Thursday, October 15, 2026
Homeകേരളംഅംബേദ്കർ ഗ്രാമം പദ്ധതിയിൽ 546 നഗറുകളുടെ വികസനം പൂർത്തിയായി; പഞ്ചമി ഗ്രാമത്തിന് 40 ലക്ഷം രൂപ

അംബേദ്കർ ഗ്രാമം പദ്ധതിയിൽ 546 നഗറുകളുടെ വികസനം പൂർത്തിയായി; പഞ്ചമി ഗ്രാമത്തിന് 40 ലക്ഷം രൂപ

ദാക്ഷായണി പദ്ധതി: വനിതാ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ സബ്സിഡി

പട്ടികജാതി വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ദാക്ഷായണി പദ്ധതിയിലൂടെ പദ്ധതി ചെലവിന്റെ 75 ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിയമസഭയിൽ അറിയിച്ചു. ഗ്രൂപ്പ് സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപയും വ്യക്തിഗത സംരംഭങ്ങൾക്ക് 3.75 ലക്ഷം രൂപയും സബ്സിഡി ലഭിക്കും. നിയമസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ 2016 മുതൽ 2026 വരെ തിരഞ്ഞെടുത്ത 860 നഗറുകളിൽ 546 എണ്ണത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. പദ്ധതി നിർവഹണത്തിലെ കാലതാമസം ഒഴിവാക്കാൻ ജില്ലാതല സാങ്കേതിക സമിതികളും പ്രതിമാസ അവലോകന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനുള്ള പഞ്ചമി ഗ്രാമം പദ്ധതിയിൽ ഒരു ഗ്രാമത്തിന് 40 ലക്ഷം രൂപ അനുവദിക്കും. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു വർഷം പരമാവധി രണ്ട് ഗ്രാമങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തും. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത പ്രദേശങ്ങൾക്കും ഇതിലൂടെ വികസനസഹായം ലഭ്യമാക്കും.

പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കാൻ രണ്ട് ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയിലൂടെ നടപ്പുവർഷം 5,000 പേർക്ക് ആനുകൂല്യം ലഭ്യമാക്കും. പട്ടികജാതി വിദ്യാർഥികൾക്കായി നാല് പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കാനും നടപടിയെടുത്തിട്ടുണ്ട്.

പിന്നാക്ക വിഭാഗങ്ങളുടെയും അംഗീകൃത മതന്യൂനപക്ഷങ്ങളുടെയും സാമ്പത്തിക ഉന്നമനത്തിനായി നടപ്പാക്കുന്ന സമഗ്ര 2026 പദ്ധതിയിലൂടെ 16,000-ത്തിലധികം ഗുണഭോക്താക്കൾക്ക് 200 കോടിയിലധികം രൂപയുടെ വായ്പ നൽകാനായി.

പട്ടികവർഗ വിദ്യാർഥികളുടെ ഭാഷാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഗോത്രബന്ധു പദ്ധതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി പട്ടികവർഗ ഭവനരഹിതർക്ക് വീടുനിർമിക്കാൻ സർക്കാർ പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. ആദിവാസി മേഖലകളിൽ 17 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ