ബംഗളുരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടകയിൽ ബസ് കാത്തുനിന്ന യുവതിയെ പട്ടാപ്പകൽ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കാക്യപ്പടവ് സ്വദേശി ലാവണ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ
പ്രതി ചേതനായി അന്വേഷണം ഊർജിതമാക്കി പോലീസ്.
പ്രണയ പകയിലാണ് കർണാടക ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻ്റിൽ 21 കാരിയെ യുവാവ്
വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ കല്ലഡ്കയിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയായിരുന്നു ലാവണ്യ. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതി ചേതൻ അവിടെ എത്തിയത്. തുടർന്ന് കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് വെട്ടുകത്തിയെടുത്ത് ലാവണ്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ ലാവണ്യയെ പ്രതി പിന്നീട് വെട്ടി വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ചേതൻ യുവതിയെ പലതവണ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു.
സംഭവം നടന്നയുടൻ തന്നെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ലാവണ്യയുടെ അകന്ന ബന്ധത്തിൽപെട്ടയാളായ ചേതനുമായി പ്രണയബന്ധം ഉണ്ടെന്ന് പറയപ്പെടുന്നു



