തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു. ഇന്നും പവന് 240 രൂപ കൂടി 1,12,320 രൂപയും ഗ്രാമിന് 30 രൂപ കൂടി 14,040 രൂപയുമായി.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ഗ്രാമിന് 14,385 രൂപയുമായിരുന്നു. സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു.
അതേസമയം, സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി മുദ്ര പതിപ്പിക്കുന്നതിനുള്ള ഹാൾമാർക്കിങ് നിരക്കും വർധിപ്പിച്ചിരിക്കുകയാണ്. ഒരു ആഭരണത്തിന് 45 രൂപയായിരുന്ന നിരക്ക് 75 രൂപയായാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഉയർത്തിയത്.
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് നിരക്ക് വർധന വ്യക്തമാക്കിയിരിക്കുന്നത്.



