കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു.
പോരാട്ടമെന്ന വാക്കിന് ഒരു ആൾരൂപമായിരുന്നത് വിഎസ് അച്യുതാനന്ദൻ ആണ്. നാടുവാഴി കാലത്ത് നട്ടെല്ല് ഉയർത്തി മുഷ്ടി ചുരുട്ടിയതിൻ്റെ കരുത്തുമായി നാട്ടിലിറങ്ങി നിന്നതാണ് ആ ചങ്കൂറ്റം. ആ ഓട്ടം കൊണ്ട വരവിൻ്റെ പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താൽ ആർമോദത്താൽആർത്തു വിളിച്ചു. കണ്ണേ കരളേ വി എസ്സേ എന്ന ഒരൊറ്റ മുദ്രാവാക്യം വിളിയിൽ പലരുടെയും സങ്കടങ്ങളൊഴുകി പോയി, ആശ നശിച്ചു പോയ നൂറുനൂറു മനുഷ്യർ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്‍മലകളില്‍ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു.
ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കമ്മയുടെയും മകനായ 1923 ഒക്ടോബർ 20-ന് ജനനം. കുട്ടിക്കാലം മുതൽ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസിൽ അമ്മ അക്കമ്മയെയും 11-ാം വയസിൽ അച്ഛന് ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടർന്ന് മൂത്ത സഹോദരൻ്റെ തുന്നൽക്കടയിൽ സഹായി. പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളി. സഖാക്കളുടെ സഖാവ് പി കൃഷ്ണപിള്ളയുടെ സ്വാധീനം വിഎസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചു. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം. 17-ാം വയസിൽ പാർട്ടി അംഗം. തൊഴിലാളിവർഗ സമരത്തിൻ്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാർ സമരത്തിൻ്റെ മുന്നണിയിൽ വിഎസ് അച്യുതാനന്ദൻ എന്നിവർ കൊടി പൊലീസ് മർദനങ്ങൾ ഏറ്റുവാങ്ങി. 1980 മുതൽ 1992 വരെ 12 വർഷം സി പി ഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി. പാർട്ടി ജയിക്കുമ്പോൾ വിഎസ് തോൽക്കുകയും വിഎസ് ജയിക്കയും പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിൻ്റെ കാലവുമുണ്ടായി വി എസ്സിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ.
96ൽ പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് തോറ്റു. പിന്നീട് മറ്റൊരു വിഎസിനെ കണ്ടത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്ന കാലം ജനകീയ നേതാവിലേക്കുള്ള പരകായ പ്രവേശനത്തിൻ്റെ സമയമാണ്. എൻഡോസൾഫാൻ, കൊക്കകോള സമരം, എന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻ മല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിക്ക് താങ്ങും തണലുമായി എന്നും ആ മനുഷ്യൻ നിന്നു. എൺപത്തി മൂന്നാം വയസിൽ കേരളമുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക് ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടി വന്നതും ചരിത്രം.



