തിരുവനന്തപുരം: കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് തോമസ് ഐസക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അഭിനയ മികവിനെ മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചത്. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ചും പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ടെന്നും എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്ന ഐസക്കിന്‍റെ പരാമര്‍ശം വിവാദമായിരുന്നു.
സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്ന് രമേഷ് പിഷാരടി
തോമസ് ഐസക്കിന്റെ കോമാളി പ്രയോഗവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്കാരം കൂടിയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പറഞ്ഞു.



