കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും റിമാൻഡ് ചെയ്തു. ബോർഡ് അംഗം എ അജികുമാറിനെയും സെപ്റ്റംബർ ഒന്നു വരെ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. പ്രതികളുടെ ജാമ്യ അപേക്ഷയിൽ വാദം തുടരും. ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ശബരിമല നെയ്യ് ക്രമക്കേടിലും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് SIT ഹൈകോടതിയിൽ അറിയിച്ചിരിക്കുന്നത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികൾ.
പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോർട്ട് പറയുന്നു. ഇവർ മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവർത്തിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.



