കൊല്ലം: ഹൈദരാബാദിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിൽ നിന്ന് പൂജയുടെ പേരിൽ 9.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോരുവഴി വള്ളിയത്ത് പുത്തൻ വീട്ടിൽ പ്രസാദ് (48) ആണ് ശൂരനാട് പോലീസിൻ്റെ പിടിയിലായത്.
കുടുംബത്തിൻ്റെ നാട്ടിലെ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു പ്രസാദ്. കുടുംബനാഥന് ശത്രുദോഷങ്ങളുണ്ടെന്നും ഉടൻ പൂജകൾ ചെയ്തില്ലെങ്കിൽ ദുർമരണം സംഭവിക്കുമെന്നും കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്.
പൂജകൾക്കായി നാല് ലക്ഷത്തിലധികം രൂപ ഓൺലൈനായി കൈപ്പറ്റി. പിന്നീട്, കൂടുതൽ പൂജകൾക്കായി കുടുംബത്തെ ഇയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഞ്ചര ലക്ഷം രൂപ കൂടി വാങ്ങി. പണം കൈപ്പറ്റിയ ശേഷം ഇയാൾ ജോലി ഉപേക്ഷിച്ചു. തട്ടിപ്പ് മനസ്സിലാക്കിയ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ശൂരനാട് സിഐ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ ആറ് കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.



