ഓണത്തിന് പൂക്കൾതേടി അലയുന്ന ഒരു പുലരിയിലാണ്.. ഞാൻ ഇളം പിങ്ക് കലർന്നു സുന്ദരിയായി കല്ലിലും പൂവിരിയുമല്ലോ… എന്ന ഭാവത്തിൽ കുണുങ്ങി നിൽക്കുന്ന കൽത്താമരയെന്ന ആ വന്യസൗന്ദര്യത്തെ കണ്ടത്. ഒറ്റനോട്ടത്തിൽ തന്നെയിഷ്ടമായി..
പിന്നെയെന്നും നോക്കിയില്ല..
എന്നോടാ ബാലാ നിന്റെ കളി…! എന്ന ഭാവത്തിൽ ആ പാറയിലേയ്ക്ക് പൊത്തിപ്പിടിച്ചു കയറി…പിന്നെയെന്നും കൂട്ടുകാരെ കൂട്ടാതെ ഞാൻ തനിയെ പാറയിൽ കയറുന്നു. പൂക്കൾ പറിച്ചു നിരങ്ങി വഴുതിയിറങ്ങുന്നു.
എവിടുത്തെയെങ്കിലും തൊലിയൊന്നും പോയാലും നമുക്കിതൊന്നും പുത്തരിയല്ലയെന്ന കൊടൂരഭാവം മുഖത്തുപരത്തി വീട്ടുമുറ്റത്തു അടിച്ചുപൊളിപൂക്കളം പൊളിക്കുന്നു.
വരുന്നവരോടും പോകുന്നവരോടും ഇതെങ്ങനെയുണ്ട്..? ഇതെങ്ങനെയുണ്ടെന്നു ചോദിച്ചു സായൂജ്യമടയുന്നു.🤗
ഇന്നും ഒരു പോസ്റ്റിട്ടാൽ എന്റെ അവസ്ഥ ഏതാണ്ട് ഇതൊക്കെത്തന്നേ.. 🫣
അങ്ങിനെ അന്നും പാറയിൽ കയറാൻ ചെന്നു പാവാടയൊക്കെ കുത്തി എത്തിവലിയുമ്പോൾ പാറയുടെ വിടവിൽ നിന്നും ഒരാൾ മെല്ലെ എത്തിനോക്കുന്നു…..!
പിന്നെഒട്ടും വൈകിയില്ല. തിരികെ നൂറ്റമ്പത് സ്പീഡിൽ കത്തിച്ചു വിട്ടു വീട്ടിലോട്ട്.. കൂട്ടത്തിൽ എന്നെക്കാളും വല്യ കാറിക്കൂവലും മുന്നിലോടി..
കയ്യിലുള്ള പൂവെല്ലാം ഞങ്ങളേയിട്ടേച്ചു പോല്ലേ പെണ്ണേന്നും പറഞ്ഞു കരഞ്ഞോണ്ട് വഴിനീളേ.. നിങ്ങളെക്കാളും വലുത് എനിക്ക് ഞാൻ തന്നേന്നും പറഞ്ഞു നാലുകാലും പറിച്ചു ഞാനോടി..🏃♀️
“പണ്ടേ മരം കേറിയാണ്… എന്തവാടി,, ഒപ്പിച്ചേന്നും ചോദിച്ചോണ്ട് അച്ഛമ്മ…😬
പകച്ചു പോയന്റെ ബാല്യം….
ഞാനവിടെയിരുന്നു.. വിക്കി മൂളി..
അല്ലേലും ഇവരൊക്കെ ഇങ്ങനെയാണ് ഗയ്സ്…😔
ഇതൊക്കെ കേട്ടു കേട്ടു തഴമ്പിച്ചു പോയ ഞാൻ നവരസങ്ങൾ പലതും മൂകാഭിനയമാക്കി അച്ഛമ്മയുടെ മുന്നിൽ അലമ്പി മെഴുകി കൂട്ടുകാരേ… 😭
പിന്നെ ഈയുള്ളവളുടെ തനിക്കൊണം അറിയുന്ന അച്ഛമ്മ വിടാൻ ഭാവമില്ല..
“എന്തവാടി.. നീ എന്തവാ… ഒപ്പിച്ചേ…,,
ഞ്യാൻ എന്തര് പറയാൻ…
വിറച്ചിട്ട് കോച്ചുവാതം വരുന്നു.. അന്നേരമാ അച്ഛമ്മേടെ ക്വസ്റ്റിയനിങ്.. 😡
“ആ… അവിടെ.. ആഹ്… ആ…,,
ഞാൻ അങ്ങോട്ട് നോക്കി കൈചൂണ്ടിക്കൊണ്ടിരുന്നു.
“നീയിരുന്നു രാഗം വിസ്തരിക്കാതെ കാര്യം പറ,,
കൊച്ചേയെന്ന് അച്ഛാച്ചൻ…
“നിന്നെ ആരേലും എന്തേലും ചെയ്തോ പെണ്ണേ…?,,
പിന്നേ…. വല്ലോരും വന്നാൽ അവരോടി പോകുന്നതല്ലാതെ എനിക്കൊന്നും പറ്റൂല്ല..
അങ്ങനത്തയെന്നോടാ ഈ മാതിരിചോദ്യം എന്ന രീതിയിൽ ഞാനാ വിറയലിനിടയിലുമൊന്നു നോക്കി.
ഞാൻ ആരാ മോൾ…🫤
ഉണ്ണിയാർച്ചേടെ കൊച്ചുമോളേപ്പോലെ ഞാൻ തലവിറപ്പിച്ചു..
“ഞാനൊന്നു നോക്കിയേച്ചു വരാം മാഷേ…,,
ന്നും പറഞ്ഞു അയാലോക്കത്തെ തോമാച്ചേട്ടൻ തോർത്തും കുടഞ്ഞെഴുന്നേറ്റു…
പൂവെല്ലാം പോയ വിഷമത്തിൽ പാമ്പിന്റെ വായിലോ പട്ടീടെ വായിലോ നിങ്ങൾ ചെന്ന് കേറികൊടുക്കെന്ന ഭാവത്തിൽ ഞാൻ അച്ഛമ്മ തന്ന വഴക്കും കേട്ട് വിദൂരതയിൽ നോക്കി ഇന്നു പറിക്കാനാവാതെ പോയ കൽത്താമരകളെയോർത്തു വിതുമ്പി..
പിന്നെ…
സുമേടേം ആശേടേം വീട്ടിലുമിടുന്ന പൂക്കളമോർത്തു..
ദീർഘനിശ്വാസമുതിർത്തു.
എല്ലാരേം ഞെട്ടിക്കുന്ന എന്നെയിന്നൊരു പാമ്പ് ഞെട്ടിച്ചല്ലോയെന്നൊരു വൈക്ലബ്യം എന്റെ മനസ്സിൽ ഊഞ്ഞാലാടി…🤔
ഓഹ്ഹ് പിന്നല്ല… നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു..
നാളെ ഏതേലുമൊരുത്തനെ കൂട്ടിക്കൊണ്ടുപോയി ആ പൂവ് ഞാൻ പറിക്കും മക്കളേ..
പാമ്പല്ല… പാമ്പിന്റെ കൊച്ചച്ഛൻ വാസുച്ചേട്ടൻ വന്നാലും…. ഊഹും… ഈയെന്നെ തോൽപ്പിക്കാനാവില്ല മക്കളെ… തോൽപ്പിക്കാനാവില്ല…
ഓർമ്മ അലമാരയുടെ അടിത്തട്ടിലെങ്ങാണ്ടൂന്നും നിങ്ങൾക്കായി കഷ്ടപ്പെട്ടു തപ്പിക്കോണ്ട് വന്നതാ… എന്നോട് ഒന്നും വിരാരിക്കല്ലേ… മക്കളേ….
നമ്മള് ഒരു പാവം കണ്ണൂർക്കാരിയാന്നപ്പാ… 😀




രസകരമായ എഴുത്ത്