Tuesday, October 6, 2026
Homeഅമേരിക്കപാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധ മാര്‍ച്ച്

പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധ മാര്‍ച്ച്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കുന്നവരുടെ പ്രതിഷേധ മാര്‍ച്ച്. വിഷയത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൂറ്റന്‍ മാര്‍ച്ച് നടക്കുന്നത്. മാര്‍ച്ചില്‍ 5000ലധികം ആളുകളാണ് അണിനിരന്നത്. റോഡുകള്‍ തടഞ്ഞുകൊണ്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ ലക്കി മര്‍വാത്ത് ജില്ലയില്‍ നിന്നാണ് ഇസ്‌ലാമാബാദിലേക്ക് പുറപ്പെട്ടത്.

ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌റീഖ്-ഇ-ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച ആരംഭിച്ച മാര്‍ച്ച്. സെപ്റ്റംബര്‍ 27 ആദ്യം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിപക്ഷ ചര്‍ച്ച നടക്കുന്നതിനാല്‍ അതുവരെ കാത്തിരിക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വാരാന്ത്യത്തില്‍ നടന്ന രണ്ട് ഘട്ട ചര്‍ച്ചകളിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതോടെ, തങ്ങളുടെ നേതാവിനെ മോചിപ്പിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള പുതിയ നീക്കമെന്ന നിലയിലാണ് പിടിഐ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ പ്രേരിതമെന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതല്‍ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുകയാണ്. അതേസമയം അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഇമ്രാന് എതിരായ ശിക്ഷാവിധികളില്‍ ഒരെണ്ണം ഒഴികെയുള്ളവയെല്ലാം പിന്നീട് അപ്പീലിലൂടെ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഖാനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനം നടക്കുമെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇസ്ലാമാബാദിന് പടിഞ്ഞാറ് 80 കിലോമീറ്റര്‍ അകലെയുള്ള ഖൈറാബാദിലേക്ക് വ്യാഴാഴ്ചയോടെ ഈ മാര്‍ച്ച് എത്തിച്ചേരുമെന്നും, അവിടെവെച്ച് അടുത്ത ഘട്ടത്തിനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇസ്‌ലാമാബാദില്‍ എത്തിച്ചേരുന്ന പ്രതിേഷധ മാര്‍ച്ചിനെ നേരിടാനായി സര്‍ക്കാര്‍ തയ്യാറെടുത്തിട്ടുണ്ട്. ഷിപ്പിങ് കണ്ടയിനര്‍ ഉള്‍പ്പടെയുള്ളവ റോഡില്‍ നിരത്തി മാര്‍ച്ച് തടയാനാണ് തീരുമാനം. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഞായറാഴ്ച സ്ഥിരീകരിച്ചു. അഫ്രീദി ചര്‍ച്ചകള്‍ അട്ടിമറിച്ചെന്ന് ആരോപിച്ച അദ്ദേഹം, അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ പിടിഐയെ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്ലാമാബാദിലെ പൊതുറോഡുകള്‍, ഹൈവേകള്‍, ഇന്റര്‍ചേഞ്ചുകള്‍, ടോള്‍ പ്ലാസകള്‍, കെട്ടിടങ്ങള്‍ എന്നിവ കൈയേറാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ അതിന്റെ നേതൃത്വത്തിനോ നിയമപരമായ അവകാശമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സെപ്റ്റംബര്‍ 14-ലെ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവുകള്‍ ലംഘിച്ചാല്‍ പ്രതിഷേധക്കാരെ നിയമനടപടിക്ക് വിധേയരാക്കും. ഇസ്ലാമാബാദില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് ഇത്തവണ അന്ത്യമുണ്ടാകുമെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും നഖ്വി പറഞ്ഞു.

73കാരനായ ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പിടിഐ നടത്തുന്ന പ്രചാരണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വലത് കണ്ണില്‍ മാസങ്ങളോളം വിദഗ്ധ ചികിത്സ വേണ്ടിവന്നിരുന്നു. കഴിഞ്ഞ മാസം അറസ്റ്റിലായ ഖാന്റെ മൂന്ന് സഹോദരിമാരെയും മോചിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ അറസ്റ്റ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ