കൊച്ചി: മയക്കുമരുന്നിനെതിരെ നടത്തിയ സംയുക്ത റെയ്ഡില്‍ ഒൻപതു കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ്, എക്സൈസ്, നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ്, റെയില്‍വേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
31.46 ഗ്രാം എം.ഡി.എം.എയുമായി എസ്.ആർ.എം റോഡിന് സമീപത്തെ ഹോട്ടലില്‍നിന്ന് ഇടുക്കി മറയൂർ ജവഹർ നഗർ പുളിയനിക്കല്‍ വീട്ടില്‍ സുബിൻ (26), പത്തനംതിട്ട നിരണം മാന്നാർ കൂട്ടംപള്ളിയില്‍ ബിജിൻ എബ്രഹാം (21) എന്നിവരെയും പാലാരിവട്ടത്തിന് സമീപത്തെ ലോഡ്ജില്‍ നിന്ന് 1.53 ഗ്രാം എം.ഡി.എം.എയും 1.50 ഗ്രാം കഞ്ചാവുമായി കൊല്ലം മഞ്ഞപ്പാറ കൊന്നുവിള വീട്ടില്‍ റോഷൻ (20), കൊല്ലം ചടയമംഗലം നൗഷാദ് മൻസില്‍ നജ്മല്‍ (24) തുടങ്ങിയവരെയും പിടികൂടി.
നഗരത്തില്‍ ലഹരി ഉപയോഗവും വില്‍പനയും തടയാൻ ലഹരിവസ്തുക്കള്‍ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തിയാണ് റെയ്ഡ് സംഘടിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി, നാർകോട്ടിക് സെല്‍ എ.സി.പി അബ്ദുല്‍ സലാം, കസ്റ്റംസ് കമീഷണർ പത്മാവതി, സൂപ്രണ്ട് വികേഷ് കുമാർ, വി. വിവേക്, എൻ.സി.ബി അസി. ഡയറക്ടർ വേണുഗോപാല്‍. എക്സൈസ് അസി. കമീഷണർ സുധീർ, റെയില്‍വേ പൊലീസ് ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവർ നേതൃത്വം നല്‍കി.



