ന്യൂഡൽഹി: പത്ത് വർഷത്തിനിടെ രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും പീഡനക്കേസുകളിലും വലിയ വർദ്ധന. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ നാലിരട്ടിയാണ് കുട്ടികൾക്കെതിരായ ഇത്തരം കേസുകളിലുണ്ടായ വർദ്ധന. എന്നാൽ ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന നിരക്ക് വളരെ കുറവായി ആണ് തുടരുന്നതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നീതിന്യായ വ്യവസ്ഥയിലൂടെ ഇരകൾക്ക് അർഹമായ നീതി സമയബന്ധിതമായി ലഭിക്കുന്നതിൽ വൻ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് ലഭ്യമായിട്ടുള്ള കണക്കുകൾ വിശദമാക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നീതിന്യായ വ്യവസ്ഥയിലൂടെ ഇരകൾക്ക് അർഹമായ നീതി സമയബന്ധിതമായി ലഭിക്കുന്നതിൽ വൻ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് ലഭ്യമായിട്ടുള്ള കണക്കുകൾ വിശദമാക്കുന്നത്.കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 2012ൽ പ്രത്യേക നിയമമായ പോക്സോ നിലവിൽ വന്നതിനുശേഷവും അതിക്രമങ്ങളുടെ നിരക്കിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2015ൽ 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾ ഇരയായ 10934 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2024ൽ ഇത് 43675 ആയി ഉയർന്നു. 2020നും 2024നും ഇടയിൽ പ്രായപ്രൂർത്തിയാവാത്ത 1.83 ലക്ഷം പെൺകുട്ടികളാണ് പീഡനക്കേസുകളിൽ ഇരയായിട്ടുള്ളത്. ലൈംഗികാതിക്രമ കേസുകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 96505 പ്രായപൂർത്തിയാവാത്ത ഇരകളാണ് രാജ്യത്തുണ്ടായത്
കേസ് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന അവബോധവും നിയമപരമായ നിർവചനങ്ങളിൽ വന്ന മാറ്റങ്ങളുമാണ് കേസുകളുടെ എണ്ണം ഉയർന്നതായി കാണിക്കുന്ന ഒരു പ്രധാന ഘടകമെങ്കിലും, യഥാർത്ഥത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ സമൂഹത്തിൽ വർധിച്ചുവരുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിൽ പ്രതിദിനം നൂറിലധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ആക്രമണത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളും ആൺകുട്ടികളുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മിക്ക കേസുകളിലും കുട്ടികൾക്ക് നേരത്തെ പരിചയമുള്ളവരോ ബന്ധുക്കളോ അയൽക്കാരോ തന്നെയാണ് കുറ്റകൃത്യം ചെയ്യുന്നത് എന്നതും ഗുരുതരമായ ആശങ്കയുണർത്തുന്നു.
കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും കോടതികളിൽ ശിക്ഷാവിധി ഉണ്ടാകുന്ന കേസുകളുടെ ശതമാനം വളരെ കുറവാണ്. അന്വഷണ ഏജൻസികളുടെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ, ശാസ്ത്രീയ തെളിവുകളുടെ അഭാവം, വിചാരണ പൂർത്തിയാകാൻ എടുക്കുന്ന ദീർഘമായ കാലതാമസം എന്നിവയാണ് പലപ്പോഴും പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത്.
പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുകയും ഓർഡിനൻസുകൾ വഴി നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കേസ് അന്വേഷണത്തിലും വിചാരണ ഘട്ടത്തിലും ഉണ്ടാകുന്ന കാലതാമസം കാരണം 80 ശതമാനത്തിലധികം കേസുകളും ഇപ്പോഴും തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്.
വിചാരണ നീണ്ടുപോകുന്നത് സാക്ഷികൾ മൊഴി മാറ്റുന്നതിനും ഇരയായ കുട്ടികളും കുടുംബങ്ങളും സമ്മർദ്ദത്തിലാകുന്നതിനും വഴിതെളിക്കുന്നു.ചുരുക്കത്തിൽ, നിയമങ്ങൾ കർശനമാക്കിയത് കൊണ്ടുമാത്രം പ്രശ്നത്തിന് പരിഹാരമാകുന്നില്ലെന്നും ശക്തവും സമയബന്ധിതവുമായ അന്വേഷണവും ആധുനിക തെളിവ് ശേഖരണ രീതികളും ഉറപ്പാക്കിയാൽ മാത്രമേ കേസുകളിൽ ശിക്ഷാനിരക്ക് ഉയർത്താനും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനും സാധിക്കൂ എന്ന് ഈ കണക്കുകൾ അടിവരയിടുന്നത്.



