സംസ്ഥാന സ്കൂള്‍ കായികമേള അത്‌ലറ്റിക്സില്‍ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം. പാലക്കാടിൻ്റെ വെല്ലുവിളി മറികടന്ന് 204 പോയിൻ്റുമായാണ് മലപ്പുറം ചാമ്പ്യന്മാരായത്.19 സ്വർണം അടക്കം 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ കിരീടനേട്ടം. ഗെയിംസിലും അക്വാട്ടിക്സിലും മേധാവിത്തം തുടർന്ന തിരുവനന്തപുരം തുടരെ രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കി. സ്കൂളുകളില്‍ ഐഡിയല്‍ കടകശേരി തുടരെ അഞ്ചാം തവണയും എതിരാളികളില്ലാതെ മുന്നേറി.
കൗമാര കേരളത്തിൻ്റെ ആവേശക്കുതിപ്പില്‍ ഉടനീളം കണ്ടത് മലപ്പുറം പാലക്കാട് ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
മിന്നും പ്രകടനവുമായി ആലപ്പുഴയും കളം നിറഞ്ഞപ്പോള്‍ അത്‌ലറ്റിക്സില്‍ അവസാനദിനം വരെ ആകാംക്ഷ നിറഞ്ഞു നിന്നു. തിരുവനന്തപുരം മേളയില്‍ അവസാനിപ്പിച്ചത് കോഴിക്കോടും തുടർന്ന് മലപ്പുറം. 204 പോയിൻ്റുമായി പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി ആയിരുന്നു ഹാട്രിക് കിരീടം.
19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും മലപ്പുറം നേടി. അവസാന നിമിഷം വരെ പൊരുതിയ പാലക്കാട് 161 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. സ്പോർട്സ് സ്കൂളുകളുടെ പിന്തുണ ഉള്ള തിരുവനന്തപുരത്തെ മറികടന്ന് ആലപ്പുഴ മൂന്നാം സ്ഥാനത്ത് എത്തിയതും ശ്രദ്ധേയമായി. ആലപ്പുഴ 109ഉം തിരുവനന്തപുരം 96ഉം പോയിൻ്റ് നേടി.
ഇത്തവണയും മലപ്പുറത്തിൻ്റെ കുന്തമുനയായ ഐഡിയല്‍ തുടരെ അഞ്ചാം വട്ടവും കിരീടം കാത്തു. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ മികവ് തെളിയിച്ചാണ് ഐഡിയല്‍ കടകശേരിയുടെ കുട്ടികള്‍ മലപ്പുറത്തിന് കരുത്തായത്. നാവാമുകുന്ദ സ്കൂളിൻ്റെ അഭാവത്തിലും മീറ്റില്‍ ആധിപത്യം തുടരാൻ മലപ്പുറത്തിന് ഐഡിയല്‍ ശക്തമായ പിന്തുണയായി. എട്ട് സ്വർണം അടക്കം 75 പോയിൻ്റാണ് ഐഡിയല്‍ സ്കൂളിൻ്റെ സംഭാവന.



