പ്രിയേ….
നിൻ്റെ കൈപ്പടയിൽ പിറക്കുന്ന പ്രണയ കാവ്യത്തിന് എൻ്റെ മനസ്സിൻ്റെ ആഴങ്ങളിൽ ഒരുപാട് അനുരാഗത്തിൻ്റെ മധു നിറയ്ക്കാൻ കഴിയുന്നുണ്ട്. നിൻ്റെ കത്ത് വായിക്കുമ്പോൾ ശരിക്കും ഞാൻ അനുഭവിക്കുന്ന ഒരു നിർവൃതിയുണ്ട്. അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല മുത്തേ….. അതുകൊണ്ട് നിൻ്റെ മറുപടി എത്രയും പെട്ടന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ ഇത് നൽകുന്നു.
പിന്നേ… ഈ എഴുത്തിന് വേറൊരു പ്രധാന കാരണം കൂടെ ഉണ്ട് കേട്ടോ. എന്താണെന്നായിരിക്കും അല്ലേ..? ഞാൻ ഇന്നലെ നിൻ്റെ ആ പഴയ സാരംഗിനെ കണ്ടിരുന്നു. ആ അത് തന്നെ. പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ എപ്പോഴും നിൻ്റെ പിറകിൽ നിന്ന് മറാത്ത, ക്ലാസ് മുറിയിൽ കയറിവന്ന് നിന്നോട് ഐലൗയു പറഞ്ഞതിന് ഹെഡ് മാഷ് തൂണിൽ കെട്ടിയിട്ട് തല്ലിയ ആ സാരംഗിനെ എടീ അവനിപ്പോൾ ആൾ ആകെ മാറിപ്പോയീട്ടോ. ആ ഹിപ്പി മുടിയൊക്കെ പോയി. ഏതോ ഒരു വല്യ ഐടി കമ്പനിയിൽ ജോലിയൊക്കെയായി. നല്ല സെറ്റപ്പിലാ ആള്. ഞങ്ങൾ കുറേനേരം സംസാരിച്ചു. നിന്നെക്കുറിച്ചും അവൻ ചോദിച്ചു. മുൻപത്തെ വികൃതികളാക്കെ ഓർത്ത് കുറേ സങ്കടമൊക്കെ പറഞ്ഞു. ഞങ്ങൾ ഓരോ കാപ്പിയൊക്കെ കുടിച്ചാ പിരിഞ്ഞത്. എന്താടി നിനക്കൊന്ന് കാണണമെന്ന് തോന്നുന്നുണ്ടോ.
പിന്നേ… ഇന്നലെ നീ എവിടായിരുന്നു. വൈകുന്നേരം നാല് മണിക്ക് ഞാൻ നിൻ്റെ വീട്ടിൽ വന്നായിരുന്നല്ലോ. ടൂർണ്ണമെൻ്റിൻ്റെ പിരിവിന്. അച്ഛനുമായി സംസാരിക്കുമ്പോൾ ഞാൻ തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി. പിരിവ് കിട്ടിയെങ്കിലും നിന്നെ കാണാത്ത സങ്കടത്തോടെയാ മടങ്ങിയത് . നീ നാളെ ടൈപ്പ്റൈറ്റിംഗിന് പോകുമ്പോൾ ഞാൻ ആ വാസുവേട്ടൻ്റെ കടയിൽ കാണും. നീ പീടിക കഴിഞ്ഞ് ഇടത്തോടുള്ള ഇടവഴിയിലേക്ക് തിരിഞ്ഞാൽ മതി. ഞാനും ഇറങ്ങാം. നമുക്ക് ആ ഇടവഴിയിലൂടെ ടൗണിലേക്ക് പോകാം എന്താ ? പിന്നേ…രണ്ട് ദിവസം കഴിഞ്ഞാൽ ഞാനൊന്ന് കോയമ്പത്തൂർക്ക് പോകും. ടൂർണ്ണമെൻ്റിൻ്റെ ആവശ്യവുമായി ബന്ധപ്പെട്ട് കുറേ സാധനങ്ങൾ വാങ്ങാനുണ്ട്. നിനക്കെന്താ കൊണ്ടുവരേണ്ടത്. ?
പ്രിയേ… എന്താണെന്നറിയില്ല. എന്തോ ഒരു സങ്കടം മനസ്സിൽ. ഇന്ന് നല്ല തണുപ്പുണ്ട് പുറത്ത്. സമയം ഇപ്പോൾ എത്രയായന്ന് അറിയോ. രണ്ടര മണിയായി. നേരം വെളുക്കാറായി. ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചു കയറുന്ന തണുത്ത കാറ്റ് എന്നെ വല്ലാതെ കുളിരണിയിപ്പിക്കുന്നു. നിൻ്റെ ചിന്തകൾ പകരുന്ന ചൂടുകൊണ്ടാണ് ഞാൻ അതിനെ നേരിടുന്നത്. വെറുമൊരു പൈങ്കിളി പ്രണയ കഥയിലെ നായികാ നായകന്മാരാകണ്ട നമ്മൾക്ക്. ഒരു ജോലി കിട്ടിയിട്ടേ ഞാൻ നിന്നെ കെട്ടുള്ളു എന്ന് ഉറപ്പിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്. അതിന് ഈ പഠിപ്പ് ഒന്ന് കഴിഞ്ഞു കിട്ടണ്ടേ. ഇനിയും എത്ര പഠിക്കണം അല്ലേ പിന്നെ ആകെ ഉള്ളൊരു പ്രതീക്ഷ രാഷ്ട്രീയത്തിലാണ്. അതാണെങ്കിൽ നിനക്ക് ഇഷ്ടമല്ല താനും. ങ്ഹാ… വഴിയുണ്ടാക്കാം. ഞാൻ ഇപ്പോൾ ജില്ലാ കമ്മിറ്റിയിൽ എത്തീല്ലേ. സംസ്ഥാന കമ്മിറ്റിയിൽ ഒക്കെ എത്തട്ടെ പെണ്ണേ… നമുക്ക് നോക്കാം. നിൻ്റെ ജ്യേഷ്ഠൻ നിന്നെ വഴക്ക് പറഞ്ഞത് ആലോചിച്ചിട്ടാണ് എനിക്ക് സങ്കടം. അവനെ ഒറ്റ ദിവസം കൊണ്ട് പൂട്ടാൻ എനിക്കറിയാഞ്ഞിട്ടല്ല. നിൻ്റെ ജ്യേഷ്ഠനായിപ്പോയില്ലേ. ഒരു കണക്കിന് അവൻ പറയുന്നതിലും കാര്യമുണ്ട്. പഠിച്ച് ഡോക്ടറാകാൻ നടക്കുന്ന നീ ഇപ്പഴേ പ്രേമവും കൊണ്ട് നടന്നാൽ, അതും പഠിപ്പും കളഞ്ഞ് രാഷ്ട്രീയവും കൊണ്ട് നടക്കുന്ന എന്നേപ്പോലൊരുത്തൻ്റെ കൂടെ. നീ നോക്കിക്കോ പഠിപ്പിൽ ഞാൻ പിറക്കോട്ട് പോകില്ല. ഡോക്ടർ ആയില്ലങ്കിലും എനിക്കും ഒരു ലക്ഷ്യമുണ്ട്. ഞാനവിടെ എത്തിയിരിക്കും.
ങ്ഹാ… സമയം വളരെ വൈകി. ഉറക്കം വരുന്നു. ഇനിയിപ്പോൾ ഈ കത്ത് തരാൻ എന്തൊക്കെ സാഹസം സഹിക്കണം എന്നാലോചിക്കുമ്പോൾ വന്ന ഉറക്കവും പോകും. ങ്ഹാ… എന്തു ചെയ്യാം പ്രണയമല്ലേ പ്രണയം. സഹിക്കാതെ പറ്റുമോ ? അന്ധകാരത്തിൽ പതിയിരിക്കുന്ന മുകരാഗങ്ങൾ നനുത്ത കാറ്റിൻ്റെ ചിറകിലേറി വശ്യമായ ഏതോ ഈണം മൂളി എൻ്റെ മുറിക്കു ചുറ്റും കറങ്ങി നടക്കുന്നു: വിദൂരതയിൽ അനുരാഗത്തിൻ്റെ പരവതാനിയിൽ ഏതോ രണ്ടിണക്കിളികൾ ഇണചേർന്നുറങ്ങുന്നു. നിൻ്റെ ഓർമ്മകൾ പൂക്കുന്ന എൻ്റെ ഈ മുറിക്കുള്ളിൽ നിദ്രാവിഹീനനായ് ഞാനും.
നന്നായി പറഞ്ഞു
Thank you