ഉടൽ പകുത്ത
തുരുത്തിനുള്ളിൽ
നൊണ്ണുനോവുന്നു
പലർ പകുത്ത പെണ്ണിനുള്ളിൽ
ഭ്രാന്തുപൂക്കുന്നു.
നടുമുറിഞ്ഞൊരു
പാമ്പുപോലെ
നോവുചുറ്റുന്നു
പലർകൊടുത്ത
വിഴുപ്പുകെട്ടവൾ
വിയർത്തൊഴിക്കുന്നു.
പതം പറഞ്ഞൊരു
കാക്കപ്പെണ്ണോ
തലയ്ക്കു ചുറ്റുന്നു.
പൊക്കിൾക്കൊടിയിൽ
മണത്തുകൊണ്ടൊരു
പട്ടികുരയ്ക്കുന്നു.
ചുവന്നപൂവിൻ
വരണ്ടചുണ്ടിൽ
തിരണ്ടചോര-
ച്ചൂടാലർച്ചന,
ജനിച്ചദേഷ്യം തീർക്കാനായവ-
നലറിക്കരയുന്നു.
ഈറ്റുവെള്ളം
മുണ്ടിലുരച്ച-
വളട്ടഹസിക്കുന്നു,
രാത്രിഭ്രാന്തി-
ന്നുപശാന്തിക്കാരെ
ആട്ടിയകറ്റുന്നു.
ഇരുണ്ടരാവി-
ലവളവർക്കൊരു
എരിഞ്ഞ കൊണ്ടാട്ടം,
പഴുത്ത പകലിലവളവർക്കൊ
പുഴുത്ത പ്രാന്തത്തി.
മുഖത്തുപുച്ഛച്ചിരി പരത്തി
മാന്യരൊളിക്കുന്നു,
പലർപകുത്ത
ഭ്രാന്തിനുള്ളിൽ
കടൽതിളയ്ക്കുന്നു.



