തിരുവനന്തപുരം: ട്രെയിനുകളിലെയും റെയിൽവേ ക്യാന്റീനുകളിലെയും ഭക്ഷണവില 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. 38 പൊതുവിഭവങ്ങളുടെയും 22 പ്രാദേശിക വിഭവങ്ങളുടെയും വിലയിലാണ് വർധനവ്. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
ചപ്പാത്തി 5 രൂപ, പൊറോട്ട 10 രൂപ, പഴംപൊരി 20 രൂപ എന്നിങ്ങനെ ഈ വിഭവങ്ങളുടെ വിലയിൽ മാറ്റമില്ല.
മീൻകറി ഊണിന്റെ വില 95 രൂപയിൽ നിന്ന് 110 രൂപയായി ഉയർത്തി. വെജിറ്റേറിയൻ ഊണിന്റെ വിലയിൽ മാറ്റമില്ല.
ഇഡ്ഡലി, ചട്ണി/സാമ്പാർ എന്നിവയ്ക്ക് 5 രൂപ വർധിപ്പിച്ച് 25 രൂപയാക്കി. മസാലദോശ, റവദോശ, റവ ഉപ്പുമാവ്, ഊത്തപ്പം, തൈരുവട, ഉള്ളിപ്പക്കാവട, തക്കാളി/വെജിറ്റബിൾ സൂപ്പ്, ബജി (2 എണ്ണം), വട (2 എണ്ണം) എന്നിവയ്ക്ക് 5 രൂപ വീതം കൂട്ടി 30 രൂപയാക്കി.
വെജിറ്റബിൾ കട്ലെറ്റ്, ബർഗർ, ചീസ് സാൻഡ്വിച്ച് എന്നിവയ്ക്ക് 10 രൂപ വീതം വർധിപ്പിച്ച് യഥാക്രമം 50, 55, 60 രൂപയാക്കി. ഓംലെറ്റിന് 10 രൂപ വർധിപ്പിച്ച് 45 രൂപയാക്കി. മുട്ടക്കറിക്ക് 60 രൂപയാണ് വില.
ഇടിയപ്പം, അപ്പം, കടലക്കറി, പത്തിരി, പുട്ട്, കപ്പ എന്നിവയ്ക്കും 5 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, എട്ട് പുതിയ വിഭവങ്ങൾ കൂടി റെയിൽവേ മെനുവിൽ ഉൾപ്പെടുത്തി. ചിക്കൻ കറി 95 രൂപ, വെജിറ്റബിൾ ഫ്രൈഡ് റൈസ് 65 രൂപ, എഗ് ഫ്രൈഡ് റൈസ് 80 രൂപ, ചിക്കൻ ഫ്രൈഡ് റൈസ് 105 രൂപ എന്നിവയ്ക്ക് പുറമെ സ്റ്റഫ്ഡ് പൊറോട്ട, ബോൺലെസ് ചില്ലി ചിക്കൻ, ചില്ലി ചിക്കൻ, വെജ് ന്യൂഡിൽസ് എന്നിവയും പുതിയ വിഭവങ്ങളിൽ ഉൾപ്പെടുന്നു.



