യോത്സവ ദിനമാണ് നവംബർ ഒന്ന്. സൗത്ത് വെസ്റ്റേൺ റെയിൽവേ ഇതിനുള്ള നീക്കങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതെസമയം ഈ ട്രെയിൻ കൊമേഴ്സ്യൽ സർവീസുകൾ ആരംഭിക്കുന്ന തീയതി റെയിൽവേ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസാണിത്. 27651 / 27652 എന്നീ ട്രെയിൻ നമ്പറുകളിലാണ് സർവീസ് നടത്തുക. ആകെ കോച്ചുകളുടെ എണ്ണം 16. 11 എസി 3 – ടയർ കോച്ചുകളുണ്ടായിരിക്കും. 4 എസി 2-ടയർ കോച്ചുകളും ഒരു 1 എസി ഫസ്റ്റ് ക്ലാസ് കോച്ചും ഉണ്ടായിരിക്കും. വണ്ടിയിൽ ആകെ 823 ബെർത്തുകൾ ഉണ്ടായിരിക്കും.
ടിക്കറ്റ് നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 1,118 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്ക് യാത്രാ ക്ലാസ് അനുസരിച്ച് 2,600 മുതൽ ₹4,250 വരെ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
നിലവിൽ ഈ റൂട്ടിൽ ഓടുന്ന ഉദ്യാൻ എക്സ്പ്രസ് 24 മണിക്കൂറാണ് യാത്ര പൂർത്തിയാക്കാൻ എടുക്കുന്നത്. അതെസമയം വന്ദേ ഭാരത് സ്ലീപ്പർ ഏകദേശം 16 മണിക്കൂറിനുള്ളിൽ യാത്ര പൂർത്തിയാക്കും.
അനന്തപൂർ, ഗുണ്ടക്കൽ റായ്ച്ചൂർ, കലബുറഗി, സോലാപൂർ, കല്യാൺ എന്നിവയായിരിക്കും പ്രധാന സ്റ്റോപ്പുകൾ. നേരത്തെ ഒക്ടോബറിൽ ഈ ട്രെയിനിന്റെ യാത്ര തുടങ്ങുമെന്നാണ് കരുതിയിരുന്നത്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് ഒക്ടോബർ മാസത്തിൽ സർവീസ് ആരംഭിക്കാൻ സാധിക്കാതിരുന്നത്.



