Wednesday, October 9, 2024
Homeകേരളംകേരളത്തിൽ ഏറ്റവും കൂടുതല്‍ വിവാഹങ്ങൾ നടക്കുന്ന മുഹൂർത്തമായിരിക്കും2024 സെപ്തംബർ 8: ഗുരുവായൂരിൽ 328 വിവാഹങ്ങൾ നടക്കും

കേരളത്തിൽ ഏറ്റവും കൂടുതല്‍ വിവാഹങ്ങൾ നടക്കുന്ന മുഹൂർത്തമായിരിക്കും2024 സെപ്തംബർ 8: ഗുരുവായൂരിൽ 328 വിവാഹങ്ങൾ നടക്കും

സെപ്തംബർ 8ന് എല്ലായിടത്തും കല്യാണമാണ് ഈ ദിവസം. ഗുരുവായൂരിൽ മാത്രം 328 വിവാഹങ്ങളാണ്  നടക്കുക. ഗുരുവായൂരിന്റെ തന്നെ റെക്കോർഡ് ഭേദിക്കും ഇത്. മുമ്പ് ഗുരുവായൂരിൽ ഏറ്റവുമധികം വിവാഹം നടന്നിട്ടുള്ളത് 2017 ഓഗസ്റ്റ് 27 ഞായറാഴ്ചയായിരുന്നു.277 വിവാഹങ്ങളാണ് അന്ന് നടന്നത്.

സെപ്തംബർ മാസങ്ങളിൽ ഗുരുവായൂരിൽ കൂടുതൽ വിവാഹങ്ങൾ നടക്കാറുണ്ട്. ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള അവധി ദിവസം ഏതാണോ ആ ദിവസം വിവാഹങ്ങൾ കൂടുതലായിരിക്കും. ചിങ്ങമാസത്തിന് ഹിന്ദുമത വിശ്വാസികൾ കൊടുക്കുന്ന പ്രാധാന്യം ഇതിനൊരു കാരണമാണ്. ശുഭ കാര്യങ്ങൾ നടത്താൻ മികച്ച സമയമായി ചിങ്ങമാസത്തെ കാണുന്നുണ്ട് ഹൈന്ദവർ.

രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകളാണ് വിവാഹ മുഹൂർത്തത്തിന് ഉത്തമം. സെപ്തംബർ 8 ചിങ്ങത്തിലെ ചോതി നാളാണ്. (സെപ്തംബർ 7 ഉച്ചയ്ക്ക് 12:34 മുതൽ സെപ്തംബര്‍ 8 ഉച്ചതിരിഞ്ഞ് 03:31 വരെയാണ് ചോതി). വിവാഹത്തിന് ഏറ്റവും ഉത്തമമാണ് ഈ നാൾ. ഇതിന് തൊട്ടു മുമ്പ് വരുന്ന ഞായർ സെപ്തംബർ 1 ആണ്. ആയില്യം നാളാണിത്. വിവാഹത്തിന് ഒട്ടും നല്ലതല്ലാത്ത നാളായാണ് ആയില്യം കണക്കാക്കപ്പെടുന്നത്.

അശ്വതി, ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, പൂരം, വിശാഖം,തൃക്കേട്ട, പൂരാടം, ചതയം, പൂരുരുട്ടാതി എന്നീ നാളുകളും പൊതുവെ വിവാഹത്തിന് പറ്റിയതല്ലെന്ന് ജ്യോതിഷ പണ്ഡിതർ പറയുന്നു.

സെപ്തംബറിൽ തന്നെയുള്ള മറ്റ് ഞായറുകൾ 15, 22, 29 എന്നീ തീയതികളിലാണ്. ഇതിൽ സെപ്തംബർ 15 ഓണമാണ്. തിരുവോണം ഗുണത്തിൽ മധ്യമമായാണ് ജ്യോതിഷ പണ്ഡിതർ കാണുന്നത്. എടുക്കേണ്ടവർക്ക് എടുക്കാം. എങ്കിലും അന്നത്തെ ദിവസം വിവാഹത്തിന് അധികമാരും എടുക്കാറില്ല.

ചിങ്ങത്തിലെ തിരുവോണ നാളിൽ ആരാണ് വീടിനു പുറത്തുനിന്ന് സദ്യ കഴിക്കുക?മറ്റൊരു തീയതിയുള്ളത് സെപ്തംബർ 22നാണ്. ഇത് വിവാഹത്തിനോ അനുയോജ്യമല്ലാത്ത കാർത്തിക നാളിൽ വരുന്നു. മാത്രവുമല്ല കന്നിമാസത്തിലേക്ക് മാറുകയും ചെയ്തു. ചിങ്ങം കഴിഞ്ഞതിനാൽ ഈ തീയതിക്ക് പ്രസക്തിയില്ല.

സെപ്തംബർ എട്ടിനുള്ള മറ്റൊരു വിശേഷം അത് ശുക്ലപക്ഷ പഞ്ചമിയാണ് എന്നതാകുന്നു. സെപ്തംബർ 7ന് വൈകീട്ട് 05:37ന് തുടങ്ങുന്ന ഈ തിഥി അവസാനിക്കുന്നത് സെപ്തംബർ 8ന് 07:58നാണ്. ലക്ഷ്മീപ്രസാദമുള്ള ദിവസം കൂടിയാണിത്. ശുക്ലപക്ഷത്തിലെ അഞ്ചാം തിഥി അഥവാ ശുക്ലപക്ഷ പഞ്ചമി വിവാഹത്തിന് എത്രയും ഉത്തമമാണ്.

മറ്റ് പല ഘടകങ്ങളും വിവാഹ മുഹൂർത്തം ഇങ്ങനെ ഒരുമിച്ച് വരുന്നതിനെ സ്വാധീനിക്കാറുണ്ട്. വധൂവരന്മാർ ജനിച്ച മലയാള മാസത്തിൽ വിവാഹം പാടില്ല എന്നാണ് ജ്യോതിഷതത്ത്വം. വിവാഹസമയവും കുട്ടികളുണ്ടാകുന്ന സമയവുമെല്ലാം പലർക്കും വ്യത്യസ്തമാണെന്ന് തോന്നാമെങ്കിലും ഒരുമിച്ച് വിവാഹമുഹൂര്‍ത്തം വരുന്നതുപോലെ മറ്റെല്ലാത്തിനും ഒരു പൊതുകാലക്രമം ഉണ്ടാകും. ഇങ്ങനെയുള്ള പരിഗണനകൾ പലത് വെച്ച് ഒഴിവാക്കുന്ന മുഹൂർത്തങ്ങൾക്കൊടുവിൽ കിട്ടുന്ന മുഹൂർത്തത്തിൽ കൂടുതൽ വിവാഹങ്ങളും വരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments