കോമിക് പുസ്തകങ്ങളിലെ ആദ്യ സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍മാന്‍. 1938 ഏപ്രിൽ 18 നാണ് എഴുത്തുകാരൻ ജെറി സീഗലും ആർട്ടിസ്റ്റ് ജോ ഷസ്റ്ററും ചേർന്ന് സൂപ്പര്‍മാനെ സൃഷ്ടിച്ചത്. സൂപ്പര്‍മാന്‍ എന്ന കോമിക് കഥാപാത്രത്തിന് 86 വയസായിരിക്കുന്നു. ആദ്യം കോമിക് ഇല്ലസ്ട്രേഷന്‍ കഥാപാത്രമായിരുന്നെങ്കില്‍ പിന്നീട് റേഡിയോ, സീരിയലുകൾ, നോവലുകൾ, സിനിമകൾ, ടെലിവിഷൻ ഷോകൾ, നാടകം, വീഡിയോ ഗെയിമുകൾ അങ്ങനെ സൂപ്പര്‍മാന്‍ കയറിക്കൂടാത്ത ഇടമില്ലെന്നായി. കഴിഞ്ഞ ദിവസം സൂപ്പര്‍മാന്‍ മറ്റൊരു നാഴിക കല്ല് കൂടി കടന്നു. സൂപ്പര്‍മാന്‍റെ ആദ്യ കോമിക് നമ്പര്‍ 1 ന്‍റെ യഥാര്‍ത്ഥ പതിപ്പ് ആറ് മില്യാണ്‍ ഡോളറിന് (ഏകദേശം 49 കോടി രൂപ) ലേലത്തില്‍ പോയി.
അടുത്തിടെ നടന്ന ലേലം 2022-ൽ സൂപ്പർമാൻ നമ്പർ 1-ന്‍റെ 5.3 മില്യൺ ഡോളർ (ഏകദേശം 44 കോടി രൂപ) വിൽപ്പനയെ മറികടന്നു. 2021 -ല്‍ നടന്ന ലേലത്തില്‍ സ്‌പൈഡർമാന്‍റെ ആദ്യ കോമിക് പതിപ്പ് 2021-ൽ 3.6 മില്യൺ ഡോളറിനാണ് (ഏകദേശം 29 കോടി രൂപ) വിറ്റ് പോയത്. സെര്‍ട്ടിഫൈഡ് ഗ്യാരന്‍റി കമ്പനി (Certified Guaranty Company – CGS) സൂപ്പര്‍മാന്‍റെ ആദ്യ പതിപ്പിന്‍റെ 78 കോപ്പുകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.
പഴയ കോപ്പികളാണെങ്കിലും അവ മികച്ച അവസ്ഥയിലായിരുന്നും സിജിഎസ് 10 ല്‍ 8.5 ഗ്രേഡാണ് ഈ കോപ്പികള്‍ക്ക് നല്‍കിയത്. അതേസമയം 0.5 ഗ്രേഡ് നല്‍കിയ ആദ്യ കോപ്പികളിലൊന്ന് നാല് ലക്ഷം ഡോളറിന് കഴിഞ്ഞ സെപ്തംബറില്‍ വിറ്റ് പോയിരുന്നു. പുറത്ത് ഇറങ്ങിയ കാലം മുതല്‍ കുട്ടികളെയും മുതര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിച്ച ഒരു കോമിക്ക് നോവലാണ് സൂപ്പര്‍മാന്‍.
ജെയിംസ് ഗണ്ണിന്‍റെ വരാനിരിക്കുന്ന സൂപ്പർമാൻ ചിത്രത്തിനെ പുതിയ വില്പന സഹായിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ദി മാൻ ഓഫ് സ്റ്റീല്‍ എന്ന ആശയത്തെക്കുറിച്ച് കോമിക് ആർട്ടിസ്റ്റ് റസ്സൽ കീറ്റണിന്, സീഗൽ 1934 എഴുതിയ ഒരു കത്ത് 2,64,000 ഡോളറിന് (ഏകദേശം 2 കോടി രൂപ) നേരത്തെ ലേലം ചെയ്തിരുന്നു. അതേസമയം തോർ, അയൺ മാൻ, ഹൾക്ക്, ആന്‍റ്-മാൻ, വാസ്പ് എന്നീ സൂപ്പര്‍ ഹീറോകളെ ഉൾപ്പെടുത്തി 1963-ൽ ഇറങ്ങിയ അവഞ്ചേഴ്‌സിന്‍റെ ഒരു കോമിക്ക് പതിപ്പാണ് ലേലത്തില്‍ ഏറ്റവും വലിയ മത്സരം നേരിട്ടത്. സ്റ്റാൻ ലീയുടെയും ജാക്ക് കിർബിയുടെയും കോമിക്, ബ്രെയിൻ ചൈൽഡിന് 4,32,000 ഡോളറാണ് (ഏകദേശം 3 കോടി രൂപ) ലേലത്തില്‍ ലഭിച്ചത്.