Tuesday, September 17, 2024
Homeസ്പെഷ്യൽസ്മരണകൾ അയവിറക്കുമ്പോൾ... (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

സ്മരണകൾ അയവിറക്കുമ്പോൾ… (ലേഖനം) ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

സി. ഐ. ഇയ്യപ്പൻ തൃശൂർ

തൃശൂരിന്റെ ഹൃദയ ഭൂമിയിൽ ഒരു ഗ്രാമം.

കിഴക്കുംപാട്ടുകര ദേശത്തെ. അങ്ങനെ വേണം കാണാൻ. ഫലഭൂവിഷ്ടമായ പ്രദേശം . വൃക്ഷത്തണലാൽ എപ്പോഴും കുളിർമയേകുന്ന അന്തരീക്ഷം. നെൽകൃഷി സ്വന്തമായുള്ള കർഷകരുടെ വീടിന്റെ മുന്നിലെ ചാണകം മെഴുകിയകളത്തിൽ, നെൽക്കറ്റകൾ, മെതിക്കുന്നതിന്റെയും, നെല്ല് പുഴുങ്ങുന്നതിന്റെയും സമൃദ്ധിയുടെ മണവും, കാഴ്ചകളും. ചക്കയുടെ കാലത്ത് ചക്കപ്പഴത്തിന്റെയും, മാമ്പഴക്കാലത്ത്, മാമ്പഴത്തിന്റെയും, കൊതിയൂറുന്ന ഗന്ധം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം.

മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ദേശത്തിൻറെ മഹോത്സവം, കുമ്മാട്ടി മഹോത്സവം, അതിൽ പങ്കെടുത്ത് തിമർത്ത് ആഘോഷിക്കാൻ, ദൂരദേശത്തുള്ള മക്കളും, ബന്ധുക്കളും, സമീപപ്രദേശത്തെ നാട്ടുകാരേയും കൊണ്ട് ഓണം കെങ്കേമം ആക്കുന്ന ദേശം, കിഴക്കുംപാട്ടുകര. അങ്ങനെയൊക്കെ ഉള്ള ഈ ഗ്രാമത്തിൽ വർഷങ്ങൾക്കു മുമ്പ് സജീവമായി പ്രവർത്തിച്ചിരുന്ന ഒരു സംഘടന ഉണ്ടായിരുന്നു , യുവചേതന. ജനസേവനം മുഖ മുദ്രയാക്കിയ ഒരു സാമൂഹ്യ സംഘടന.
എപ്പോഴും സജീവ പ്രവർത്തനങ്ങൾ, കാഴ്ചവെച്ചുകൊണ്ട് പ്രവർത്തിച്ചിരുന്ന യുവ ചേതനയെ ആദേശത്തെ ജനങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. മുപ്പതോളം യുവാക്കളുടെ കൂട്ടമായിരുന്നു യുവ ചേതന.

യുവചേതനയുടെ ആരംഭ കാലം. നാട്ടിലെ കോഴികൾ ചത്തൊടുങ്ങുന്നു. ഇതിന് യുവചേതനയ്ക്ക് എന്തു ചെയ്യാൻ കഴിയും? വേഗം കമ്മിറ്റി കൂടി ചർച്ച ചെയ്തു. കോഴി വസന്തക്കെതിരെ കുത്തിവെപ്പ് നടത്താൻ തീരുമാനിച്ചു. കൊക്കാല മൃഗാശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ ഒരു ദിവസം കോഴി വസന്തക്ക് എതിരെയുള്ള കുത്തിവെപ്പ് നടത്തുന്ന പരിപാടി സംഘടിപ്പിച്ചു. കോഴികളെ കൊട്ടയിലാക്കിയും, കൈകളിൽ പിടിച്ചും ധാരാളം ആളുകൾ ആ പരിപാടിയിൽ പങ്കെടുത്തു. കോഴികളുടെ കലപില ശബ്ദം കൊണ്ട് അന്തരീക്ഷം ആകെ ബഹളമയമായി. ഇതിനിടയ്ക്ക് കൊട്ടയിൽ നിന്നും കയ്യിൽനിന്നും ചില വിരുതൻമാരും, വിരുതികളും ചാടി ഓടാൻ തുടങ്ങി പിന്നെ അതിൻറെ പിന്നാലെയായി ഉടമസ്ഥരും, ഞങ്ങളും….. രസകരമായ അനുഭവം ആയിരുന്നു അത്.

കുത്തിവെപ്പ് പരിപാടികൊണ്ട് ജനങ്ങൾക്കിടയിൽ യുവചേതനക്ക് ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞു. പിന്നീട് നടത്തിയ ഒരു പരിപാടിയാണ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ വീടുകളിൽ നട്ടുവളർത്തുന്ന പ്ലാവ്, മാവ് തുടങ്ങിയവയുടെസൗജന്യ തൈവിതരണം. ഒരു ദിവസം കൈവണ്ടിയിൽ തൈകൾ നിരത്തി വെച്ച് യുവചേതന പ്രവർത്തകർ വീട് വിടാന്തരം കയറി തൈകൾ വിതരണം ചെയ്യാൻ പുറപ്പെട്ടു. എല്ലാ വീട്ടുകാർക്കും ചോദിക്കുന്നത്ര തൈകൾ കൊടുക്കാൻ കഴിഞ്ഞില്ല. തൈകൾ വിതരണം ചെയ്യുന്നത് സൈക്കിളിൽ വെച്ച്കെട്ടിയ മൈക്കിൽ കൂടി അറിയിച്ചുകൊണ്ട് ഞങ്ങളുടെ സെക്രട്ടറി എം ഡി സാജൻ പിന്നിൽ ഉണ്ടായിരുന്നു. അന്ന് ഞങ്ങൾ കൊടുത്ത മാവും, പ്ലാവും, മാങ്ങയും ചക്കയും തരുമ്പോൾ യുവചേതനയെ ആ വീട്ടുകാർ ഓർക്കുന്നുണ്ടാകും.

പല കൃഷികാർക്കും, കൃഷിയെപ്പറ്റി പല സംശയങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഒരു ദിവസം കൃഷിയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പങ്കെടുത്തവരുടെ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും പങ്കെടുത്ത ഓഫീസർമാർ മറുപടി കൊടുത്ത് അവരെ തൃപ്തരാക്കി . ആ പരിപാടി തങ്ങൾക്ക് ഗുണം ചെയ്തുവെന്ന് പിന്നീട് കൃഷിക്കാർ പറയുകയുണ്ടായി.
കുട്ടികളുടേയും, മുതിർന്നവരുടേയും പല്ലുകൾ പരിശോധിയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട്
ഒരു ദിവസം കേരള ദന്തഡോക്ടേർസ് അസോസിയേഷൻ തൃശൂർ ശാഖയുടെ സഹകരണത്തോടെ ഒരു ദന്ത പരിശോധന ക്യാമ്പ് നടത്തി. മാർ ബസേലിയോസ് ദന്ത കോളേജ് കോതമംഗലം, പ്രിൻസിപ്പാളും, ശാഖ പ്രസിഡണ്ടുമായ ഡോക്ടർ വർഗീസ് മാണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശൂരിലെ എല്ലാ ദന്ത ഡോക്ടർമാരും ആ പരിപാടികളിൽ പങ്കെടുത്തു. പരിശോധനയ്ക്ക് വന്നവർക്ക് ബബൂൽ പേസ്റ്റും, ബ്രഷും സൗജന്യമായി വിതരണം ചെയ്തു. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആണ് പരിശോധനകൾ നടത്തിയിരുന്നത്.

കണ്ണ് പരിശോധന ക്യാമ്പും നടത്തി. വന്നവരെ ഡോക്ടർ മേരി കുര്യാക്കോസ് പരിശോധിച്ച് വേണ്ട ഉപദേശങ്ങൾ നൽകി. ചില അമ്മമാരുടെ ആവശ്യപ്രകാരം
കുട്ടികൾക്കുള്ള അഞ്ചാം പനിക്കെതിരായുള്ള കുത്തിവെപ്പ് നടത്തി.ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ഗോവിന്ദൻകുട്ടി എന്നീ ഡോക്ടർമാരാണ് കുട്ടികളെ പരിശോധിച്ച് കുത്തിവെപ്പ് നടത്തിയത്. വന്ന കുട്ടികൾക്ക് ഓറഞ്ചും കൊടുത്തു. ഡോക്ടർ ഗോവിന്ദൻകുട്ടിയുടെ നിർദ്ദേശപ്രകാരം കുത്തിവെപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുത്തിവച്ച കുട്ടികൾക്ക് പനിയുണ്ടോ എന്ന് അന്വേഷിച്ച് വീടുകളിൽ പോയി. അത് ജനങ്ങൾക്കിടയിൽ നല്ല മതിപ്പ് ഉണ്ടാക്കി.

വളരെയധികം ആളുകൾ ചികിത്സയ്ക്ക് പോയിരുന്ന കിഴക്കുംപാട്ടുകരയിൽ പ്രവർത്തിച്ചിരുന്ന ഹോമിയൊ ആശുപത്രിയുടെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവ ചേതനയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുമ്പിൽ ഒരു ദിവസം ധരണ നടത്തി. ശ്രീ കെ മുകുന്ദൻ ധർണ ഉദ്ഘാടനം ചെയ്തു. അതിനെ തുടർന്ന് കുറച്ചൊക്കെ മാറ്റം വരാൻ ഇടയായി.

ചലചിത്ര ഗാന സംവിധായകൻ അൽഫോൺസ് തൃശൂർ സെന്റ് തോമസ് ഹൈസ്കൂൾ , തോപ്പിലാണ്. പഠിച്ചിരുന്നത്. ആ സ്കൂളിലെ ഒരു അധ്യാപകനായ ഇഗ്നേഷ്യസ് കോമ്പാറ മാഷ് അൽഫോൺസിലുള്ള കഴിവ് മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഞങ്ങളോട്, അൽഫോൻസിന് ഞങ്ങളുടെ ഒരു പരിപാടിയിൽ പാട്ടുപാടാൻ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം അൽഫോൺസിനെ പരിപാടി നടക്കുന്ന ദിവസം വരാൻ അറിയിച്ചു.അൽഫോൺസ് പരിപാടി നടന്ന ദിവസം ഉച്ചയോടെ എന്റെ വീട്ടിൽ വന്നു. ഉച്ചയ്ക്കുള്ള ഊണ് എന്നോടൊപ്പം കഴിച്ച് വൈകുന്നേരത്തെ പരിപാടിയ്ക്ക് ഞങ്ങൾ ഒന്നിച്ചാണ് പോയത്. അന്ന് അൽഫോൺസ് പാടിയ പാട്ട് കേട്ട് സദസ്സ് ആകെ കൈ അടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നീട് വല്ലപ്പോഴും എന്നെ കാണുമ്പോൾ ആ സന്തോഷം നന്ദിയോടെ പങ്കുവെക്കാറുണ്ട്.

ഒരു സ്വാതന്ത്ര്യ ദിനത്തിൽ “പഴയ തലമുറ പുതിയ തലമുറയോട്” ‘”എന്നൊരു പരിപാടിനടത്തി. ഭാരതം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള അനുഭവങ്ങളും, കാഴ്ചകളും പങ്കുവെച്ച് പഴയ തലമുറയിൽ ഉള്ളവർ സംസാരിച്ചു. പുതിയ തലമുറ ശ്രദ്ധയോടെ അത് കേട്ടിരുന്നു. ആ പരിപാടിയിൽ സംസാരിച്ച കേണൽ വാറു കുട്ടഞ്ചേരി അദ്ദേഹം പങ്കെടുത്ത യുദ്ധങ്ങളെ കുറിച്ചാണ് പറഞ്ഞത്.
ജനങ്ങളിൽ നിന്നൊ, സ്വന്തമായോ പിരിവ് എടുക്കാതെ പ്രവർത്തന ഫണ്ട് ഉണ്ടാക്കാൻ കണ്ടുപിടിച്ച മാർഗ്ഗമാണ് കേരള സംസ്ഥാന ലോട്ടറിയുടെ ഏജൻസി യുവചേതന എടുത്തത്. ഞായറാഴ്ചകളിലും, മുടക്കുള്ളദിവസങ്ങളിലും പ്രവർത്തകർ ലോട്ടറിയുമായി ഇറങ്ങും. നാട്ടുകാരുടെ സഹകരണം കൊണ്ട് അതൊരു വമ്പിച്ച വിജയമായിരുന്നു.

യുവചേതനയുടെ പ്രവർത്തന ഫണ്ട് ഉണ്ടാക്കാൻ കണ്ടുപിടിച്ച മറ്റൊരു പരിപാടിയാണ്,
യുവചേതന നടത്തുന്ന പരിപാടികളുടെ നോട്ടീസുകളിൽ പരസ്യങ്ങൾ ചേർക്കുക എന്നത്. ഒരു പത്രകടലാസിന്റെ പകുതിയോളം വലുപ്പമുണ്ടാകും നോട്ടീസിന്. മറുവശത്ത് സ്വർണ്ണ കച്ചവടക്കാരുടേയൊ, തുണി കച്ചവടക്കാരുടേ യോ പരസ്യമാണ് ഉണ്ടാവുക. അങ്ങനെ നോട്ടീസ് അടിക്കുമ്പോൾ കുറച്ച് ലാഭം കിട്ടാറുണ്ട്. വലിയ എന്തോ പരിപാടിയാണ് എന്ന് കരുതി നോട്ടീസ് കണ്ട് ആളുകൾ കൂട്ടമായി വരികയും ചെയ്യാറുണ്ട് .

ഞങ്ങൾഇടയ്ക്കിടയ്ക്ക് പരിപാടികൾ നടത്തുന്നതുകൊണ്ട് മൈക്കിന് ധാരാളം പൈസ വരാറുണ്ട്. അതിനു പരിഹാരമായി ഞങ്ങളുടെ അപേക്ഷപ്രകാരം കാത്തലിക്ക് സിറിയൻ ബാങ്ക് ഒരു മൈക്ക് സെറ്റ് സ്പോൺസർ ചെയ്തു. അത് ഇന്നും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു

വീട്ടിൽ ടിവിയൊ, മൊബൈൽ ഫോണൊ ഇല്ലാത്ത കാലമായിരുന്നു അത്. വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്ന അമ്മമാർക്ക് ഒരു നേരമ്പോക്കിനായി യുവചേതന രാജർഷി സ്കൂളിൽ കലാ പരിപാടികൾ നടത്താറുണ്ട്. സ്കൂളിലെ ബെഞ്ചുകൾ കൂട്ടി കെട്ടിയിട്ടാണ് സ്റ്റേജ് ഉണ്ടാക്കുക. പരിപാടികൾ നടത്തുന്ന ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്നവരാൽ സ്കൂൾ ഹാൾ നിറയും. ഒരു ഡാൻസ് കളിക്കുന്നത് കണ്ടാലും, പാട്ട് പാടുന്നത് കേട്ടാലും മതി അവർക്ക് സന്തോഷിക്കാൻ. അത് അന്നത്തെ കാലം.

പിന്നീടൊരു നേരംപോക്കിന്ഇഡ്ഡലി തീറ്റ മത്സരം നടത്തി. മത്സരം ഉദ്ഘാടനം ചെയ്തത് തീറ്റ റപ്പായി ചേട്ടനായിരുന്നു. വേറെ ഒരിടത്ത് പായസം കുടിക്കുന്ന മത്സരത്തിനാണ്പോകുന്നത്. എന്നാലും എനിക്ക് കുറച്ച് ഇഡ്ഡലി കഴിക്കാൻ തന്നുകൂടെ എന്ന് റപ്പായി ചേട്ടൻ ചോദിച്ചു. റപ്പായി ചേട്ടൻ തിന്നാൻ ഇരുന്നാൽ ഞങ്ങൾക്ക് മത്സരം നടത്താൻ കഴിയില്ല എന്ന് മനസ്സിലാക്കി നല്ല വാക്ക് പറഞ്ഞ് പറഞ്ഞുവിട്ടു. മത്സരിക്കുന്നവർക്ക് ഇഡ്ഡലി വേണ്ടുവോളം കൊടുക്കും. കൂട്ടി കഴിക്കാൻ ചട്നിയും കൊടുക്കും. എന്നാൽ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം മാത്രമേ കൊടുക്കൂ. യുവചേതനയുടെ പ്രസിഡണ്ട് ആയ ഞാനും കൂടി മത്സരത്തിൽ പങ്കെടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. വീട്ടിൽനിന്ന് കാലത്ത് വയർ നിറച്ച് ഭക്ഷണം കഴിച്ചിട്ടാണ് ഞാൻ വന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ട് ഒന്നും അവർ സമ്മതിച്ചില്ല. ഒടുവിൽ ഞാനും മത്സരിക്കാൻ ഇരുന്നു. ഒന്ന് രണ്ട് ഇഡലി കഴിച്ചപ്പോൾ വെള്ളം കുറച്ചു കുടിച്ചു. ഒരു ഗ്ലാസ് വെള്ളമേയുള്ളൂ എന്ന് പറഞ്ഞിരുന്നത് കൊണ്ട് കുടിക്കാനും പേടി. ഇഡലികൾ അങ്ങിനെ കഴിച്ചു തുടങ്ങി. സമയമായി മത്സരം തീർന്നു. 25 ഇഡലി കഴിച്ചവൻ ഒന്നാം സ്ഥാനത്ത് എങ്ങിനെയോ ഞാൻ 24 എണ്ണം കഴിച്ചിരുന്നു. ഒരു തീറ്റ ഇയ്യപ്പൻ ആവാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് രണ്ടും മൂന്നും ക്യാഷ് പ്രൈസ് മറ്റ് രണ്ടുപേർക്ക് കൊടുക്കാൻ ഞാൻ തന്നെ നിർദ്ദേശിച്ചു.

ഒരുനേരംപോക്കിനു ഒരു നാടൻ തുണി പന്ത് കളി സംഘടിപ്പിച്ചു. എരിഞ്ഞേരി വാറുണ്ണി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയായിരുന്നു മത്സരം. പല ഞായറാഴ്ചകളിലായി പന്തുകളി കെങ്കേമമായി നടക്കുകയാണ് ഒരു കാരണവശാലും യുവചേതനയിലെ പ്രവർത്തകർ ഒരു ടീമിലും പങ്കെടുക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ ഒരു ദിവസം കളിച്ച പന്ത് കളിയിൽ യുവചേതനയിലെ നാല് പ്രവർത്തകർ വേറൊരു ടീമിൽ കളിക്കാൻ ഇറങ്ങി. കളി നിയന്ത്രിക്കുന്ന റഫറി യുവചേതനയുടെ സെക്രട്ടറിയായിരുന്നു. കളി തുടങ്ങി അധികം താമസിക്കാതെ പ്രവർത്തകർ ഉൾപ്പെട്ട ടീം എതിർ ടീമിന് ഒരു ഗോൾ അടിച്ചു. സന്തോഷ ആധിക്യത്താൽ റഫറി കൈകൾ ഉയർത്തി വിജയം ആഘോഷിച്ചു. പറയണോ പൂരം കാണികൾ ഒന്നായി മൈതാനത്തിലേക്ക് പ്രതിഷേധവുമായി ഇറങ്ങി. റഫറി പക്ഷപാതം കാണിച്ചു എന്നാണ് പരാതി. എന്തായാലും കളി നിർത്തേണ്ടി വന്നു. പിന്നീട് മധ്യസ്ഥരുടെ ഇടപെടൽ മൂലം തെറ്റും, മാപ്പും പറയേണ്ടിവന്നു പ്രസിഡണ്ടായ എനിക്ക്. ആ കൊല്ലം കൊണ്ട് മത്സര പരിപാടി അവസാനിപ്പിച്ചു.

ഇതിനിടയ്ക്ക് രാജർഷി സ്കൂൾ നിർത്തലാക്കി. അതോടെ അവിടെയുണ്ടായിരുന്ന ബെഞ്ചും പോയി. യുവചേതനയുടെ പൊതു പരിപാടികൾ നടത്തിയിരുന്നത് അവിടെയായിരുന്നു. ഉടനെ ഉടമസ്ഥരുടെ അനുവാദത്തോടെ ഹാളിൽ ഒരു സ്റ്റേജ് കെട്ടാൻ തീരുമാനിച്ചു. യുവചേതന പ്രവർത്തകർ തന്നെ കല്ലുകൊണ്ട് തറകെട്ടി , സ്കൂളിൻറെ മൈതാനത്ത് ഒരു ഭാഗത്തുണ്ടായിരുന്ന മൺ കൂനയിൽ നിന്ന് മണ്ണ് എടുത്തു കൊണ്ടുവന്നു തറയിൽ ഇട്ടു അങ്ങനെ സ്ഥിരമായി ഒരു സ്റ്റേജ് ആക്കി. അതോടെ രാജർഷി ഓഡിറ്റോറിയം ആയി.

മലയാള മനോരമയുടെ ബാലജനസഖ്യത്തിന്റെ ഒരു ശാഖ ‘ചേതന ബാലജനസഖ്യം’എന്ന പേരിൽ തുടങ്ങി. അതിൻറെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് നിർവഹിച്ചു. കിഴക്കുംപാട്ടുകരയിൽ കുട്ടികളുടെ ഒരു ലൈബ്രറി തുടങ്ങണമെന്നത് ഞങ്ങളുടെ ചിരകാല ആഗ്രഹമായിരുന്നു. ബാലേട്ടൻ ഞങ്ങൾക്ക് അതിനായി ഒരു മുറി തന്നപ്പോൾ അവിടെ തുടങ്ങാൻ തീരുമാനിച്ചു. ലൈബ്രറിയുടെ ഉദ്ഘാടന പൊതുയോഗത്തിൽ എസ്. എൻ .എ. ഔഷധശാല എംഡി ശ്രീ നാരായണൻ മൂസ് അധ്യക്ഷതവഹിച്ചു, ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസാരിച്ചത്. അഭിവന്ദ്യ മെത്രാപോലീത്ത ഡോക്ടർ അപ്രേം തിരുമേനി ആയിരുന്നു. ധാരാളം കുട്ടികൾ ആ പൊതുയോഗത്തിൽ സംബന്ധിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ കുട്ടികൾക്കായുള്ള പ്രച്ഛന്ന വേഷ മത്സരം നടത്തി. ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. അന്നത്തെ ആ കുട്ടികൾ ഇന്ന് മുതിർന്ന യുവാക്കൾ ആയി. അവർ വല്ലപ്പോഴും യുവചേതനയെ ഓർക്കുന്നുണ്ടാകാം.

ഒരു ശിശുദിനത്തിൽ, ചാച്ചാ നെഹ്റുവിന്റെ ജന്മദിനമായ നവംബർ പതിനാലിന്റെ ഓർമ്മയ്ക്കായി കുട്ടികൾക്കായി 14ഇന മത്സര പരിപാടികൾ സംഘടിപ്പിച്ചു. ചാക്കിൽ കയറി ഓട്ടം, നാരങ്ങ സ്പൂൺ ഓട്ടം, സൂചിയും നൂലും കോർത്തു കൊണ്ടുള്ള ഓട്ടം, കയറിൽ തൂക്കിയിട്ട ബെന്ന് ചാടി കഴിച്ചു കൊണ്ടുള്ള മത്സരം, ഓർമ്മ പരിശോധിക്കൽ മത്സരം…. ഇതിൽ ഓർമ്മ പരിശോധിക്കൽ മത്സരത്തിന് വേണ്ട സാധനങ്ങൾ എന്റെ മകളാണ് വീട്ടിൽ നിന്ന് സംഘടിപ്പിച്ചത്. സോപ്പ്, ചീപ്പ്, കണ്ണാടി, മെഴുകുതിരി, തീപ്പെട്ടി, തക്കാളി, പച്ചമുളക് , അങ്ങനെ 14 ഇനം. മത്സരം നടക്കുന്ന ഹാളിൽ അത് തയ്യാറാക്കി വെച്ചതും മകൾ തന്നെ. മത്സരം തുടങ്ങാറായി. കുട്ടികൾക്ക് കുറച്ചുനേരം നിരത്തിവെച്ച സാധനങ്ങൾ നോക്കാം. അതിനുശേഷം കണ്ട സാധനങ്ങളുടെ പേര് വിവരം കടലാസിൽ എഴുതണം കൂടുതൽ ശരിയുത്തരം കിട്ടുന്ന കുട്ടി ജയിക്കും ഇതാണ് മത്സരം. ഞാൻ മകളോട് പറഞ്ഞു “മോളെ നീ പങ്കെടുക്കേണ്ട.” അവള് മണിച്ചിത്രത്താഴിൽ പറഞ്ഞ പോലെ “അതെന്താ ഞാൻ പങ്കെടുത്താല്” എന്നൊരു ചോദ്യം. അന്നവൾ നാലാം ക്ലാസിലൊമറ്റോ ആണ് പഠിക്കുന്നത്. “പങ്കെടുക്കേണ്ട അത്രതന്നെ “എന്ന് ഞാനും. അവളുടെ മനസ്സിൽ സാധനങ്ങളുടെ പട്ടിക കുറിച്ചു വച്ചിട്ടുണ്ടായിരുന്നു 14 ഇനവും നിഷ്പ്രയാസം എഴുതി ഒന്നാം സമ്മാനം കരസ്ഥമാക്കുന്നതിനായിരുന്നുപരിപാടി. ഞാൻ പറഞ്ഞത് കേട്ടതും മുഖം വീർപ്പിച്ച് ഹാളിന്റെ ഒരു മൂലയിൽ പോയിരുന്നു. മത്സരം കഴിഞ്ഞ് ഞാൻ അവളുടെ അടുത്ത് പോയി സംസാരിച്ചു. അവസാനം ഐസ്ക്രീം വാങ്ങിച്ചു തരാം എന്ന് പറഞ്ഞപ്പോഴാണ് മുഖം ചുരുങ്ങിയത്.

ഒരു ദിവസം ഞങ്ങൾ പീച്ചിയിലേക്ക് ഒരു ഉല്ലാസയാത്ര നടത്തി. നേരത്തെ പറഞ്ഞുറപ്പിച്ച ലൈൻ ബസിലാണ് യാത്ര ചെയ്തത്. തിരിച്ചും ആ ബസ്സുകാരു തന്നെയാണ് ഞങ്ങളെ കൊണ്ടു വിട്ടതും. അതൊരു ലാഭകച്ചവടമായിരുന്നു. ഉച്ചയ്ക്കു കഴിക്കാനുള്ള ഭക്ഷണവുമായിട്ടാണ് ഞങ്ങൾ പോയിരുന്നത്. അതിനിടയ്ക്ക് ചെറിയ ചെറിയ,കലാപരിപാടികളുമുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം പീച്ചി ഹൗസിൽ യുവചേതനയുടെ ഒരു യോഗവും നടത്തി.

വിദ്യാർത്ഥികളെ പഠിക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കഴിക്കുംപാട്ടുകരയിൽ താമസിക്കുന്ന എസ്എസ്എൽസിക്ക് കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മൂന്നു കുട്ടികൾക്കുള്ള ക്യാഷ് പ്രൈസ് കൊടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു പരിപാടിയിൽ വെച്ച് ബഹുമാന മുൻമന്ത്രി ശ്രീ. വി.എം .സുധീരൻ കൂടുതൽ മാർക്ക് നേടിയ വിജയിച്ച മൂന്നു വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.

ഒരു വർഷം തൃശ്ശൂരിൽ നടന്ന റിപ്പബ്ലിക് റാലിയിൻ യുവചേനതനയും പങ്കെടുത്തു. കുട്ടികളുടെ ലൈബ്രറി ആയിരുന്നു ഞങ്ങൾ അവതരിപ്പിച്ചത്. ലൈബ്രറിയിൽ പുസ്തകങ്ങൾ നോക്കുന്ന രണ്ടു കുട്ടികളെ നിർത്തിയും, ഇരുത്തിയും അവതരിപ്പിച്ച ആ ടാബ്ലോവിനാണ് ആ വർഷത്തെ ഒന്നാം സമ്മാനം ലഭിച്ചത്.
മറ്റൊരു വർഷം റിപ്പബ്ലിക് റാലിയിൽ യുവചേതന അവതരിപ്പിച്ചത് ഗാന്ധിജിയുടെ ഒരു പ്രതിമയായിരുന്നു. ഞങ്ങളുടെ ഒരു പ്രവർത്തകൻ അലുമിനിയം പെയിൻറ് പൂശി ഗാന്ധി പ്രതിമയായി നിന്നു. പ്രതിമ നിന്ന ലോറിക്ക് ചുറ്റും തുണിയിൽ ഗാന്ധി സൂക്തം എഴുതിയിരുന്നു.ആ കൊല്ലവും ആ ടാബ്ലോവിന് ഒന്നാം സമ്മാനം ലഭിച്ചു.
യുവചേതനയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം സ്വാതന്ത്ര്യ ദിനത്തിൽ ചേർന്ന പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചതും ദേശീയ പതാക ഉയർത്തി സംസാരിച്ചതും ദേശഭക്തിഗാനങ്ങൾ ആലപിച്ചതും കുട്ടികളായിരുന്നു.

കുട്ടികളെ യുവചേതനയുടെ കൂടെ ചേർത്തു പിടിച്ചത് വരുന്ന ഒരു തലമുറ യുവചേതന നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്നഒരു ലക്ഷ്യത്തോടെയായിരുന്നു . എന്നാൽ കാലം മാറിയപ്പോൾ സാമൂഹ്യ സേവനം ചെയ്യാൻ ആളില്ലാതെയായി.
യുവചേതനയിലെ പ്രവർത്തകർ വിവാഹിതരായി തുടങ്ങി. നവദമ്പതിമാർക്ക് സ്വീകരണം കൊടുക്കുന്ന പരിപാടി നടത്തിയിരുന്നത് എന്റെ വീട്ടിലായിരുന്നു. ചായ സൽക്കാരത്തിന് ശേഷം ജോസഫിന്റെ ഗാനമേള ആരംഭിക്കും. പാട്ടിനോടൊപ്പം താളം പിടിച്ചിരുന്നത് എന്റെ സോഫ സെറ്റിയുടെ വശങ്ങളിലുള്ള തേക്കിന്റെ പ്ലൈവുഡ് പലകയിൽ ആയിരുന്നു. രണ്ടുമൂന്ന് സ്വീകരണ പരിപാടികൾ കഴിഞ്ഞപ്പോഴക്കും സോഫയുടെ പലകകൾ പൊട്ടിത്തുടങ്ങി. എന്നാലും അതിൽ തന്നെ താളം പിടി തുടർന്നു. പിന്നീട് പൊട്ടിപൊളിഞ്ഞ സോഫാ സെറ്റി അട്ടത്ത് കേറ്റി വെക്കേണ്ടി വന്നു.

യുവചേതനയുടെ ആഭിമുഖ്യത്തിൽ മാസത്തിൽ ഒന്ന് വീതം വിവിധ പരിപാടികളോടെ യോഗങ്ങൾ നടത്താറുണ്ട്. എല്ലാവർഷവും വാർഷിക പൊതുയോഗവും ഉണ്ടാകും. അങ്ങനെയുള്ള യോഗങ്ങളിൽ ബഹുമാന തൃശൂർ നഗരസഭ ചെയർമാൻ ശ്രീ എം. എം കുറിപ്പ്, ബഹുമാന തൃശൂർ കോപ്പറേഷൻ മേയർ കെ. രാധാകൃഷ്ണൻ, ബഹുമാന മുൻ സ്പീക്കർ അഡ്വക്കേറ്റ് തേറാമ്പില്‍ രാമകൃഷ്ണൻ എംഎൽഎ, ശ്രീ കെ ജെ ജോർജ് എംഎൽഎ, ബഹുമാന ഗതാഗത മന്ത്രി ലോനപ്പൻ നമ്പാടൻ തുടങ്ങിയ വിശിഷ്ട വ്യക്തികൾ പങ്കെടുത്തിട്ടുണ്ട്. വർഷങ്ങളോളം രക്ഷാധികാരിയായി അഡ്വക്കേറ്റ് ഭാസ്കരനും, പ്രസിഡണ്ടായി ഞാനും, സെക്രട്ടറിയായി എം.ഡി സാജനും, ഖജാൻജിയായി എം. കെ. ഗിരീഷ് കുമാറും തുടർന്നു.

കാലങ്ങൾക്ക് ശേഷം യുവചേതന പ്രവർത്തകരുടെ ഭാര്യമാരും ,കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കുടുംബ സംഗമം നടത്തി . കുട്ടികളും മുതിർന്നവരും കൂട്ടമായും, ഒറ്റയ്ക്കും വിവിധ കലാപരിപാടികൾ നടത്തി കഴിക്കാൻ ഭക്ഷണവുമുണ്ടായിരുന്നു .

ഗ്രാമത്തിന്റെ ശീതള ഛായ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് കിഴക്കുംപാട്ടുകരയിൽ ഞങ്ങൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത്. അവിടെനിന്ന് രണ്ടോ മൂന്നോ അടി മുന്നിലേക്ക് പോയാൽ നഗരത്തിന്റെ തിരക്ക് തൊടുങ്ങുകയായി. അവിടെയുള്ള പരിഷ്കാരികൾക്ക് ഇതെല്ലാം ഒരു പക്ഷേ പുച്ഛം ആയിരിക്കും. ഗ്രാമപ്രദേശങ്ങളിൽ ഞങ്ങളെപ്പോലെയുള്ള സംഘടനകൾ ധാരാളം പ്രവർത്തിക്കുന്നുണ്ട്. ഒരു ദേശത്തിൻറെ ഭാഗ്യമാണ് ആ സംഘടന.

സി. ഐ. ഇയ്യപ്പൻ തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments