വാഷിംഗ്ടൺ: ഇറാനിലെ ‘പിക്കാക്സ് മൗണ്ടൻ’ ആണവ കേന്ദ്രത്തിന് നേരെ ശക്തമായ ആക്രമണം ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘പിക്കാക്സ് മൗണ്ടൻ’ പ്രദേശത്ത് അമേരിക്ക വളരെ പെട്ടെന്ന് തന്നെ ശക്തമായ ആക്രമണം നടത്തും. അതിനെ തടയാൻ ഇറാന് ഒന്നും ചെയ്യാനാവില്ല. സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു കാര്യം മുൻകൂട്ടി പറയാറില്ല. എതിരാളികൾക്ക് അത് തടയാൻ കഴിയുമെന്ന് കരുതിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
ഇറാൻ ഈ കേന്ദ്രത്തിലേക്ക് ആണവ സെൻട്രിഫ്യൂജുകൾ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനോടും ട്രംപ് പ്രതികരിച്ചിരുന്നു. ‘അതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ കൈവശമില്ല. എന്നാൽ ആണവ വസ്തുക്കളുടെ നീക്കമാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്. അതാണ് നിർണായകം’ എന്നായിരുന്നു ട്രംപിൻ്റെ മറുപടി. മധ്യ ഇറാനിലെ നത്താൻസിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കായാണ് ഈ ഭൂഗർഭ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവ ഇന്ധനം നിർമ്മിക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ഭാവി സൗകര്യമെന്ന നിലയിലുള്ളതാണ് ഈ കേന്ദ്രമെന്ന് 2020-ൽ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു. റേഡിയോ അവതാരകനായ ഹ്യൂ ഹ്യൂയിറ്റിന് കഴിഞ്ഞ ആഴ്ച നൽകിയ അഭിമുഖത്തിലും പിക്കാക്സ് മൗണ്ടനെ ഉടൻ തന്നെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം, ഇറാൻ അത്യാധുനിക സെൻട്രിഫ്യൂജുകളും ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഒരു ഭാഗവും പിക്കാക്സ് മൗണ്ടൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇസ്രയേൽ വിശ്വസിക്കുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിഷയത്തിൽ അറിവുള്ള ഒരു ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് സിഎൻഎൻ റിപ്പോർട്ട്.
അമേരിക്കയിലെ വരാനിരിക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പോ ഇറാനുമായുള്ള സംഘർഷമോ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിനോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. ‘അത് എന്നെ ഒരു തരത്തിലും ബാധിക്കില്ല. ഞാൻ ശരിയായ കാര്യമാണ് ചെയ്യുക. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്ന ചിന്തയോടെയല്ല ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. അതിന് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ല’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. വിദേശകാര്യത്തിലെ നയപരമായ തന്റെ നടപടികൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, ഈ വർഷം ആദ്യം വെനസ്വേലയിൽ നടത്തിയ അമേരിക്കൻ നടപടികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ട്രംപ് അവകാശപ്പെട്ടു.



