പാലാ: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം പാലായിൽ ജൂലൈ എട്ടിന് ആരംഭിക്കുമെന്ന് ഇടതു നേതാക്കൾ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഖാവ് പുഷ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ) നടക്കുന്ന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് സി വസീഫ് ഉദ്ഘാടനം ചെയ്യും. ജൂലൈ 11ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന യുവജനറാലിയും പൊതുസമ്മേളനവും സഖാവ് എ വി റസൽ നഗറിൽ (കൊട്ടാരമറ്റം ബസ്റ്റാൻഡ്) ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും.
ജൂലൈ എട്ടിന് വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക കൊടിമര ജാഥകൾ വൈകുന്നേരം അഞ്ചുമണിക്ക് മരിയൻ ജംഗ്ഷനിൽ സംഗമിച്ച് വൈകിട്ട് ആറുമണിക്ക് പൊതുസമ്മേളന നഗറായ സഖാവ് എ വി റസൽ നഗറിൽ പതാക ഉയർത്തും.
ജൂലൈ 9ന് സഖാവ് പുഷ്പൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിനുള്ള രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കും. പതാക ഉയർത്തൽ പുഷ്പാർച്ചന, രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം എന്നിവയ്ക്കുശേഷം സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ് സ്വാഗതമാശംസിക്കുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പ്രവർത്തനം റിപ്പോർട്ടും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.
വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ബി മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അഡ്വ. റെജി സക്കറിയ, ഗായത്രി വർഷ എന്നിവർ സംസാരിക്കും.
ജൂലൈ 10ന് പൊതു ചർച്ച തുടരും. തുടർന്ന് മറുപടിയും ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരണവും, പ്രമേയങ്ങളുടെ അവതരണങ്ങളും, തെരഞ്ഞെടുപ്പുകളും നടക്കും.
എം ഷാജർ, ആർ ശ്യാമ,ഡോ. ഷിജു ഖാൻ എന്നിവർ പങ്കെടുക്കും.
ജൂലൈ 11ന് വൈകുന്നേരം നാലിന് യുവജന റാലി നടക്കും. അഞ്ചുമണിക്ക് സഖാവ് എ വി റസൽ നഗറിൽ (കൊട്ടാരമറ്റം ബസ്റ്റാൻഡ്) നടക്കുന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ കോട്ടയം ജില്ലാ പ്രസിഡൻറ് അഡ്വ. ബി. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിക്കും. ടി ആര്‍ രഘുനാഥൻ, കെ അനിൽകുമാർ, ജെയ്ക്ക് സി തോമസ്, ലാലിച്ചൻ ജോർജ് ,സജേഷ് ശശി, അഡ്വ. വിഷ്ണു എൻ ആർ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിക്കും.
രാത്രി 7 മണിക്ക് കോഴിക്കോട് ഫ്ലോട്ടിങ് തിയേറ്റർ അവതരിപ്പിക്കുന്ന നാടകം “മിസ”
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്, സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി, ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.



