മലയാളികൾ എക്കാലവും ഓർക്കുന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത സ്വപ്നക്കൂട്. 2003ൽ തീയേറ്ററുകളിലെത്തിയ ചിത്രം ഒരു കൂട്ടം യുവാക്കളുടെ ജീവിതമാണ് കാണികൾക്ക് മുന്നിലെത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീരാ ജാസ്മിൻ, ഭാവന തുടങ്ങിയവർ അണിനിരന്ന ചിത്രത്തിലെ ഗാനങ്ങളും മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്.
ഇപ്പോഴിതാ സ്വപ്നക്കൂടിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് കമൽ ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുകയാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാ ഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടത്തിയിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. സിനിമയിലെ പഴയ കഥാപാത്രങ്ങളുടെ കഥ തുടരുന്നതിനുപകരം അതേ പശ്ചാത്തലത്തിൽ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന് മറ്റൊരു കഥ പറയാനായിരുന്നു ആലോചനയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
അടുത്ത സമയത്ത് സ്വപ്നക്കൂടിൻ്റെ രണ്ടാം ഭാഗത്തിൻ്റെ കഥ ഒരാളെ കൊണ്ട് തയ്യാറാക്കിയിരുന്നു. ചിത്രത്തിൽ മീര ജാസ്മിനും ഭാവനയും നടത്തുന്ന ഹോംസ്റ്റേ കേന്ദ്രീകരിച്ച് പുതിയ കഥാപാത്രങ്ങളുടെ ജീവിതം പറയാനായിരുന്നു ആലോചന. അങ്ങനെ പുതിയ കഥാപാത്രങ്ങളിലൂടെ ആ പശ്ചാത്തലത്തിൽ കഥ പറയുന്നതിനെക്കുറിച്ച് ഞാനും ഒരു എഴുത്തുകാരനും ചേർന്ന് ആലോചിച്ചിരുന്നു. പക്ഷേ അത് മുന്നോട്ടുപോയില്ലെന്ന് കമൽ വ്യക്തമാക്കി.



