കോട്ടയം: കോട്ടയത്ത് ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയതില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. അശോക് കുമാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്ഷന് നല്‍കിയിരിക്കുന്നത്. എക്സൈസ് മന്ത്രി എം ലിജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എക്സൈസ് ഉദ്യോഗസ്ഥരെ തന്നെ മുന്നിലിരുത്തി കൈക്കൂലിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഓര്‍മിപ്പിച്ചിരുന്നു. കോട്ടയത്തെ മാസപ്പടിക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
അശോക് കുമാറും ഒരു സംഘവും ചങ്ങനാശ്ശേരി സര്‍ക്കിളിലെ ബാറുകളില്‍ മാസംതോറും നിന്ന് പണപ്പിരിവ് നടത്തുന്നുവെന്നായിരുന്നു കണ്ടെത്തല്‍. ഇത് സംബന്ധിച്ച് മന്ത്രിക്ക് വിവരം ലഭിച്ചതോടെ എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ നേരിട്ട് നടത്തിയ പരിശോധനയിലാണ് കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയത്. കോട്ടയത്തെ എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എം മാനുവല്‍, ചങ്ങനാശേരി സര്‍ക്കിളിലെ ഉദ്യോഗസ്ഥന് ബാലു തങ്കച്ചന്, പ്രവീണ്‍ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, വിശാഖ് എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍.



