തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ താത്കാലിക ആശ്വാസം. സ്വകാര്യ സ്ഥാപനമായ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വൈദ്യുതി വാങ്ങാൻ ധാരണ. 200 മെഗാവാട്ട് വൈദ്യുതി എത്തിക്കും. യൂണിറ്റിന് 11 രൂപ നിരക്കിലാണ് സർക്കാർ വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി ലഭിക്കുക വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പീക്ക് സമയത്ത്. ഈ മാസം മുതൽ ഒക്ടോബർ 31 വരെ വൈദ്യുതി ലഭിക്കും.
സംസ്ഥാനത്ത് ഇന്നലെയും രണ്ടിലധികം തവണ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. ഈ മാസം ഇതുവരെ മൂന്ന് ദിവസം മാത്രമാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞത്.
പവർ എക്സ്ചേഞ്ചിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. മഴ പെയ്തിട്ടും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല. പീക്ക് സമയങ്ങളിൽ 5000 മെഗാവാട്ടിനടുത്ത് വൈദ്യുതി ഉപഭോഗം എത്തുന്നുണ്ട്.
90 ദശലക്ഷത്തിന് മുകളിലാണ് പ്രതിദിന വൈദ്യുതി ഉപയോഗം. 800 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കൈമാറ്റ കരാറിലൂടെയുള്ള വൈദ്യുതിയും ദീർഘകാല കരാറും കഴിഞ്ഞ ദിവസവും കേരളത്തിന് ലഭിച്ചിരുന്നില്ല. ഗ്രിഡ് ഫ്രീക്വൻസിയിലെ കുറവും കേരളത്തിന് തിരിച്ചടിയായി. രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത വർദ്ധിച്ചു കേരളത്തിലെ പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്.



