ജാതി, മതം തുടങ്ങിയവ എല്ലാം തന്നെ സാമൂഹിക വിഭജനങ്ങളാണെങ്കിലും ലിംഗ വിഭജനത്തിന് അവക്കൊന്നും ഇല്ലാത്ത ഒരു പ്രത്യേകത തന്നെയുണ്ട്. അത് മറ്റൊന്നുമല്ല. അത് സാർവത്രികവും കാലത്തിനു അതീതവുമാണ് എന്നതാണ്. ദേശ യുഗാന്തരങ്ങളിൽ പുതിയ രൂപത്തിലും ഭാവത്തിലും അതങ്ങനെ ഭ്രമണം ചെയ്യും. അത് കൊണ്ട് തന്നെയാണ് സ്ത്രീശാക്തീകരണം എന്ന വിഷയം എക്കാലത്തും ആനുകാലിക പ്രസക്തമാവുന്നതും. ലോക സാമ്പത്തികഫോറം, യു എൻ തുടങ്ങിയ സംഘടനകളുടെ സർവ്വേകൾ പ്രകാരം 100 മുതൽ 200 വർഷങ്ങൾ വരെ ഇനിയും കാത്തിരിക്കേണ്ടി വരും പൂർണമായ സ്ത്രീ പുരുഷ സമത്വം ലോകത്തുടനീളം നിലവിൽ വരുന്നതിനായിട്ട്. ഇത്തരത്തിലുള്ള കണക്കുകൾ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകത അങ്ങേയറ്റം അത്യന്താപേക്ഷിതമാണ് എന്ന വസ്തുത വിളിച്ചോതുന്നു. എന്നാൽ തന്നെയും സ്ത്രീ ശാക്തീകരണം എന്നത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുള്ള അകലമാണ് എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. അത് പതിറ്റാണ്ടുകൾക്ക് മുൻപുള്ള സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രാവാക്യമായിരുന്നു. ഇന്ന് പുരുഷൻ തന്നെ ജോലി ഉള്ള പെണ്ണിനെ മതി എന്ന് പറയുമ്പോൾ, ഒരേ സമയം അടുക്കളയും അരങ്ങും കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേക്ക് ഭൂരിഭാഗം സ്ത്രീകളും ചെന്നെത്തുന്നു. ആ സ്ഥിതിക്ക് സ്ത്രീ ശാക്തീകരണം എന്നതിന്റെ അടിസ്ഥാനം ആരംഭിക്കേണ്ടത് തന്നെ ഓരോ വീടുകളിൽ നിന്നുമായിരിക്കണം. അടുക്കള എന്നു പറയുന്നത് സ്ത്രീകൾക്ക് മാത്രം അവകാശപ്പെടുത്തി കൊടുക്കേണ്ട ഒന്നല്ല. വീട്ടിലെ എല്ലാ ജോലികളും വേർതിരിവില്ലാതെ സ്ത്രീയും പുരുഷനും ചെയ്യണം. അങ്ങനെയാവുമ്പോൾ മാത്രമെ ലിംഗവിവേചനം എന്ന കാഴ്ച്ചപ്പാട് മാറുയുളളൂ. പുരുഷാധികാരവും സ്ത്രീവിധേയത്വവും ഇല്ലാതാവൂ.പരസ്പരം ബഹുമാനിക്കാനും അംഗീകരിക്കാനും സാധിക്കുകയുളളൂ. സമൂഹത്തിന്റെ പുരോഗതിയുടെ ഉറവിടം എന്നു പറയുന്നത് ഓരോ വീടുകളിൽ നിന്നുമാണ്.
സാമ്പത്തിക സ്വാതന്ത്ര്യം ഒരു പരിധി വരെ ലിംഗവിവേചനത്തെ ചെറുക്കുമെങ്കിലും, ഔദ്യോഗിക ജോലി ഭാരത്തോടൊപ്പം കുടുംബത്തിനോടുള്ള കടമകൾ നിറവേറ്റാൻ പെടാപാട് പെടുന്ന സ്ത്രീ ജനങ്ങളെ ആണ് നാം പലപ്പോഴും കാണുന്നത്.
ലിംഗ വിവേചനത്തിന്റെ ഏറ്റവും വലിയ ഇരകൾ മിക്കപ്പോഴും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളാണ്. അത് കൊണ്ട് സമൂഹത്തിൽ താരതമ്യേനെ ഉയർന്ന നിലയിൽ ജീവിക്കുന്നവർക്ക് അതൊരു കെട്ടു കഥയായി തോന്നിയേക്കാം. എന്നാൽ സമൂഹത്തിലെ നല്ലൊരു വിഭാഗം സ്ത്രീകൾ ഇന്നും തങ്ങളുടെ സ്വപ്നങ്ങളും യൗവനവും അത്തരം വിവേചനങ്ങൾക്ക് അടിമപെടുത്തുന്നു എന്നതാണ് യാഥാർഥ്യം. സ്ത്രീ ശക്തിയാണെന്ന് വിശ്വസിക്കുന്ന ഈ രാജ്യത്ത് സ്വയം പുരുഷന്മാരുടെ അടിമകളാവുന്ന സ്ത്രീകളെ മാത്രമെ ഈ ശാക്തീകരണ പ്രക്രിയയിൽ പെടുത്തേണ്ടതുള്ളു. ഇന്ന് സ്ത്രീക്ക് അനിവാര്യമായ ഒന്ന് സാമ്പത്തിക ശാക്തീകരണമാണ്. അത് കുടുംബത്തിലെ അസമത്വവും ദാരിദ്ര്യവും പരിഹരിക്കുന്നതിന് സഹായകമാവുന്നു. കൂടാതെ കുട്ടികളുടെയും കുടുബത്തിന്റെയും ആരോഗ്യം വിദ്യാഭ്യാസം എന്നിവക്ക് ഇത് വലിയ സംഭാവനയുമാവുന്നു. ഇത് മൊത്തത്തിലുള്ള സാമൂഹ്യ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അതുപോലെ പലപ്പോഴും പുരുഷ വരുമാനം വികേന്ദ്രീകരിക്കപ്പടുമ്പോൾ തുച്ഛമായതായാലും കൊഴിഞ്ഞു പോകാത്ത സ്ത്രീ വരുമാനം കുടുംബത്തിനുള്ളിലേക്കു കേന്ദ്രീകൃതമാവുന്നു. തൊഴിലുറപ്പായാലും കൂലിപ്പണിയോ സംരഭകത്വമോ ബിസിനസ്സോ എന്നുവേണ്ട കുടുംബത്തിലെ കൂലിയില്ലാ തൊഴിലടക്കം എന്ത് ജോലി ആയിരുന്നാലും സാമ്പത്തിക മേഖലക്ക് ശക്തമായ സംഭാവന നൽകുന്നത് ഇന്നത്തെ സ്ത്രീകളാണ്.
സർവ്വമേഖലയിലും ലിംഗഭേദമില്ലാതെ അവസരങ്ങളും, വേതനത്തിൽ തുല്യതയും നിയമനിർമ്മാണത്തിൽ തുല്യ പങ്കാളിത്തവും കൊണ്ടു വരാതെ കവല പ്രസംഗങ്ങളിൽ ഈ ശാക്തീകരണം കൊട്ടിഘോഷിച്ചതു കൊണ്ടായില്ല. എല്ലാ അവകാശങ്ങളും തുല്യമോ അതിൽ കൂടുതലോ അനുവദിച്ചു കിട്ടിയ ഒരു വിഭാഗത്തെ വിദ്യാഭ്യാസ സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ സാമ്പത്തീക മേഖലകളിൽ കാര്യക്ഷമമായ ഇടപെടലുകൾക്കായി വേദിയൊരുക്കി കൊടുക്കുകയാണ് വേണ്ടത്.
ശാക്തീകരണമല്ല അവർക്ക് ചിറകുകളാണ് ആവശ്യം. സമൂഹം അതു നൽകുക. എത്ര ഉയരത്തിലും പറക്കാനുള്ള ശക്തി അവളിലുണ്ട്. സ്വതന്ത്രമായി പറക്കാനുള്ള പ്രോത്സാഹനമാവുക. സ്ത്രീകൾക്ക് സ്വന്തമായ തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്രം നൽകേണ്ടത് സ്ത്രീയും പുരുഷനുമടങ്ങുന്ന ഈ സമൂഹമാണ് എന്ന വസ്തുത നാമോരുത്തരും മറക്കാതിരിക്കുക. ശാക്തീകരണം എന്ന് പറയുന്നത് സ്ത്രീക്ക് ആരും പതിച്ചു കൊടുക്കേണ്ട ഔദാര്യമല്ല. മറിച്ച് അവളുടെ അവകാശമാണത്. ആ ലക്ഷ്യത്തിലെത്താൻ സമൂഹം അവളുടെ കൂടെ നില്ക്കുകയാണ് വേണ്ടത്. പക്ഷേ ഇന്നത്തെ സമൂഹത്തിൽ അങ്ങനെ ഒരു അവസ്ഥയല്ല കാണുന്നത്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും സമൂഹം സ്ത്രീ അബലയാണെന്ന് മുദ്ര കുത്തുന്നു. സ്ത്രീകൾക്കും കുഞ്ഞു പെൺകുട്ടികൾക്കും നേരെ ഉണ്ടാവുന്ന പൈശാചികമായ ആക്രമണങ്ങൾ ഇതിനു ഉദാഹരണങ്ങളാണല്ലോ. ‘സ്ത്രീ തന്നെ ധനം’ എന്ന് പ്രസംഗിക്കുമെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ എത്രയെത്ര പെൺകുട്ടികൾക്കാണ് ജീവനും ജീവിതവും നഷ്ടപ്പെട്ടത്. സ്ത്രീയും പുരുഷനും സമൂഹത്തിലെ തുല്യപ്രാധാന്യമുളള രണ്ട് വ്യക്തിത്വങ്ങള്‍ ആണ് എന്ന തിരിച്ചറിവ് ഉണ്ടാവുമ്പോഴേ സ്ത്രീ ശാക്തീകരണം എന്ന സാക്ഷാത്ക്കാരത്തിലേക്ക് നമുക്കു എത്തിച്ചേരാൻ പറ്റൂ.
ഈ ഒരു സാഹചര്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ രൂപവും മാറേണ്ടിയിരിക്കുന്നു. പുതിയതായി വിഭാവനം ചെയ്ത “നാരി ശക്തി ” പോലുള്ള നിയമ നിർമാണങ്ങൾ ഈ ഒരു ദിശയിൽ പ്രതീക്ഷ ഉളവാക്കുന്നതാണ്. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പുരുഷന്മാരുടെ കണ്ണുകളിലൂടെ മാത്രം അല്ല പരിഹരിക്കപ്പെടേണ്ടത് മറിച്ച് സ്ത്രീകൾ തന്നെയാണ് അതിനുള്ള കേന്ദ്രങ്ങളായി മാറേണ്ടത് എന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. സ്ത്രീകളെ ശക്തരാക്കുന്നതല്ല ശാക്തീകരണം. സ്ത്രീകൾ ഇതിനകം ശക്തരാണെന്ന് സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കുന്നതിനുള്ള സമത്വമാവണം ഇവിടെ വേണ്ട അത്യന്തികമായ ലക്ഷ്യം. സ്ത്രീ സർവ്വംസഹയാണ്, അമ്മയാണ്, ദേവിയാണ് എന്ന സങ്കല്പമല്ല ഇവിടെ വേണ്ടത്. സ്ത്രീ ഒരു വ്യക്തിയാണ്. കുടുംബത്തിലായാലും സമൂഹത്തിലായാലും പുരുഷനോളം തന്നെ അവകാശവും അധികാരവും ഉളള ഒരു വ്യക്തി. മറ്റുള്ളവർക്ക് കടിച്ചു കീറാനുളള ഇരയാവാതെ ഉറച്ച കാൽവെപ്പുകളോടെ സ്ത്രീ ശാക്തീകരണം എന്ന ശക്തിമണ്ഢലം ഓരോ സ്ത്രീയും സ്വായത്തമാക്കിയിരിക്കണം.




അത്ര ശക്തീകരണം കടലാസിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം