കൊച്ചി: ചിരിയുടെ തമ്പുരാന്മാരായ സിദ്ദിഖ്–ലാൽ കൂട്ടുകെട്ടായിരുന്നു ഷാഫിയുടെ സിനിമാസ്കൂൾ. ചിരിപ്പിച്ച് കഥ പറയാൻ ഷാഫി പഠിച്ചത് ആ സ്കൂളിൽ നിന്നാണ്. തമാശയിൽ തുടങ്ങി കഥയിലേക്ക് കയറുന്നതായിരുന്നു ഷാഫി സ്റ്റൈൽ.
ചിരിമാത്രമല്ല അതിൽ കഥയുമുണ്ടാകണമെന്ന് നിർബന്ധമായിരുന്നു. എഴുത്തിൻ്റെ സന്ദർഭത്തിലും ഷൂട്ടിങ്ങിനുശേഷം എഡിറ്റിംഗിലും കഠിനാധ്വാനം ചെയ്തതായിരുന്നു വിജയരഹസ്യം. ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എഴുത്തുകാരനെയായിരുന്നു. അതിനുശേഷമായിരുന്നു മറ്റുള്ളവർക്ക്.
അന്തരിച്ച സംവിധായകൻ സിദ്ദിഖ്, കലാകാരന്മാരുള്ള കുടുംബത്തിൻ്റെ പശ്ചാത്തലം ഷാഫിക്ക് സഹായമായി. അമ്മയുടെ ചെറിയച്ഛൻ്റെ മകനാണ് സിദ്ദിഖ്. സിദ്ദിഖിനെ സിദ്ദിഖണ്ണൻ എന്നാണ് ഷാഫി വിളിച്ചിരുന്നത്. തിരക്കഥാകൃത്ത് റാഫി ജ്യേഷ്ഠനാണ്. അമ്മയുടെ സഹോദരങ്ങൾ നാടക കലാകാരന്മാരായിരുന്നു.
ഇവരുടെ വലിയ കൂട്ടുകുടുംബം താമസിച്ചിരുന്നത് പുല്ലേപ്പടിയിൽ. നഗരത്തിലെ പ്രധാന തിയറ്ററുകളായ ഷേണായീസ്, പത്മ, കവിത എന്നിവയിലേക്ക് ഷാഫിയുടെ വീട്ടിൽനിന്ന് നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയിൽ ഒരു സിനിമ കാണും. അതിനെപ്പറ്റി പിന്നെ ചർച്ച. ജയൻ്റെ പടങ്ങളായിരുന്നു കുട്ടിക്കാലത്ത് ഏറെ ഇഷ്ടം. ജയൻചിത്രങ്ങൾ കണ്ടാണ് സിനിമാപ്രേമം തുടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം സിനിമയാണെന്ന് അന്നേ കരുതി. അങ്ങനെ സിനിമയുടെ വഴിയിൽ ഷാഫിയുമെത്തി.”
ഒരേ റൂട്ടിലെ വിജയസാരഥി.
തമാശയ്ക്കൊപ്പം കഥയോട് ചേർന്നുനിൽക്കുന്ന നാടകീയതയും ചേർന്നതായിരുന്നു ഷാഫിയുടെ ചിത്രങ്ങൾ. ഒരേതരം ചിത്രങ്ങളെടുത്ത് തുടർഹിറ്റുകൾ നേടിയ സംവിധായകൻ. വേഗവും താളവും തെറ്റാതെ ഒരേ റൂട്ടിൽ വണ്ടിയോടിക്കാൻ കഴിയുന്ന അപൂർവം സാരഥികളിലൊരാൾ. വൺമാൻഷോ (2001), കല്യാണരാമൻ (2002), പുലിവാൽകല്യാണം (2003)… ആദ്യ മൂന്ന് സിനിമകളുടെ പേര് മതി ഷാഫി ആരായിരുന്നുവെന്ന് മലയാളികൾക്ക് ഓർത്തിരിക്കാൻ. എല്ലാംതന്നെ കാലത്തെ അതിജീവിച്ച് മലയാളിയെ ചിരിപ്പിക്കുന്ന തമാശപ്പടങ്ങൾ. റാഫി–-മെക്കാർട്ടിൻ, ബെന്നി പി നായരമ്പലം, ഉദയകൃഷ്ണ–-സിബി കെ തോമസ് ഉൾപ്പെടെ മലയാളത്തിലെ ഹിറ്റ് എഴുത്തുകാർ ഷാഫിക്കായി എപ്പോഴും തയ്യാറായിരുന്നു.
തിരക്കഥകൾ അതിലും ഗംഭീരമായി സ്ക്രീനിൽ കാണുമെന്ന് അവർക്ക് ഉറപ്പായിരുന്നു. മമ്മൂട്ടിയും ജയറാമും ദിലീപും പൃഥ്വിരാജും ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്കും വിശ്വാസമുണ്ടായിരുന്നു. അപ്പോഴും നർമത്തിൻ്റെ സൂത്രവാക്യംവിട്ട് ഒരു സിനിമപോലും പരീക്ഷിക്കാൻ മുതിർന്നില്ല. മലയാളസിനിമ തമാശപ്പടങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ് ഷാഫിയുടെ വേർപാട്.”



