ഇഎസ്ഐ കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജ് കൊട്ടാരക്കര എഴുകോണിൽ സ്ഥാപിക്കുവാൻ തത്വത്തിൽ അംഗീകാരം – കൊടിക്കുന്നിൽ സുരേഷ് എംപി
കൊട്ടാരക്കര എഴുകോണിൽ ഇഎസ്ഐ കോർപ്പറേഷന്റെ കീഴിൽ ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നിർദേശത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തൊഴിൽ വകുപ്പുമന്ത്രി മൻസൂഖ് മണ്ഡവ്യയെ ഡൽഹിയിൽ നേരിൽ സന്ദർശിച്ച് വിഷയത്തിന്റെ ആവശ്യകതയും പ്രദേശത്തിന്റെ യോഗ്യതയും വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയിൽ നിന്ന് തത്വത്തിലുള്ള ഉറപ്പ് ലഭിച്ചതെന്ന് എംപി വ്യക്തമാക്കി.
ഇഎസ്ഐ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ എഴുകോണിൽ നിലവിലുള്ള ഭൂമിയിലാണ് ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യരംഗത്ത് ജില്ലയ്ക്കും സംസ്ഥാനത്തിനും ഉള്ള ആവശ്യകതകളും പരിഗണിച്ച് തയ്യാറാക്കിയ സമഗ്രമായ നിർദ്ദേശപത്രം മന്ത്രിക്ക് സമർപ്പിച്ചതായും എംപി അറിയിച്ചു. കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിനും അവരുടെ കുടുംബങ്ങൾക്കും ഗുണകരമായ രീതിയിൽ ആയുർവേദ ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും ഒരുമിപ്പിക്കുന്ന മാതൃകാ സ്ഥാപനമാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് ആദ്യമായി ഇഎസ്ഐ കോർപ്പറേഷന്റെ കീഴിൽ ആയുർവേദ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെടുന്നതിലൂടെ കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികൾക്ക് ദേശീയതലത്തിൽ കൂടുതൽ അംഗീകാരം ലഭിക്കുമെന്നും, തൊഴിലാളി ക്ഷേമ പദ്ധതികളുടെ പരിധി വികസിക്കുമെന്നും എംപി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ആയുർവേദ പാരമ്പര്യവും ചികിത്സാരംഗത്തെ കഴിവുകളും ദേശീയ ആരോഗ്യനയവുമായി ബന്ധിപ്പിക്കുന്ന നിർണായക ചുവടുവയ്പായിരിക്കും ഈ സ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്തുത നിർദേശം ഇഎസ്ഐ കോർപ്പറേഷന്റെ അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ പരിഗണിച്ച് ഔദ്യോഗിക തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും എംപി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം ജില്ലയിലും സമീപ പ്രദേശങ്ങളിലും ഉയർന്ന വിദ്യാഭ്യാസത്തിനും ആരോഗ്യ സൗകര്യങ്ങൾക്കും വലിയ ഉത്തേജനം നൽകുന്ന പദ്ധതിയായിരിക്കും ഈ ആയുർവേദ മെഡിക്കൽ കോളേജ്. പ്രാദേശിക യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങളും, ഗവേഷണ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനൊപ്പം, എഴുകോണിനെ ഒരു ദേശീയ ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമായി ഉയർത്താനുള്ള വഴിയൊരുക്കുമെന്നും എംപി പറഞ്ഞു.



