കോടഞ്ചേരി: കൂടത്തായി സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ ഓണാഘോഷത്തിനിടെ ഡ്രസ്‌കോഡ് തർക്കത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ മർദനവും ഭീഷണിയും. സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കെതിരെ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.
സ്‌കൂളിൽ ഓണാഘോഷ ദിവസം ഒരേ കളറിലുള്ള വസ്ത്രം ധരിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് സംഘർഷത്തിലും കയ്യേറ്റത്തിലും കലാശിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിനികൾ ചേർന്ന് വലിച്ചിഴച്ചു കൊണ്ടുപോയി മർദിക്കുകയായിരുന്നു. സി.സി.ടി.വി കാമറ ഇല്ലാത്ത സ്ഥലത്ത് വച്ചായിരുന്നു മർദനം. അക്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂട്ടുകാരികൾക്കും സീനിയർ വിദ്യാർത്ഥിനികളുടെ മർദനമേറ്റു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.



