Friday, August 7, 2026
Homeഅമേരിക്കപുനർജന്മം (ചെറുകഥ) ✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

പുനർജന്മം (ചെറുകഥ) ✍ ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

വരാന്തയിലെ ജനലഴികളിൽക്കൂടെ ഭഗീരഥിയമ്മ പുറത്തെ മൈതാനത്തേക്കു നോക്കിനിന്നു. കുട്ടികൾ അവിടെ ബഹളംവെച്ച് ക്രിക്കറ്റ് കളിക്കുകയാണ്. കുറച്ചുസമയം അവരുടെ കളിയും തമാശയും തല്ലുകൂടലുമൊക്കെ ആസ്വദിച്ചുനിന്നു. പിന്നീടൊരു തലകറക്കം തോന്നി, മുറിയിലേക്കുപോയി. ഉച്ചഭക്ഷണം തയ്യാറായതിൻ്റെ മണിയടികേട്ടാണ് എഴുന്നേറ്റത്. കാലും മുഖവും കഴുകി ഭക്ഷണശാലയിലേക്കുചെന്നു. ഡൈനിംഗ്ടേബിളിൽ ഇലയിട്ട് കേരളസദ്യ വിളമ്പിവെച്ചതുകണ്ടപ്പോൾ അവർ അന്തംവിട്ട് വിളമ്പുകാരനോട് കാരണമന്വേഷിച്ചു. അയാളും അത്ഭുതപ്പെട്ട് മറുപടി പറഞ്ഞു.
” അരേ…മാതാജീ… ആപ്പ് കോ യാദ് നഹീ ഹേ കാ…? ആജ് അത്തം ഹേ ന. ഓണം കീ ശുരുവാത്ത്. ആപ്പ് ഭൂൽ ഗയാ ക്യാ !…. തിരുവോണം കേരൾ കാ ദേശീയോത്സവ് ഭീ ഹേ നാ…!! ഇധർ തോ ദോ സൗ കേ കരീബ് അന്തേവാസി ലോഗ് രഹ്തേ ഹേ. ഉസ്മേം തീസ് മലയാളി ലോഗ് ഭീ ഹേ. ഇസ്സ് ലിയേ ഇധർ ഹരേക് സാൽ ഓണം മനാത്തേ ഹേ. ആജ് സെ അകല ദസ് ദിൻ… തിരുവോണം തക്… സ്പെഷ്യൽ കേരള ഖാനാ ബൻതാ ഹേ. ആപ്പ് നയി ഹേ. ഇസ് ലിയേ ആപ്പ് പതാ നഹീ ഹോഗ…”

“ബേട്ടേ… അബ് യാദ് ആ ഗയി ഹേ… ”

മറുപടി പറഞ്ഞതിന്നുശേഷം ഭഗീരഥിയമ്മ വിളമ്പിയ
സാധനങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു. സാമ്പാർ, കാളൻ, കൂട്ടുകറി, അവിയൽ, പച്ചടി, ഓലൻ, തോരൻ, കടുമാങ്ങ, ഉപ്പേരി, പപ്പടം, ഇഞ്ചിത്തൈര്… ഒട്ടുമിക്ക ഓണസദ്യ വിഭവങ്ങളുമുണ്ട്. പേപ്പർഗ്ലാസിൽ ഒന്നിൽ സേമ്യാപ്പായസവും മറ്റൊന്നിൽ കാഴ്ച്ചയിൽ പരിപ്പുപ്രഥമനും. മിക്കവാറും എല്ലാം വീട്ടിൽ താനുണ്ടാക്കാറുള്ള വിഭവങ്ങൾതന്നെ.

പതിവുള്ള ഈശ്വരപ്രാർത്ഥനകൾക്കുശേഷം എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു. ഭഗീരഥിയമ്മയുടെ കൈയ്യും ഇലയിലേക്ക് നീങ്ങിയപ്പോൾ ആരോവന്ന് തൻ്റെ കൈ പിടിച്ചുവലിച്ച്, ചെവിയിലെന്തോ പറയുന്നതുപോലെ അവർക്കുതോന്നീ.
“ഭാഗീ…ധൃതിപിടിച്ച് ഭക്ഷണം കഴിക്കാൻ പൂവ്വാ… ഞാൻ മുമ്പ് ശീലിപ്പിച്ചതൊക്കെ നീ മറന്നോ..? ആദ്യം നിലവിളക്ക് കത്തിച്ചുവെക്കണ്ടേ..? ഗണപതിക്കല്ലേ ആദ്യം സദ്യ വിളമ്പേണ്ടത്…? അതിനുശേഷം കുട്ടികളുടെ തലയിൽ അരികൂടെ നുരിച്ചതിന്നുശേഷം മാത്രല്ലേ സദ്യ വിളമ്പാൻ പാടുള്ളൂ…? ഇന്നതൊക്കെ നീ മറന്നോ…എന്താ ഭാഗീ നിനക്കു പറ്റ്യേ…?

ഭഗീരഥിയമ്മയ്ക്ക് പിന്നീട് സദ്യ കഴിക്കാൻ തോന്നിയില്ല. പതുക്കെ പതുക്കെ അവരുടെ മനസ്സ് വാരണാസിയിലെ പവിത്രാനന്ദാശ്രമത്തിൽനിന്നും തൻ്റെ പൂർവ്വാശ്രമത്തിലേയ്ക്ക് ഊളിയിടുകയായിരുന്നു. കൈയ്ക്കും കാലിനും എല്ലുറപ്പു വന്നതുമുതൽ, മൂത്തമകളായ തൻ്റെ ജീവിതം കൂടുതലും തറവാട്ടിലെ അടുക്കളയിലായിരുന്നു. പന്ത്രണ്ടിലധികം പ്രസവിച്ചിരുന്ന അമ്മയ്ക്ക് അതിനും ഒപ്പം കുട്ടികളെ മുലയൂട്ടാനും മാത്രമെ സമയം തികഞ്ഞിരുന്നുള്ളൂ. പഠിക്കാൻ മിടുക്കിയായിരുന്നു. അതുപോലെ ആടാനും പാടാനും വലിയ താല്പര്യവുമായിരുന്നു. അടുക്കളയിൽ കിടന്ന് ചക്രശ്വാസം വലിച്ചിട്ടും എസ്സ്.എസ്സ്.എൽ.സി. പരീക്ഷ മികച്ച നിലയിൽതന്നെ താൻ പാസ്സായി. മുതിർന്ന കുട്ടിയായെന്നും പറഞ്ഞ്, കാരണവൻമാർ പിന്നീട് പഠിക്കാൻ വിട്ടില്ല. പതിനാറുവയസ്സിലേ ധൃതിപിടിച്ച് വിവാഹം നടത്തിച്ചു.

സ്കൂൾ അദ്ധ്യാപകനായിരുന്ന ഭർത്താവിന് തന്നെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം, തന്നെ അദ്ദേഹത്തിൻ്റെ വാടകസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടേയും പക്ഷെ, പ്രാരബ്ധത്തിന് വലിയ കുറവുമുണ്ടായിരുന്നില്ല. കൂടാതെ മുപ്പതുവയസ്സാകുമ്പോഴേക്കും താൻ അഞ്ചുമക്കളുടെ അമ്മയുമായിക്കഴിഞ്ഞിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് തറവാട്ടിൽ അച്ഛൻ്റെമരണം നടക്കുന്നത്. അമ്മയേയും പറക്കമുറ്റാത്ത രണ്ടു സഹോദരൻമാരെയും പൊളിഞ്ഞുവീഴാറായ ഒരു വീടിനെയും ഒപ്പം കുറെയേറെ കടങ്ങളെയും, തന്നെയേല്പിച്ചിട്ടാണ് അച്ഛൻ വിടപറഞ്ഞത്. തങ്ങൾ താമസം പിന്നീട് തറവാട്ടിലേക്കു മാറ്റി. ചോർന്നൊലിക്കുന്ന തറവാടുവീട്… ഉദരരോഗം ബാധിച്ച ഭർത്താവിൻ്റെ അടിക്കടിയുള്ള അനാരോഗ്യപ്രശ്നങ്ങൾ… എൽ.പി. സ്കൂൾ അദ്ധ്യാപകനായിരുന്ന ഭർത്താവിൻ്റെവരുമാനം മാത്രംവെച്ച്, പത്തുപേരുള്ള ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തികഞെരുക്കങ്ങൾ… ജീവിതത്തിലെ കയ്പ്പുനീരിൻ്റെ തീവ്രത കൂടിക്കൂടി വരികയായിരുന്നു.

പക്ഷെ…ഒന്നും തൻ്റെ ഇച്ഛാശക്തിയെ തകർത്തില്ല. പെൺമക്കളെ രണ്ടുപേരെയും അടുക്കളയിൽനിന്നും മാറ്റിനിർത്തി, അവർക്ക് ആവുന്നത്ര വിദ്യാഭ്യാസംനല്കി. അതുപോലെ സഹോദരന്മാരെയും ആൺമക്കളെയും നല്ലരീതിയിൽ പഠിപ്പിച്ചു. അരയും തലയും മുണ്ടും മുറുക്കി താൻ പിന്നീട് അടുക്കളയിൽനിന്നും അരങ്ങത്തേയ്ക്കുമിറങ്ങി. ഭാഗംവെച്ചു കിട്ടിയ തരിശുപറമ്പും കണ്ടവുമൊക്കെ കൃഷിക്ക് അനുയോജ്യമാക്കി. കുറച്ചു വർഷങ്ങൾക്കുശേഷം അദ്ധ്വാനത്തിൻ്റെ…വിയർപ്പിൻ്റെ…ഗുണ ഫലങ്ങൾ തേങ്ങയായും അടയ്ക്കയായും നെല്ലായും പച്ചക്കറികളായുമൊക്കെ ഭൂമിയും തിരിച്ചുതന്നുതുടങ്ങി. അതോടൊപ്പം തങ്ങളുടെ ജീവിതവും പച്ചപിടിച്ചു. കടങ്ങൾ കുറെശ്ശെയായി വീട്ടിത്തീർത്തു. വീട് പുതുക്കിപ്പണിതു. ഭർത്താവിന് ഒരോപ്പറേഷൻവഴി കാര്യമായ രോഗശാന്തി ലഭിച്ചു. സഹോദരന്മാർക്കും ആൺമക്കൾക്കും മാത്രമല്ല പെൺമക്കൾക്കുപോലും തരക്കേടില്ലാത്ത ജോലികൾ കണ്ടെത്താൻകഴിഞ്ഞു. എല്ലാവരേയും നല്ലനിലയിൽതന്നെ ദാമ്പത്യജീവിതത്തിലേക്കും പറഞ്ഞുവിട്ടു. അപ്പോഴേക്കും ഉരുക്കുവനിതയെന്ന ഒരു വിശേഷണംകൂടെ പലരും തനിയ്ക്കു ചാർത്തിത്തന്നിരുന്നു.

എന്നിട്ടും കണ്ടകശ്ശനി, തന്നെ തീരേ വിട്ടുപോയില്ല. അസുഖബാധ മുഴുവനായും വിട്ടുമാറാതിരുന്ന ഭർത്താവ്, ഷഷ്ടിപൂർത്തി കഴിഞ്ഞയുടനെ, തന്നെ വിട്ടുപോയി. എങ്കിലും വീട്ടിൽ അമ്മ ഉണ്ടായിരുന്നതുകൊണ്ട്, താൻ ഒറ്റപ്പെടലിൻ്റെ വേദന അധികം അറിഞ്ഞില്ല. അതുപോലെ കുട്ടിക്കാലത്ത് വലിയ കയ്പ്പുനീരായി തോന്നിയിരുന്ന അടുക്കളജോലികൾ പിന്നീടെപ്പോഴോ തനിയ്ക്ക് മധുരനെല്ലിയ്ക്കകളായി മാറിയിരുന്നു. കുശിനിപ്പണിയിൽ പ്രാവീണ്യം നേടിയപ്പോൾ, തനിയ്ക്കൊരു ‘ദേഹണ്ഡക്കാരി’ വിശേഷണവും കിട്ടി.
താനുണ്ടാക്കിയിരുന്ന ഉണ്ണിയപ്പവും ചക്കയപ്പവും ഇലയടയും പരിപ്പുപ്രഥമനുമൊക്കെ ആസ്വദിച്ചുകഴിക്കുന്ന കുടുംബാംഗങ്ങളും ബന്ധുക്കളും മക്കളും നാട്ടുകാരുമൊക്കെ അവരുടെ ഭാഗിയുടെ, ഭാഗിയമ്മയുടെ, ഭാഗ്യേച്ചിയുടെ കൈപ്പുണ്യത്തിൻ്റെ കഥകൾ, മറ്റുള്ളവർ കേൾക്കെ ഉറക്കെ പറയുന്നതുകേൾമ്പോൾ, തൻ്റെയുള്ളിലും ഒരു സ്വകാര്യ അഹങ്കാരം പൊട്ടിവിരിയാറുണ്ടായിരുന്നു.

ഓണം തനിയ്ക്കെന്നും ഒരു വികാരമായിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ച് സഹോദരന്മാരും മക്കളുമെല്ലാം ഓണക്കാലത്ത് താഴത്തുവീട്ടിൽ ഒത്തുകൂടുമായിരുന്നു. അവരെയൊക്കെകണ്ടാൽ തനിയ്ക്കാവേശംകുടും. ഓരോരുത്തരുടെയും ഇഷ്ടഭോജ്യമുണ്ടാക്കി, മതിവരുവോളം അത് തൻ്റെ കൈകൊണ്ടുതന്നെ അവർക്ക് ആസ്വദിച്ചു വിളമ്പിക്കൊടുത്ത്, അവരത് മുഴുവനായും കഴിക്കുന്നതുകൂടെ നോക്കിനിന്നാലേ പിന്നീടു തനിയ്ക്കു തൃപ്തിവരൂ.

തിരുവോണസദ്യയൊരുക്കാൻ താൻ ശരിക്കും പെടാപാട് പെടാറുണ്ട്. കാരണം ഓരോരുത്തർക്കും പല പല ഇഷ്ടങ്ങളായിരുന്നു. മുത്തമകൻ കുട്ടന് കുത്തരിച്ചോറ് നിർബ്ബന്ധം. പിന്നെ പായസം പരിപ്പുപ്രഥമനും. അപ്പുവിന് പച്ചരിച്ചോറുതന്നെ വേണം. ഇളയവൻ കണ്ണന് സേമ്യാപ്പായസത്തോടായിരുന്നു താല്പര്യം. അമ്മുവിൻ്റെയും പൊന്നുവിൻ്റെയും ഇഷ്ടങ്ങൾ, താൻതന്നെ കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. എന്തായാലും താമസിയാതെ ഓണത്തിന് രണ്ടുതരത്തിലുള്ള ചോറും പായസവും വീട്ടിൽ നിർബ്ബന്ധമായിത്തുടങ്ങി. തിരുവോണസദ്യയും മറ്റു സദ്യകളും ഉണ്ടാക്കിക്കഴിഞ്ഞാൽ, അതുവിളമ്പുന്ന കാര്യത്തിലും അമ്മ ചെറുപ്പത്തിലേ നിർബ്ബന്ധിച്ചു ചെയ്യിപ്പിച്ചിരുന്ന ചില ശീലങ്ങൾ… ആദ്യം നിലവിളക്കു കത്തിച്ചുവെക്കണം…പിന്നീട് അരി നുരിക്കണം… തുടങ്ങിയവ ഒരു മാമൂലായിത്തന്നെ താനും പിന്നീട് കൊണ്ടുനടന്നിരുന്നു.
“മാതാജീ… ക്യാ ഹൂവാ… ആപ്പ് ഖാത്തീ ക്യോം നഹീ…?”
“മുഝേ ഭൂഖ് നഹി ലഗ്തി ഹേ ബേട്ടേ. മേം ബാദ് മേം ഖാവൂങ്കി.”

തൊട്ടടുത്തിരുന്ന് സദ്യ കഴിച്ചുകൊണ്ടിരുന്ന ഒരു അന്തേവാസിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ്, ഭഗീരഥിയമ്മ മുറിയിലേക്കുപോയി. രാത്രിയിലും സുഖമില്ലെന്നുപറഞ്ഞ് അവർ ഭക്ഷണം കഴിച്ചില്ല. മക്കളെ… സഹോദരൻമാരെ…നാടിനെ…നാട്ടാരെ…നാട്ടിലെ വിശേഷങ്ങളെ പ്രത്യേകിച്ചും ഓണത്തെ, അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്ന.. സ്നേഹിച്ചിരുന്ന താൻ പിന്നീടെങ്ങനെ വാരണാസിയിലേക്കെത്തിപ്പെട്ടുവെന്ന ചിന്തകളാൽ, രാത്രിമുഴുവൻ അവർ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ അക്കാര്യവും അവരുടെ ഓർമ്മയിലേക്ക് തിരികെവന്നു.

അക്കൊല്ലത്തെ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുപോവുമ്പോൾ കുറച്ചുപണം തന്നെയേല്പിച്ചിട്ട്, കുട്ടൻ പറഞ്ഞു.
“ഭാഗ്യമ്മേ… എനിയ്ക്ക് നേരിട്ട് വരാൻ നേരം കിട്ടുമോയെന്നറിയില്ല. ഞാൻ പണം തന്നില്ലെങ്കിലും നിങ്ങൾ നടത്തുമെന്നറിയാം. എങ്കിലും ഇപ്പോൾ അമ്പലത്തിലെ പൂജകൾക്കെല്ലാം ചെലവേറിയില്ലേ. എൻ്റെ പിറന്നാളിന് സ്ഥിരം കഴിക്കുന്ന വഴിപാടുകളൊന്നും ഇക്കൊല്ലവും മുടക്കേണ്ട കേട്ടോ. പിന്നെ നിങ്ങളുടെ സ്ഥിരം പതിവുകളും… ”

പണംവാങ്ങി കുറച്ചുസമയം ആലോചിച്ചുനിന്നതിന്നുശേഷം താൻ ചോദിച്ചു.
“കുട്ടാ…നിൻ്റെ നക്ഷത്രമെന്തായിരുന്നു. ഞാൻ മറന്നുപോയല്ലോ…”

അവൻ പൊട്ടിച്ചിരിച്ച്, തൻ്റെ പുറത്തുതട്ടിക്കൊണ്ടു പറഞ്ഞു.
“അയേൺലേഡിയായ ഭാഗ്യമ്മയ്ക്ക് തമാശ പറയാനും അറിയാം അല്ലേ. അവിട്ടത്തൂർനാട്ടിലെ സർവ്വരുടെയും ജനനത്തീയ്യതിയും ജനിച്ചസമയവുംവരെ, മനസ്സിലെ കലണ്ടറിലും പഞ്ചാംഗത്തിലുംനോക്കി കിറുകൃത്യമായി പറയുന്ന ഭാഗ്യേച്ചിക്ക്, മൂത്തമകൻ്റെ നക്ഷത്രം അറിയില്ല അല്ലേ. വെറുതെ ആളെ പരിഹസിക്കല്ലേ…”

പക്ഷെ, താൻ പരിഹസിച്ചതായിരുന്നില്ല. കുറച്ചുകാലമായി തനിയ്ക്ക് ചില ഓർമ്മപ്പിശകുകൾ കടന്നുവരുന്നുണ്ടായിരുന്നു. അവൻ പറഞ്ഞതുപോലെ നാട്ടിലെ ഒട്ടുമിക്ക ആളുകളുടെയും കാര്യങ്ങൾ തനിയ്ക്ക് മന:പ്പാഠമായിരുന്നു. ഭാഗ്യേച്ചീ എന്നു വിളിച്ച് മിക്കദിവസവും പലരും വീട്ടിലേക്കു കടന്നുവരും. അവരുടെ കുട്ടികളുടെ ഇരുപത്തിയെട്ട്, ചോറൂണ്, പിറന്നാൾ… എന്തിനേറെ വിവാഹപ്പൊരുത്തംവരെ തന്നോട് ചോദിച്ച് തീയ്യതിയും സമയവുമൊക്കെ കൃത്യത വരുത്തിയാലേ അവർക്ക് സമാധാനമാവൂ. ഒരു കാര്യവും വരുന്നവരോട് തിരിച്ചുചോദിക്കേണ്ടി വരാറില്ലാത്ത തനിയ്ക്ക്, പക്ഷെ… അടുത്തകാലത്ത് ഓർമ്മക്കുറവുമൂലം പലവിവരങ്ങളും അവരോട് ചോദിച്ചറിയേണ്ടിവരുന്നുണ്ട്. പക്ഷെ… മറവിയെക്കുറിച്ച് എന്തെങ്കിലും മക്കളോട് തുറന്നുപറയാൻ തനിയ്ക്ക് ഭയമായിരുന്നു.

കുട്ടൻ്റെ പിറന്നാൾതലേന്ന് അമ്പലത്തിൽ പോയി തൊഴുതുമടങ്ങുമ്പോൾ, അമ്പലത്തിൽ വഴിപാട് ശീട്ടാക്കുന്ന ഉമേഷ് ഉറക്കെ വിളിച്ച്
“എന്താ ഭാഗ്യേച്ചീ… ഇപ്രാവശ്യം പതിവുകളൊക്കെ തെറ്റിച്ചോ. നാളെ ഓണം കഴിഞ്ഞുവരുന്ന മകമല്ലേ. കുട്ടൻ്റെ പിറന്നാളിൻ്റെ വഴിപാടുകൾക്കെല്ലാം ഇന്നേ ശീട്ടാക്കേണ്ടേ. എന്നാലല്ലേ ദിവസപൂജയൊക്കെ നാളെത്തന്നെ ചെയ്യാൻ പറ്റൂ… ”
എന്നു പറഞ്ഞതു കേട്ടപ്പോഴാണ്, പിന്നീട് തനിയ്ക്ക്, കുട്ടൻ്റെപിറന്നാൾ മാത്രമല്ലാ നക്ഷത്രംപോലും ഓർമ്മവന്നത്!!…

അതുപോലെ വഴിപാടുകൾ രസീതാക്കുമ്പോൾ
” പായസം വേണ്ടല്ലോ… മകത്തിന് ഭാഗ്യേച്ചി സ്ഥിരം വീട്ടിൽ മണ്ണിയല്ലേ ഉണ്ടാക്കാറ്”
എന്നുള്ള ചിരിച്ചുകൊണ്ടുള്ള ഉമേഷിൻ്റെ വാക്കുകൾ കേട്ടിരുന്നില്ലെങ്കിൽ, കുട്ടന് ഓർമ്മവെച്ചനാൾ മുതൽ, ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞുവരുന്ന, അവൻ്റെ മകംപിറന്നാളിന് താൻ ഉണ്ടാക്കാറുള്ള… അരിപ്പൊടി കലക്കി ശർക്കരയും തേങ്ങയുമൊക്കെ ചേർത്ത്, തിളപ്പിച്ച് കുറുക്കിയെടുക്കുന്ന മണ്ണി അക്കൊല്ലം താനുണ്ടാക്കില്ലായിരുന്നു!!…
എന്തിനേറെപ്പറയണം…? മണ്ണി ഉണ്ടാക്കിക്കഴിഞ്ഞ് അത് ദൂരെയുള്ള കുട്ടൻ്റെ താമസസ്ഥലത്തേയ്ക്കെത്തിച്ച് തിരിച്ചുവരുമ്പോൾ ബസ്സിറങ്ങേണ്ടുന്ന സ്വന്തംസ്ഥലത്തിൻ്റെ പേരുപോലും പെട്ടെന്ന് കണ്ടക്ടറോട് പറയാൻ തനിയ്ക്കന്നു കഴിഞ്ഞില്ല!!

അന്നുരാത്രി താനുറങ്ങിയതേയില്ല. അൽഷിമേഷ് ബാധിച്ച പലരുടെയും നീറുന്ന ദുരിതക്കാഴ്ച്ചകൾ തൻ്റെ കൺമുന്നിലൂടെ കടന്നുപോയി. ഓർമ്മവെച്ചനാൾ മുതൽ ഇന്നേവരെ ആർക്കും ഒരു ഭാരമാവാതെ ജീവിച്ചു. ഇനി നാളെ, മക്കൾക്കൊക്കെ ഒരു ഭാരമായി ജീവിക്കേണ്ടിവരുന്ന ഒരവസ്ഥയെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച് എങ്ങനെയോ നേരം വെളുപ്പിച്ചു. രാവിലെ എഴുന്നേറ്റപ്പോൾ, ചില ഉറച്ച തീരുമാനങ്ങളെടുത്തിരുന്നു. അമ്പലത്തിൽ സ്ഥിരമായി വായനയ്ക്കു വന്നിരുന്ന ഒരു സ്വാമിജിയെ നന്നായിട്ടറിയാമായിരുന്നു. അദ്ദേഹത്തെ പോയിക്കണ്ട് മനസ്സിലെ ആകുലതകൾ പങ്കുവെച്ചു.

അടുത്തമാസം സ്വാമിജി വാരണാസിയിലേക്ക് പുറപ്പെട്ടപ്പോൾ, ഒരുമിച്ച് താനുമുണ്ടായിരുന്നു. മക്കൾക്ക് പോകുന്നസ്ഥലം മനസ്സിലാകാതിരിക്കാൻ, മൊബൈൽ വീട്ടിൽത്തന്നെവെച്ചു. നാടുവിട്ടു പോകാനുള്ള കാരണങ്ങളെല്ലാം വിശദമായെഴുതി, നാട്ടിലെ പോസ്റ്റ്ഓഫീസിൽനിന്നുതന്നെ, കുട്ടന് ഒരു കത്തയച്ചു.

സ്വാമിജി കാശിയിലെ ഒരു സന്യാസിമഠത്തിലേക്കാണ്, തന്നെ കൂട്ടിക്കൊണ്ടുപോയത്. നാലുവർഷത്തോളം അവിടെ താമസിച്ചു. പക്ഷെ, ആശ്രമജീവിതത്തിനും തൻ്റെ മായുന്ന ഓർമ്മകൾക്ക് പ്രതിവിധി കണ്ടെത്താൻ കഴിഞ്ഞില്ല. ഒരുവർഷംമുമ്പ്, മഠാധിപതി സമാധിയടഞ്ഞപ്പോൾ, ആ ആശ്രമം അടച്ചുപൂട്ടി, അന്തേവാസികളെയൊക്കെ ഇങ്ങോട്ടേക്കുമാറ്റി. പുതിയ ആശ്രമ അന്തരീക്ഷം തന്നിലെ ചില ഓർമ്മകൾക്കൊക്കെ ചിറകുകൾ തന്നിരുന്നു. ഇന്നിതാ… ഇന്നത്തെ അത്തം സദ്യ, അഞ്ചുകൊല്ലങ്ങൾക്കുശേഷം തനിയ്ക്ക് പഴയ ഓണം ഓർമ്മകളെ തിരിച്ചുതന്നിരിക്കുന്നു. നാടിനെയും മക്കളേയും ഓർമ്മയിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു. ഈശ്വരാ… പത്തുദിവസം കഴിഞ്ഞാൽ തിരുവോണമായി. മക്കൾക്കു വിളമ്പാതെ താനെങ്ങനെ ഓണസദ്യ കഴിക്കും…?

പ്രഭാതം പൊട്ടിവിർന്നപ്പോൾ ഭഗീരഥിയമ്മ തികച്ചും ഉന്മേഷവതിയായിരുന്നു. അവർ ആശ്രമാധികാരിയെകണ്ട് കാര്യങ്ങൾ വിശദമായി സംസാരിച്ചു. നാട്ടിലാരെയും ഓർമ്മയില്ല. ആരുടെയും ഫോൺ നമ്പറും ഓർക്കുന്നില്ല എന്നൊക്കെ പറയാറുള്ള ഭഗീരഥിയമ്മ മണി മണിയായി ഒരു മൊബൈൽനമ്പർകൂടെ പറയുന്നതുകേട്ടപ്പോൾ അധികാരി തികച്ചും അത്ഭുതസ്തബ്ധനായി. ആശ്രമത്തിൽനിന്നുവന്ന ഫോൺവിളി മക്കൾക്കെല്ലാം കർണ്ണപീയൂഷമായിരുന്നു. അന്നുതന്നെ കുട്ടൻ വാരണാസിയിലേക്കു പറന്നു.

അഞ്ചുവർഷക്കാലത്തിനുശേഷം അവിട്ടത്തൂരിലെ താഴത്തുവീട് ഓണാഘോഷത്തിനായി വീണ്ടുമുണർന്നു. കുടുംബാംഗങ്ങൾക്ക് ഇപ്രാവശ്യം വരവേല്ക്കാൻ മാവേലി മാത്രമല്ല, പുനർജന്മം ലഭിച്ച തറവാട്ടമ്മയും ഉണ്ടായിരുന്നു. താനുണ്ടാക്കിയ തിരുവോണസദ്യ, ഭഗീരഥിയമ്മ ആദ്യം നിലവിളക്ക് കത്തിച്ചുവെച്ച് ഗണപതിക്ക് നേദിച്ചു. പിന്നീട് സഹോദരന്മാരുടെയും മക്കളുടെയും പേരമക്കളുടെയുമെല്ലാം തലയിൽ അരിനുരിക്കുമ്പോൾ അവരുടെ കണ്ണുകൾ ഇലകളിൽ സന്തോഷാശ്രുക്കൾ വർഷിക്കുകയായിരുന്നു. അമ്മയുടെ സന്തോഷം മക്കളിലേക്കും പടർന്നിറങ്ങിയപ്പോൾ, സദ്യ വിളമ്പുന്നതിന്നു മുന്നോടിയായുള്ള ഇല കഴുകൽ ആർക്കും ആവശ്യമായി വന്നില്ല!!

ഉണ്ണി ആവട്ടി (ഡോ.ടി.വി.ഉണ്ണിക്കൃഷ്ണൻ)

RELATED ARTICLES

3 COMMENTS

  1. അൽഷിമേഷ് എന്ന രോഗത്തെ അതിജീവിച്ച് വീണ്ടും തൻ്റെ ജീവിതത്തിലേയ്ക്ക് ഒരു ഓണക്കാലത്ത് മടങ്ങിയെത്തിയ അവിട്ടത്തൂരിലെ ഭാഗീരഥി അമ്മയുടെ കഥ പുനർജ്ജനി അസ്സലായിട്ടുണ്ട് ഉണ്ണി ആവട്ടി സാറേ✍️🤝 അഭിനന്ദനങ്ങൾ💐😊🌹

  2. കഥ പ്രസിദ്ധീകരിച്ച മലയാളി മനസ്സു പത്രാധിപർക്കും അഡ്മിൻസിനും നന്ദി… സ്നേഹം. വായിച്ച് അഭിപ്രായ നിർദ്ദേശങ്ങൾ നല്കിയ പ്രിയപ്പെട്ട വായനക്കാർക്കും ഹൃദയത്തിൽ തട്ടി സ്നേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ