കൂടത്തായിയിലെ സ്കൂളിൽ വീണ്ടും റാഗിങ് പരാതി. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പത്താം ക്ലാസ് വിദ്യാർഥികൾ ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥി ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ നാല് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം, കേസിൽ ഉൾപ്പെട്ട മൂന്നോളം വിദ്യാർത്ഥികൾ നാളെ സ്കൂളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം കൂടത്തായിയിൽ നിന്നുണ്ടാകുന്ന രണ്ടാമത്തെ റാഗിംഗ് പരാതിയാണിത്.
ഇതിനുമുമ്പ് കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ മർദ്ദിച്ചിരുന്നു. സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിൽ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് സീനിയർ വിദ്യാർത്ഥികളുടെ വിരോധത്തിന് കാരണമായത്. ആരോപണവിധേയരായ രണ്ട് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.



