ടെഹ്റാന്‍: അമേരിക്കയില്‍ നിന്ന് വന്‍ സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, രാജ്യം എന്തിനും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി ഇറാന്‍. സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശമായ ‘കോഡ് 100’ പ്രഖ്യാപിച്ചു. ഇറാന്റെ സായുധ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി), കരസേന, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ആഭ്യന്തര സുരക്ഷാ ഏജന്‍സികള്‍ എന്നിവയോട് യുദ്ധസമാനമായ സാഹചര്യത്തെ നേരിടാന്‍ സജ്ജരായിരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇറാനിയന്‍ മിലിട്ടറി പ്രോട്ടോക്കോള്‍ അനുസരിച്ച് അടിയന്തര പ്രതിരോധ തയ്യാറെടുപ്പുകളുടെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് ‘കോഡ് 100’. ഈ നിര്‍ദേശം നല്‍കുന്നതോടെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങള്‍, മൊബൈല്‍ ലോഞ്ചര്‍ യൂണിറ്റുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തനക്ഷമമാകും.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്യാമ്പ് ഡേവിഡ് സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ വെട്ടിച്ചുരുക്കി വൈറ്റ് ഹൗസില്‍ തിരിച്ചെത്തി. മധ്യപൂര്‍വദേശത്ത് യുദ്ധ സാഹചര്യം രൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തര ദേശീയ സുരക്ഷാ അവലോകനത്തിനായാണ് ഈ മടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയതായി വിവരമുണ്ട്.
യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ബാലിസ്റ്റിക് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതും ഇതിന് പിന്നാലെ അമേരിക്കന്‍ വ്യോമസേനയുടെ ബി-1ബി ബോംബര്‍ വിമാനങ്ങള്‍ മേഖലയില്‍ നിലയുറപ്പിച്ചതുമാണ് സംഘര്‍ഷം വീണ്ടും വന്‍തോതില്‍ രൂക്ഷമാക്കിയത്.
സംഘര്‍ഷം ഏത് നിമിഷവും കടുക്കാമെന്നതിനാല്‍ റീജിയണല്‍ എയര്‍സ്പേസ് അടയ്ക്കാനും വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കാനും സാധ്യതയുണ്ടെന്നും, മധ്യപൂര്‍വദേശത്തുള്ള പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തര നിര്‍ദേശം നല്‍കി.



