ദേശീയ പരീക്ഷാ ഏജൻസിയിൽ വൻ അഴിച്ചുപണി. പരീക്ഷാ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ നിർണ്ണായക നിർദ്ദേശം. പരീക്ഷ നടത്തിപ്പ് സമിതിയിൽ അഴിച്ചു പണി. 600 വിദഗ്ധരെ മാറ്റി പകരം പുതിയ വിദഗ്ധരെ ഉൾപ്പെടുത്തി. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാൻ 4-ടയർ പരിശോധനാ സംവിധാനം ഏർപ്പെടുത്തും.
എൻടിഎ ഓഫീസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. സുരക്ഷാ ചുമതല സിഐഎസ്എഫിന് നൽകും. അടുത്ത 2–3 ആഴ്ചകൾക്കുള്ളിൽ 20 മുതൽ 25 വരെ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. എൻടിഎ ഡയറക്ടർ ജനറൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യം അറിയിച്ചു. വിദഗ്ധർ ചോദ്യപേപ്പർ ചോർച്ച നടത്തിയെന്ന സിബിഐ കണ്ടെത്തലിനു പിന്നാലെയാണ് നടപടി.
പരീക്ഷകൾ പൂർണ സുരക്ഷയോടെയും പഴുതുകളടച്ചും നടത്തണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൽഹാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. യു.ജി.സി. നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനപരിശോധന പ്രഖ്യാപിച്ചതിന് പിന്നാലെയുളള ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. പരീക്ഷാനടപടികൾ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എ.യോട് അദ്ദേഹം നിർദ്ദേശിച്ചു.
ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിന് ആവശ്യമായ മറ്റ് രഹസ്യസ്വഭാവമുള്ള കാര്യങ്ങളിൽ നിലവിലുള്ള രീതികൾ പൊളിച്ചെഴുതണമെന്നും, ഇതിനുള്ള പ്രത്യേക മുറികൾ, ഫോണുകളും സാമഗ്രികളും ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ തുടങ്ങിയ സുരക്ഷാ പ്രോട്ടോക്കോളുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, നീറ്റ് ബിരുദ പരീക്ഷാ ചോർച്ചയ്ക്കും യു.ജി.സി നെറ്റ് പരീക്ഷകളിലെ വീഴ്ചകൾക്കും പിന്നാലെ എൻ.ടി.എ.യിൽ വലിയ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. പരീക്ഷ നടത്തിപ്പ് സംവിധാനം പൂർണ്ണമായും പരിഷ്കരിക്കുന്നതിൻ്റെ ഭാഗമായി 50-ലധികം ജീവനക്കാരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്താക്കി. പത്തോളം പ്രധാന നേതൃസ്ഥാനങ്ങളിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.



