തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി. തോൽവിക്ക് പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎം പ്രവർത്തിക്കുന്നത് ക്രിമിനൽ മാഫിയ സംഘങ്ങളെപ്പോലെയാണെന്നും കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നടന്ന ഗുണ്ടായിസം തുടരാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപമുണ്ടായ സംഘർഷത്തിലും സതീശൻ സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിച്ചു. എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്നുമാണ് സതീശന്റെ ആരോപണം.
ബിജെപിക്കെതിരെ കോൺഗ്രസും പോഷക സംഘടനകളും നടത്തുന്ന സമരങ്ങളിൽ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യുവമോർച്ചയും ബിജെപിയും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും സതീശൻ ഉന്നയിച്ചു. സിപിഐഎമ്മും ബിജെപിയും ഒരേ നിലപാടിലാണ് പ്രവർത്തിക്കുന്നതെന്ന് തെളിയിക്കുന്നതാണ് സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അക്രമ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.



