Sunday, June 16, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 22 | ബുധൻ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 22 | ബുധൻ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആഗ്രഹം മാത്രം പോരാ, അർഹതയും വേണം
—————————————————————————

സിംഹവും കുറുക്കനും സുഹൃത്തുക്കൾ ആയിരുന്നു. ഒരുമിച്ചാണവർ ഇരപിടിച്ചിരുന്നത്. ഒരു ദിവസം സിംഹം സുഖം പിടിച്ചു കിടപ്പിലായി. അതിനാൽ, ഇര പിടിക്കാനുള്ള ദൗത്യം സിംഹം കുറുക്കനെ ഏല്പിച്ചു. തനിച്ച്, മറ്റൊരു മൃഗത്തെ ആക്രമിച്ചു കീഴടക്കാൻ ശേഷി ഇല്ലാഞ്ഞതിനാൽ, കുറുക്കൻ കഴുതയുടെ അടുക്കൽ ചെന്നു പറഞ്ഞു:
“സിംഹം നിന്നെ മന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുന്നു; പെട്ടെന്നു വരിക”.
ഗുഹയിലെത്തിയ കഴുതയെ, സിംഹം അടിച്ചു കൊന്നു. തുടർന്ന് സിംഹം വെള്ളം കുടിക്കാൻ, അരുവിയിൽ പോയി. കൊതി മൂത്ത കുറുക്കൻ, കഴുതയെ തിന്നാനാരംഭിച്ചു. സിംഹം തിരിച്ചെത്തിയപ്പോൾ, കഴുതയുടെ തലച്ചോറു കാണാനില്ല. സിംഹം ചോദിച്ചു: “കഴുതയുടെ തലച്ചോറെവിടെ?” ഒരു മറു ചോദ്യമായിരുന്നു, കുറക്കൻ്റെ ഉത്തരം: “രാജാവേ, ഇവനു തലച്ചോറുണ്ടായിരുന്നെങ്കിൽ, ഇവിടെ വരുമായിരുന്നോ?” സിംഹത്തിനു സമാധാനമായി.

സ്ഥാനമായാലും, സമ്മാനമായാലും, അത്
അർഹതയുള്ളവർക്കു മാത്രം ലഭിക്കേണ്ടതാണ്. അല്ലെങ്കിൽ പ്രവർത്തന നിലവാരത്തിൽ അപചയം സംഭവിക്കും; പദവിയും ബഹുമതിയും അവമതിക്കപ്പെടും. സ്ഥാനം നേടിയെടുക്കാനുള്ള തൃഷ്ണ, അതു നേടിയെടുത്തതിനു ശേഷമുള്ള പ്രവർത്തന മികവുമായി, ആനുപാതികമായെങ്കിലും ബന്ധപ്പെട്ടിരിക്കണം. എങ്ങനെയെങ്കിലും എന്തെങ്കിലുമാകുന്നവർ, അവസാനം ആരുമാകാതെ അവസാനിക്കും.

എല്ലാം എല്ലാവർക്കും യോജിച്ചതല്ല. ഓരോ സ്ഥലത്തും, അവിടെ ഉപയുക്തരായ ആളുകളാണ് എത്തിച്ചേരേണ്ടത്. സമ്പത്തിൻ്റെയും സൗഹൃദത്തിൻ്റെയും സ്വാധീനത്തിലുടെ മാത്രം, ഏതെങ്കിലും സ്ഥാനത്തെത്തുന്നവർ, പിന്നീടു്, തങ്ങൾ അതിന് അർഹരായിരുന്നില്ലെന്നു സ്വയം തെളിയിക്കും. പെരുമയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തേക്കാൾ, പ്രാപ്തി വെളിവാക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോഴാണു്, ഓരോരുത്തരുടേയും തനതു മഹിമ വെളിപ്പെടുന്നത്. ഒഴിഞ്ഞുകിടക്കുന്ന പദവികളാകും, അയോഗ്യർ വിരാജിക്കുന്ന പദവികളേക്കാൾ ശ്രേഷ്ഠം.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

a

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments