കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 105 വയസ്സിൽ ഡിജി സാക്ഷരത നേടിയ എറണാകുളം ആശമന്നൂർ സ്വദേശി അബ്ദുള്ള മൗലവി ബാഫഖി മുഖ്യമന്ത്രിയുമായി വീഡിയോ കോളിൽ സംസാരിച്ചു.
അബ്ദുല്ല മൗലവിയെ പോലുള്ളവരാണ് സർക്കാരിൻ്റെ കരുതെന്ന് വീഡിയോ കോളിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒപ്പം സെൽഫിയും എടുത്തു. ഇത് അഭിമാന മുഹൂർത്തത്തിന്റെ സന്ദർഭം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്താകെയുള്ള മലയാളികൾ അഭിമാന പുളകിതമാകുന്ന നേട്ടമാണ് നമ്മുടെ നാട് നേടിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം എന്ന നിലയിലേക്ക് കേരളം ഉയർന്നിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നു.
നാം നേടിയ സമ്പൂർണ്ണ സാക്ഷരത രാജ്യത്തിന് മാതൃകയായിരുന്നു. എങ്ങനെ ഇതുപോലെയുള്ള നേട്ടങ്ങൾ കേരളത്തിന് സ്വന്തമാക്കാൻ കഴിയുന്നു എന്നുള്ളത് പലരും ആശ്ചര്യപ്പെടാറുണ്ട് . അത് നമുക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതയാണ്. 1991 ഏപ്രിൽ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനം നടത്തുമ്പോൾ അന്ന് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ ആയിരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾക്ക് നാടാകെ ഒന്നായി നീങ്ങേണ്ടതുണ്ട്. എല്ലാവരെയും സഹകരിപ്പിക്കുകയും ഉൾച്ചേർക്കുകയും വേണം. ആ ദൗത്യം കൃത്യമായി ഏറ്റെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ് അന്ന് അത് വിജയിച്ചത് .
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മാറിയത്. പുല്ലമ്പാറയിലെ ഓരോ വീട്ടിലും എത്തി വയോധികർക്കും വീട്ടമ്മമാർക്കും സാധാരണക്കാർക്കും പരിശീലനം നൽകാൻ സാധിച്ചത് അവിടത്തെ ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ്. കമ്പ്യൂട്ടറും മൊബൈലും വേണ്ടത്ര പരിചയിച്ചിട്ടില്ലാത്ത അവിടുത്തെ സാധാരണ ജനങ്ങൾ ഇന്ന് സ്വന്തമായി ഓൺലൈൻ വഴി ബില്ലുകൾ അടയ്ക്കുന്നു.
മറ്റ് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്നു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കാട്ടിത്തന്ന ഈ മാതൃകയിലൂടെയാണ് ഇന്ന് കേരളം മുഴുവൻ ഈ നേട്ടം കൈവരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ദൈനംദിന കാര്യങ്ങൾക്കായി കമ്പ്യൂട്ടർ മൊബൈൽഫോൺ ഇൻറർനെറ്റ് എന്നിവ ഉപയോഗിക്കാൻ ഇന്റർനെറ്റിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടാനുമുള്ള കഴിവാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡമായി ഉയരുന്നത്. അത് ഇപ്പോഴും ലോകത്ത് ചെറിയൊരു ശതമാനത്തിന് മാത്രം സാധിക്കുന്ന കാര്യമാണ്.
രാജ്യത്തിൻറെ കണക്കെടുത്താൽ 38 ശതമാനം കുടുംബങ്ങൾ മാത്രമാണ് ഡിജിറ്റൽ സാക്ഷരത നേടിയിട്ടുള്ളത്. ഇതു മനസ്സിലാക്കുമ്പോഴാണ് കേരളം ഉയർത്തിപ്പിടിച്ച് നേട്ടത്തിന്റെ വലിപ്പം എത്ര വലുതാണ് എന്ന് തിരിച്ചറിയാൻ നമുക്കാകുന്നത്. മഹത്തരമായ ഈ നേട്ടം നമ്മുടെ രാജ്യത്തിന് ആകെ മാതൃക കാട്ടുന്നു എന്നത് സത്യസന്ധമായ കാര്യം. ഈ നേട്ടം കൈവരിക്കുന്നതിനായി ശ്രമകരമായ പ്രവർത്തനമാണ് കേരളം നടത്തിയത് എന്നും അദ്ദേഹം വേദിയിൽ പറഞ്ഞു.
വലിയൊരു വിഭാഗം ജനത ഇതിൽ പങ്കാളികളായി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച യുവതലമുറയുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഒന്നുകൂടി പറയാതിരിക്കാൻ കഴിയില്ല. കേരളത്തിലെ യുവതി യുവാക്കളുടെ പ്രതിബദ്ധതയാർന്ന പ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ഈ നേട്ടം ഒരിക്കലും യാഥാർത്ഥ്യമാകുമായിരുന്നില്ല. യുവജനങ്ങളുടെ ആത്മാർത്ഥമായ ഇടപെടൽ ഈ പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. സ്വന്തം വീടുകളിലും അയൽപക്കങ്ങളിലും സാങ്കേതികവിദ്യയും പിന്നോട്ട് നിൽക്കുന്നവരെ കണ്ടുപിടിച്ച് കൈപിടിച്ച് മുന്നോട്ടുകൊണ്ടുവരാൻ അവർ സമയം കണ്ടെത്തി. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ സമൂഹത്തിനായി അവർ ചെയ്ത സേവനം പ്രശംസ അർഹിക്കുന്നതാണ്.
കേരളത്തിന്റെ യുവശക്തിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണിത്. പല ഘട്ടത്തിൽ നമ്മുടെ നാട് അത് അനുഭവിച്ചിട്ടുള്ളതാണ്. ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ അതിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളതാണ് സർക്കാറിന്റെ നയം. എന്തെങ്കിലും പരിമിതിയുടെ പേരിൽ ഒരു പ്രദേശമോ ഒരു വിഭാഗമോ ഉൾപ്പെടാതെ പോകരുത് എന്ന കാര്യത്തിൽ സർക്കാറിന് നിർബന്ധമുണ്ട്.
ഈ പദ്ധതിയിലും ഇതേ കാഴ്ചപ്പാടാണ് സർക്കാറും പുലർത്തിയത്. അതുകൊണ്ടാണ് ഇടമലക്കുടി അട്ടപ്പാടി തുടങ്ങിയ ആദിവാസി മേഖലകൾ മികച്ച വിജയം നേടിയത്. ഈ നേട്ടം ഒരു തുടക്കം മാത്രമാണ്, ഇത് ഇവിടംകൊണ്ട് അവസാനിപ്പിക്കുകയല്ല. ഇവിടെ നിന്നും രണ്ടാംഘട്ടത്തിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് നമ്മൾ കടക്കുകയാണ്. അതിൻറെ ഭാഗമായി എല്ലാവരുടെയും സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്തത് ഡിജിലോക്കറുമായി ബന്ധിപ്പിക്കും.
സർക്കാർ ഏറ്റെടുത്തതോടെ ഇത്തരമൊരു സംവിധാനം സാർവത്രികമായി ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറാൻ പോകുന്നു. ഡിജിറ്റൽ സാക്ഷരതയോടെ സൈബർ ക്രൈമുകളും സോഷ്യൽ മീഡിയ ദുരുപയോഗം എന്നിവ തിരിച്ചറിയുന്നതിനും അവർ തടയുന്നതിനുള്ള പരിശീലനവും നൽകുകയാണ്. ഡിജിറ്റൽ സാക്ഷരത എന്ന സങ്കല്പത്തിൽ എല്ലാ അർത്ഥത്തിലും ഉള്ള തുടർച്ച ഉറപ്പാക്കുകയാണ് നാം. ഡിജിറ്റൽ സാക്ഷരത നേടിയതുകൊണ്ട് എല്ലാമായി എന്ന് കരുതാനാകില്ല. ഇൻറർനെറ്റ് അവകാശമാക്കി മാറ്റുന്നതിനപ്പുറത്ത് എല്ലാവർക്കും ലഭ്യമാക്കാനുള്ള സാഹചര്യമാണ് കേരളം നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെ എല്ലാ സേവനങ്ങളും ഭൂരിഭാഗം പേരും ഓൺലൈൻ തന്നെയാണ് നിർവഹിക്കുന്നത്. അതാണ് കേരളത്തിൽ വന്നിട്ടുള്ള മാറ്റം. ഇതാണ് റിയൽ കേരള സ്റ്റോറി .പ്രവാസി മലയാളികൾക്ക് നാട്ടിലെത്തി തന്നെ ചില സർക്കാർ സേവനങ്ങൾ ലഭ്യതയുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
നൂതന സമൂഹത്തെയും രൂപപ്പെട്ടുവന്ന ഡിജിറ്റൽ സമസ്ത മേഖലകളിലും കാര്യക്ഷമമായി സംസ്ഥാന സർക്കാർ ഇടപെടുകയാണ്. നാം ഒരു വൈജ്ഞാനിക ന്യൂജനസമൂഹം കെട്ടിപ്പടുക്കാൻ ആണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.



