Thursday, October 1, 2026
Homeകേരളംമദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല, വാഹനവും കണ്ടുകെട്ടും; നടപടി കടുപ്പിക്കാൻ സർക്കാർ, റോഡ് സുരക്ഷാ മിഷൻ...

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി ജാമ്യമില്ല, വാഹനവും കണ്ടുകെട്ടും; നടപടി കടുപ്പിക്കാൻ സർക്കാർ, റോഡ് സുരക്ഷാ മിഷൻ ഉടൻ.

തിരുവനന്തപുരം: മദ്യലഹരിയിൽ ചീറിപ്പായുന്ന വാഹനങ്ങൾ റോഡിൽ മരണക്കെണിയൊരുക്കുമ്പോൾ സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവർ കാരണം നിരവധി പേരാണ് നിമിഷ നേരം കൊണ്ട് ജീവൻ നഷ്ടപ്പെടുകയോ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പരിക്കുകളേറ്റ് കിടപ്പിലാകുകയോ ചെയ്യുന്നത്.

ഇപ്പോഴിതാ മദ്യപിച്ച് വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യൂട്യൂബർ അശ്വന്ത് കോക്ക് പൊലീസ് പിടിയിലായതോടെയാണ് സംഭവം വീണ്ടും ചർച്ചയാകുന്നത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സുള്ള യൂട്യൂബർമാർ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ നിയമം ലംഘിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡ്രങ്ക് ആന്‍ഡ് ഡ്രൈവ് കേസുകളില്‍ ഇനി വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്നവർ ഇനി കർശന നടപടി നേരിടേണ്ടിവരും. ജാമ്യവ്യവസ്ഥകൾ കൂടുതൽ കടുപ്പിക്കുന്നതിനും നിയമം ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുന്നതിനുമുള്ള നടപടികൾക്ക് ഗതാഗതവകുപ്പ് നിയമോപദേശം തേടിയിരിക്കുകയാണ്.

നിലവിലുള്ള നിയമപ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അപകടത്തിൽ മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിക്കുമ്പോൾ മാത്രമാണ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നത്. ഈ വ്യവസ്ഥക്ക് മാറ്റം വരുത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പുമായി വിശദമായ ചര്‍ച്ച നടത്തിയശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.

അതേസമയം, റോഡിലെ നിയമലംഘനങ്ങള്‍ പൂർണമായും തടയുന്നതിനായി ‘കേരള റോഡ് സുരക്ഷാ മിഷന്‍’ എന്ന പുതിയ പദ്ധതി ഉടന്‍ ആരംഭിക്കും. ഇതിനായി ഉന്നതതലസമിതിയെ സർക്കാർ രൂപീകരിച്ചു കഴിഞ്ഞു. ഗതാഗതമന്ത്രി വൈസ് ചെയര്‍മാനും ആഭ്യന്തര, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളുമായാണ് സമിതി.

ഈ മിഷന്റെ പ്രവര്‍ത്തനം വൈകാതെ സംസ്ഥാനത്ത് പഞ്ചായത്തുതലം വരെ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബോധവല്‍ക്കരണവും കര്‍ശന നിയമനടപടികളും ഒരേപോലെ ഉറപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽ ചെറുപ്പം മുതൽ തന്നെ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കും. ഇതിനായി റോഡ് സുരക്ഷാപാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഉള്‍പ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ