Friday, October 30, 2026
Homeകേരളംകൊച്ചി ചെല്ലാനം കടൽ തീരസംരക്ഷണ പദ്ധതി; 464 കോടി രൂപയുടെ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ...

കൊച്ചി ചെല്ലാനം കടൽ തീരസംരക്ഷണ പദ്ധതി; 464 കോടി രൂപയുടെ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം: മന്ത്രി അഡ്വ. മോൻസ് ജോസഫ്

കൊച്ചി ചെല്ലാനം തീരദേശ മേഖലയുടെ സംരക്ഷണത്തിനും കടലാക്രമണ പ്രതിരോധത്തിനും വേണ്ടി 464 കോടി രൂപയുടെ പ്രവൃത്തികൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മുഖ്യമന്ത്രി വി. ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അറിയിച്ചു.

രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊച്ചി ചെല്ലാനം തീര സംരക്ഷണം രണ്ടാം ഘട്ടത്തിൽ 6.1 കി.മീറ്റർ ദൂരത്തിൽ ടെട്രാപോഡ് സംരക്ഷണത്തോടു കൂടിയ കടൽഭിത്തി പുനർ നിർമ്മാണമാണ് പ്രധാനമായും നടപ്പാക്കുന്നത്. ഇതുകൂടാതെ കേടുപാട് സംഭവിച്ച് താഴ്ന്നു പോയ കടൽഭിത്തികളുടെ പുനർ നിർമ്മാണം, ബസാർ പുലിമുട്ട് പ്രവൃത്തികൾ, ആർ.സി.സി. നടപ്പാത, സിവിൽ പ്രവൃത്തികൾ, യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കൽ, വൈദ്യുതീകരണം ഉൾപ്പെടെയുളള പ്രവൃത്തികൾ എന്നിവയും നടപ്പിലാക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെല്ലാനം തീരമേഖലയ്ക്ക് 20.90 കി.മീറ്റർ നീളമുണ്ട്. ഇതിൽ കടലിനോട് ചേർന്ന് ആയിരത്തോളം വീടുകൾ ഉണ്ട്. ഭൂസ്വത്തുക്കളുടെ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതി വളരെ സഹായകമാകും. ജലവിഭവ വകുപ്പിന്റെ കീഴിലുളള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെൻറ് കോർപ്പറേഷൻ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ തീരശോഷണം നേരിടുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് ചെല്ലാനം. ഏകദേശം 60 വർഷം പഴക്കമുളള കടൽഭിത്തികളും പുലിമുട്ടുകളും ഇവിടെ പലയിടങ്ങളിലും ജീർണാവസ്ഥയിലുളളതുമാണ്. 6.64 കി.മീറ്റർ കടൽഭിത്തിയും 0.66 കി.മീറ്റർ നീളത്തിൽ 6 പുലിമുട്ടുകളും ഉൾപ്പെടെ 7.30 കി.മീറ്റർ ദൈർഘ്യമുളള ഒന്നാംഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്.

6.1 കി.മീറ്റർ ദൈർഘ്യമുളള ഇപ്പോൾ നടപ്പാക്കുന്ന രണ്ടാംഘട്ട ഭാഗം കൂടി സംരക്ഷിക്കുന്നതിലൂടെ ചെല്ലാനം മേഖലയിലെ തീരശോഷണം പരിഹരിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ 31 രാവിലെ 10 മണിക്ക് കൊച്ചി ചെല്ലാനത്ത് മുഖ്യമന്ത്രി വി. ഡി. സതീശൻ തീരസംരക്ഷണ പദ്ധതി രണ്ടാംഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും.

സമ്മേളനത്തിന്റെ വിജയകരമായ പ്രവർത്തനത്തിന് വേണ്ടി മുഹമ്മദ് ഷിയാസ് എം.എൽ.എ. ജനറൽ കൺവീനറായുളള സംഘാടക സമിതി പ്രവർത്തനം ആരംഭിച്ചു. യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൾ ഗഫൂർ, അനൂപ് ജേക്കബ്, ഹൈബി ഈഡൻ എം.പി., മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ