അവസാന സെക്കന്റ് വരെ ആവേശം കളിയാടിയ പോരാട്ടത്തിൽ 3-2നാണ് യുണൈറ്റഡ് ബേൺലിയെ മറികടന്നത്. സ്കോർ 2-2ൽ നിൽക്കെ സ്റ്റോപ്പേജ് ടൈമിന്റെ അവസാനം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിലയേറിയ മൂന്നു പോയിന്റ് സമ്മാനിച്ചു.
ബ്രയാൻ എംബുവേമോ യുണൈറ്റഡിനായി പ്രീമിയർ ലീഗിലെ തന്റെ ആദ്യ ഗോൾ നേടി മികവ് തെളിയിച്ചു. രണ്ട് തവണ ലീഡ് വഴങ്ങിയ ശേഷം ഗോളുകൾ മടക്കി തിരിച്ചുവന്ന ബേൺലി ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിനെ ശരിക്കും വിറപ്പിച്ചു. കളിയിൽ ഉടനീളം നിരവധി അവസരങ്ങൾ റെഡ് ഡെവിൾസിന് ലഭിച്ചെങ്കിലും ഫിനിഷിംഗിലെ മികവില്ലായ്മയാണ് ബേൺലിക്ക് പൊരുതാൻ അവസരം ഒരുക്കിയത്.



