പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ ഒടുവിൽ നടപടി തുടങ്ങി പൊലീസ്. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് അറസ്റ്റിലായി. ജയകൃഷ്ണൻ പള്ളിക്കൽ ആണ് അറസ്റ്റിലായത്. ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞ സംഭവത്തിൽ പൊലീസുകാർക്ക് പരുക്കേറ്റിരുന്നു
കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂർണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. മറ്റു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്യും. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
ശ്രീനാദേവിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവമുണ്ടായത്. ജൂലായ് 11ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മയും പ്രവർത്തകരും സെല്ലിനുള്ളിലായിരുന്ന രാജൻ ജോസഫിനോട് തട്ടിക്കയറുന്നതും സംസാരിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.



