Wednesday, January 15, 2025
Homeയാത്രറിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം: മൈസൂർ - കൂർഗ് - കേരളം...

റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം: മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ – (32) – തങ്ങൾ പാറ – വാഗമൺ

റിറ്റ ഡൽഹി

വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.വിനോദസഞ്ചാര മാപ്പിൽ വാഗമൺ സ്ഥാനം പിടിച്ചതോടെ പത്ര മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തി  വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിച്ചിരിക്കുന്നു.

2006 -യിൽ ‘ ഞാൻ കുടുംബം ഒന്നിച്ച് വാഗമൺ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അന്ന് ഇത്രയും ടൂറിസ്സത്തിന് പ്രാധാന്യം ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല താമസിച്ച റിസോർട്ടിലെ സ്വിമ്മിംഗ് പൂളും മീൻ പിടിക്കുന്ന തടാകവും മറ്റുമൊക്കെയായിരുന്നു പ്രധാന ആകർഷണങ്ങൾ. വൈകുന്നേരം റിസോർട്ടുകാർ ഏർപ്പാടു ചെയ്തു തന്ന off road യാത്രയാണ് ഇന്നും ഭീതിയോടെ ഓർക്കുന്നത്. പക്ഷെ ഇന്ന് തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ,  മഞ്ഞ്,മലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടിയിരിക്കുന്നു.

സൂര്യനുദിക്കാത്ത വാഗമൺ എന്നു പറയുന്ന പോലത്തെ ഒരു ദിവസത്തിലായിരുന്നു ഞങ്ങളുടെ യാത്ര. പാറി പറന്നു നടക്കുന്ന കോടമഞ്ഞാണ് വാഗമണ്ണിൻ്റെ സൗന്ദര്യം.

തങ്ങൾ പാറ, മുരുകൻ മല, കുരിശുമല  ഇവ മൂന്നും  വാഗമണ്ണിലെ തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്. ഞങ്ങൾ ‘തങ്ങൾ പാറ’ യാണ് സന്ദർശിച്ചത്.

ഒന്നര കിലോമീറ്റർ നീണ്ടു കിടക്കുന്ന മലയാണ്, സൂഫി വര്യൻ ധ്യാനമിരുന്ന സ്ഥലം എന്ന പേരിൽ അറിയപ്പെടുന്ന തങ്ങൾപാറ. വാഗമൺ യാത്രയിൽ കാഠിന്യമേറിയ മല കയറ്റങ്ങളിൽ ആദ്യത്തേതാണു തങ്ങൾ പാറ. ഞങ്ങൾക്ക് അതൊന്നും പ്രശ്നമല്ല എന്ന മട്ടിൽ കുട്ടികൾ ഓടിക്കയറുകയാണ്. പാറയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന കുട്ടികളെ കണ്ട് പേടിച്ച് വിളിക്കുന്ന അമ്മമാർ….. ഞങ്ങളുടെ  കൂടെ കുട്ടികൾ ഇല്ലാത്ത കാരണം അമ്മമാരെ സമാധാനിപ്പിക്കാനും രണ്ടു ഉപദേശം കൊടുക്കാനുള്ള സന്തോഷത്തിൽ ഞങ്ങളും. പാറയുടെ ഒരു വശത്ത് കണ്ട താഴ് വാര കാഴ്ചയായ തേയിലത്തോട്ടങ്ങളും അവിടെയെല്ലാം പാറി നടക്കുന്ന കോടമഞ്ഞും മനോഹരം.

പാറയുടെ മുകളിലേക്ക് കയറുന്നതിനേക്കാൾ പ്രയാസമാണ് ഇറങ്ങി വരാനായിട്ട് . ചിലപ്പോൾ ബ്രേക്കില്ലാതെ ഓടി ഇറങ്ങേണ്ട അവസ്ഥ.

ഒരു മികച്ച ട്രെക്കിംഗ് ഡെസ്റ്റിനേഷൻ കൂടിയായ ഇവിടെ ഏകദേശം 400 അടി ഉയരമുള്ള ട്രെക്കിംഗ് ആണ്. ട്രെക്കിംഗിനോടൊന്നും പ്രത്യേക മമത ഇല്ലെങ്കിലും കാഴ്ചയുടെ ഭാഗമായിട്ട് ഇത്തരം സാഹസങ്ങൾ ചെയ്തല്ലോ എന്ന  സന്തോഷമായിരുന്നു മടക്കയാത്രയിൽ !

സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ് വാഗമണ്‍. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഗ്ലാസ്സ് ബ്രിഡ്ജിൽ കൂടി ഒരു യാത്ര ആഗ്രഹിച്ചിരുന്നെങ്കിലും കോടമഞ്ഞ് കാരണം പരസ്പരം കാണുന്നത് തന്നെ പ്രയാസമാവുകയായിരുന്നു. അന്നു തന്നെ മടക്കയാത്ര ഉള്ളതു കൊണ്ട് ആ ആഗ്രഹം അവിടെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. പകുതി മനസ്സോടെ അവിടെ നിന്നും യാത്ര പറയുമ്പോൾ ഇനിയും ഒരു വാഗമണ്ണിലേക്കുള്ള യാത്ര  പ്ലാൻ ചെയ്യുന്ന തിരക്കിലായിരുന്നു മനസ്സ്, അത് എന്നാകും എന്നറിഞ്ഞു കൂടാ …. എന്നാലും🤔

Thanks

റിറ്റ ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments