Monday, October 5, 2026
Homeകേരളംജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങൾ മാറണം

ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങൾ മാറണം

ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ജീവിതശൈലീ രോഗങ്ങളാണെന്നും, ഇത് പ്രതിരോധിക്കാൻ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ‘ഈറ്റ് റൈറ്റ് കേരള’ ക്യാമ്പയിനും മിലറ്റ് മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ ആരോഗ്യം നിർണ്ണയിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണെന്നും ഗുണനിലവാരമുള്ള ഭക്ഷണം രോഗമില്ലാത്ത ജീവിതത്തിന് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന വ്യത്യസ്ത നിയമങ്ങളെ സംയോജിപ്പിച്ച് 2023-ൽ കേരള പൊതുജനാരോഗ്യ നിയമം നടപ്പിലാക്കി.

പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും പരിശോധനകളുടെ എണ്ണത്തിൽ പത്തിരട്ടി വർദ്ധനവ് വരുത്തുകയും ചെയ്തു. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനവും ഹെൽത്ത് കാർഡും നിർബന്ധമാക്കി.

ഹെൽത്ത് കാർഡിന് ആവശ്യമായ ടൈഫോയ്ഡ് വാക്‌സിൻ വില 2000 രൂപയിൽ നിന്നും 80 രൂപയായി കുറച്ച് കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. വ്യാജ ഹെൽത്ത് കാർഡ് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഷവർമ നിർമ്മാണത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനാൽ വാണിജ്യാടിസ്ഥാനത്തിലുള്ള അതിന്റെ ഉപയോഗം നിയന്ത്രിക്കുകയും വെജിറ്റബിൾ മയോണൈസ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഭക്ഷണ പാഴ്‌സലുകൾ എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്യാവുന്ന ഗ്രീവൻസ് പോർട്ടലും ഹോട്ടലുകളുടെ നിലവാരം അറിയാൻ ‘ഈറ്റ് റൈറ്റ് കേരള’ ആപ്പും സജ്ജമാണ്.

ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായി രണ്ട് വർഷം ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടാൻ കേരളത്തിന് കഴിഞ്ഞു. നിലവിൽ എല്ലാ ജില്ലകളിലും മൊബൈൽ ലാബുകൾ സജ്ജമാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചു കഴിഞ്ഞു. എല്ലാവർക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കി കേരളത്തെ ഒരു മികച്ച ഫുഡ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യ സുരക്ഷ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലകൾക്കും ഉദ്യോഗസ്ഥർക്കും മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പുതിയ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും അന്വേഷണ ഉദ്യോഗസ്ഥർക്കായുള്ള മാർഗ്ഗനിർദ്ദേശ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ