പറവൂർ,കുണ്ടറ, ഹരിപ്പാട്,കരുനാഗപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളില്‍ ഒരു പേര് മാത്രവും മറ്റു മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരും ചേര്‍ത്തുള്ള സ്ഥാനാര്‍ഥി പാനല്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കി . ഈ പാനല്‍ മുന്‍ നിര്‍ത്തിയാണ് ആരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം എന്ന ചര്‍ച്ച നടക്കുന്നത് . ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ലിസ്റ്റ് ഏറെക്കുറെ പൂര്‍ത്തിയായി . കൂടിയാലോചനകള്‍ക്ക് ശേഷം ആദ്യ ഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിക്കും .
വിജയ സാധ്യത ഉള്ള നേതാക്കളുടെ പേരുകള്‍ ആണ് പാനല്‍ പട്ടികയില്‍ ഉള്ളത് . ചില മണ്ഡലങ്ങളില്‍ നാല് പേരുകള്‍ വരെ ഉണ്ട് . പറവൂർ,കുണ്ടറ, ഹരിപ്പാട്, കരുനാഗപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളില്‍ ഒരു പേര് മാത്രം ആണ് ഉള്ളത് .ഇവര്‍ സ്ഥാനാര്‍ഥികളാകും .ചലച്ചിത്ര കായിക മേഖലയില്‍ നിന്നുള്ള ചിലരെ സ്ഥാനാര്‍ഥി പാനല്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചു പാനലില്‍ ഉള്ളവരുടെ വിജയ സാധ്യത താഴെക്കിടയില്‍ ഉള്ള പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തും .
പത്തനംതിട്ട ജില്ലയിലെ ഏക പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മണ്ഡലമായ അടൂരില്‍ നാല് പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നു . മുൻ എം.പി. രമ്യാഹരിദാസിനെ ബാലുശ്ശേരിയിലെയും അടൂരിലെയും പാനല്‍ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ ഉള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ “ആളിനെ ” അടൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണം എന്നാണ് പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയിലെ യു ഡി എഫ് അനുകൂല സംഘടനകളുടെ ആവശ്യം .
ബി.ജെ.പി. വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയരുടെ പേര് ആറന്മുളയിലും പാനല്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട് . ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ പാനല്‍ പട്ടികയിലും സന്ദീപ് വാരിയരുടെ പേര് ഉണ്ട് . കെ. മുരളീധരന്റെ പേര് തൃശ്ശൂർ, നേമം, തിരുവനന്തപുരം,വട്ടിയൂർക്കാവ്, മണ്ഡലങ്ങളിലെ പാനലിലുണ്ട്. കോണ്‍ഗ്രസിന് പുറത്തു നിന്നുള്ള രണ്ടു പേരുകളും പാനല്‍ ലിസ്റ്റില്‍ ഉണ്ട് . അന്‍വര്‍ ,സി കെ ജാനു എന്നീ പേരുകള്‍ ആണ് ചര്‍ച്ചയില്‍ ഉള്ളത് .
എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ നേമത്ത് ഏറെ വിജയ സാധ്യത ഉള്ള ആളുകളുടെ പേര് ആണ് പാനല്‍ ലിസ്റ്റില്‍ ഉള്ളത് . ബി ജെ പിയും ഇവിടെ വിജയ സാധ്യത ഉള്ള മണ്ഡലമായി എ പ്ലസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ ശശി തരൂരിനെ ഇറക്കി മണ്ഡലം പിടിക്കാം എന്നൊരു ചര്‍ച്ച ഉയര്‍ന്നു . അഞ്ച് പേരുകള്‍ ആണ് നേമത്ത് കോണ്‍ഗ്രസ് പരിശോധിക്കുന്നത് .



