Friday, November 6, 2026
Homeകേരളംവറ്റമത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു

വറ്റമത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ ത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീർ. സുധീറിന്‍റെ ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ ലഭിച്ച 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയാണ് സുധീറും കുടുംബവും ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലെറ്ററിലേക്ക് മാറ്റിയിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് സുധീർ മരിച്ചത്. ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്‍റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽനിന്നും മത്സ്യം വാങ്ങി കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.27 പേർ അന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം. ഇതിൽ സുധീറിന്‍റെ കുടുംബത്തിലെ ബന്ധുക്കൾക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ചാകരയിൽ അടിഞ്ഞ മീനിനൊപ്പം പഴകിയ മീൻ കൂടെ വിൽപ്പനക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം. കൂടാതെ, വറ്റ മത്സ്യം ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ