സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഇന്നലെ പവന് 120 രൂപ കൂടിയതിന് പിന്നാലെ ഇന്നും വിലയിൽ വലിയ കുതിപ്പുണ്ടായി. ഇന്ന് പവന് 800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 13,965 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ സ്വർണവില തുടർച്ചയായി ഉയരുകയാണ്. പണിക്കൂലി, ജി.എസ്.ടി, ഹാൾമാർക്കിങ് നിരക്കുകൾ കൂടി ചേരുമ്പോൾ സാധാരണക്കാർക്ക് ഒരു പവൻ സ്വർണം വാങ്ങാൻ ഇപ്പോൾ 1.25 ലക്ഷം രൂപയോളം നൽകേണ്ടി വരും
18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 11,475 രൂപയായും പവന് 91,800 രൂപയായും ഉയർന്നു. 14 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8,935 രൂപയായും പവന് 71,480 രൂപയുമായി മാറിയിട്ടുണ്ട്. കൂടാതെ 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കൂടി 5,765 രൂപയും പവന് 46,120 രൂപയുമായി. വെള്ളി വിലയിലും ചെറിയ വർധനവുണ്ടായിട്ടുണ്ട്; ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ പ്രകാരം, ഏഴ് മാസത്തോളം നീണ്ട വലിയ തിരുത്തലിന് ശേഷം അന്താരാഷ്ട്ര സ്വർണവിപണി തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു ഘട്ടത്തിൽ 5,602 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ അന്താരാഷ്ട്ര വില, ശക്തമായ തിരുത്തലിനെ തുടർന്ന് 3,940 ഡോളർ വരെ താഴ്ന്നിരുന്നു. എന്നാൽ അവിടെ നിന്നും നിലവിൽ 4,350 ഡോളർ വരെ ഉയർന്നിട്ടുണ്ട്. താഴ്ന്ന നിലവാരത്തിൽ നിന്ന് ഏകദേശം 10.4 ശതമാനത്തിന്റെ (410 ഡോളർ) തിരിച്ചുവരവാണ് വിപണിയിൽ ഉണ്ടായിട്ടുള്ളത്. എങ്കിലും, സർവകാല റെക്കോർഡിലേക്ക് തിരിച്ചെത്താൻ നിലവിലെ വിലയിൽ നിന്നും ഇനിയും 28.8 ശതമാനത്തോളം വർധനവ് ആവശ്യമാണ്.
ആഗോള വിപണിയിലെ ഈ മാറ്റങ്ങളുടെ പ്രതിഫലനമാണ് കേരളത്തിലും പ്രകടമാകുന്നത്. 2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. അന്ന് ഒരു പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു വില. വരും ദിവസങ്ങളിലും വിപണിയിൽ വില വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.



