ലോക ക്രിക്കറ്റ് ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറുടെ പേരിലുണ്ടായിരുന്ന ലോകറെക്കോർഡ് ഇനി സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബ്രണ്ടൻ ടെയ്‌ലറിന് സ്വന്തം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം കളിച്ച താരമെന്ന റെക്കോർഡിനാണ് സിംബാബ്‌വെ താരം ഉടമയായത്.
ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ പാഡണിഞ്ഞതോടെയാണ് സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർന്നത്. 2004 ൽ സിംബാബ്‌വെയ്ക്ക വേണ്ടി അരങ്ങേറ്റം കുറിച്ച 40 കാരൻ 22 വർഷവും 148 ദിവസവുമായാണ് സച്ചിനെ പിന്നിലാക്കിയത്. എന്നാൽ മത്സരത്തിൽ വെറും നാല് റൺസെടുത്ത് താരം പുറത്തായി.
സച്ചിൻ 22 വർഷവും 91 ദിവസവും ഏകദിനം കളിച്ചപ്പോൾ ശ്രീലങ്കൻ ഇതിഹാസതാരം സനത് ജയസൂര്യയാണ് മൂന്നാമത്. 21 വർഷം 184 ദിവസവുമാണ് താരം ശ്രീലങ്കയ്ക്ക് വേണ്ടി ക്രീസിലിറങ്ങിയത്. നാലാമത് പാകിസ്ഥാന്‍റെ ജാവേദ് മിയാൻദാദും അഞ്ചാമത് സിംബാബ്‌വെയുടെ തന്നെ ഷോണ്‍ വില്യംസുമാണ് ഈ ലിസ്റ്റിലുള്ളത്.
2004 ഏപ്രിൽ 20 ന് ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ടെയ്‌ലർ 208 മത്സരങ്ങളിൽ നിന്നും 11 സെഞ്ചുറിയും 39 ഫിഫ്റ്റിയുമടക്കം 6708 റൺസ് നേടി.
2021-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും 2025-ൽ വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു താരം. ഇതിനിടെ 2022-ൽ ഐസിസിയുടെ അഴിമതി വിരുദ്ധ, ഉത്തേജക വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് മൂന്നര വർഷത്തെ വിലക്കും നേരിട്ടിരുന്നു.



