നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപന നടത്തിവന്ന കോളേജ് അധ്യാപകനും കൂട്ടുപ്രതികളും പോലീസിന്റെ പിടിയിലായി. മമ്പാട് കോളേജിലെ അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, സഹപ്രതികളായ റീന ടി. എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും പോലീസ് ആദ്യം പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അധ്യാപകനായ സുഹൈൽ, വിവേകിനും റീനക്കും സ്ഥിരമായി എം.ഡി.എം.എ നൽകുന്നുണ്ടെന്ന നിർണായക വിവരം ലഭിച്ചത്.
തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ ആഴത്തിലുള്ള അന്വേഷണത്തിൽ, അധ്യാപകൻ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അധ്യാപകനായി ജോലി ചെയ്തു വരികയാണ് പിടിയിലായ സുഹൈൽ.
കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയിരുന്നതെന്നും താൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



