തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രി സംസ്ഥാനത്തെ പലയിടങ്ങളിലായി ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണമുണ്ടായി.
രാത്രി 10 നും 1.30 നും ഇടയ്ക്കാണ് തുടർച്ചയായി ഒരു മണിക്കൂർ ലോഡ് ഷെഡ്ഡിങ്.
വൈകിട്ട് 6.30 നും രാത്രി ഒന്നിനും ഇടയില്‍ 25 മിനിറ്റ് വീതം രണ്ട് തവണകളിലായാണ് പവർകട്ട് ഏർപ്പെടുത്തിയിരുന്നത്. ഇത് ഇന്നലെ പലയിടങ്ങളിലും ഒരു മണിക്കൂർ തുടർച്ചയായി എന്ന നിലയിലേക്ക് എത്തി. ചിലയിടങ്ങളില്‍ രാത്രി തുടങ്ങിയ വൈദ്യുതി നിയന്ത്രണം പുലർച്ചെ ഒന്നര വരെ നീണ്ടു.
മുഖ്യമന്ത്രി വി.ഡി.സതീശൻ വൈദ്യുതി നിയന്ത്രണത്തില്‍ ഉടൻ പരിഹാരമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാഴ് വാക്കായി. സെപ്റ്റംബർ 15 ഓടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പരിഹാരം കാണുമെന്നാണ് കഴിഞ്ഞ ആഴ്ചയിലെ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ 15 ന് ശേഷം സ്ഥിതി കൂടുതല്‍ സങ്കീർണമാകുകയാണ് ചെയ്തത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ മാസം മുഴുവൻ തുടരും. തുലാവർഷ മഴയുടെ അളവ് കുറഞ്ഞാല്‍ ഒക്ടോബറിലും വൈദ്യുതി നിയന്ത്രണം വേണമെന്ന നിലപാടിലാണ് സർക്കാർ.



